ന്യൂയോർക്ക്: ലൈംഗികപീഡനക്കേസിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശസ്ത എഴുത്തുകാരി ഇ. ജീൻ കാരോളിന് 5.63 ദശലക്ഷം ഡോളർ (47 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകി. കാരോളിനെ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്നും അപകീർത്തിപ്പെടുത്തിയെന്നും 2023-ൽ ഒരു ജൂറി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവിലൂടെയാണ് തുക കൈമാറിയത്.
കോടതിയുടെ മേൽനോട്ടത്തിലുള്ള അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന ഈ തുക, ട്രംപിന്റെ എതിർപ്പുകളെ മറികടന്ന് കാരോളിന്റെ അഭിഭാഷകരുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ജൂറി വിധിച്ച അഞ്ച് ദശലക്ഷം ഡോളറും അതിന്റെ പലിശയും ചേർത്താണ് നിലവിൽ 5.63 ദശലക്ഷം ഡോളർ നൽകിയത്. കേസുമായി ബന്ധപ്പെട്ട് ട്രംപിൽനിന്ന് കാരോളിന് ലഭിക്കുന്ന ആദ്യത്തെ തുകയാണിത്.
1996-ൽ മാൻഹട്ടനിലെ ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെ ഡ്രസ്സിങ് റൂമിൽവെച്ച് ട്രംപ് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കാരോളിന്റെ പരാതി. ആരോപണങ്ങൾ നിഷേധിച്ച ട്രംപ്, കാരോളിന്റെ വാദങ്ങൾ കള്ളമാവും പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രമാണെന്നും ആരോപിച്ചു. കേസിൽ കഴിഞ്ഞമാസം ട്രംപ് നൽകിയ അപ്പീൽ യു.എസ്. സുപ്രീം കോടതി തള്ളിയതോടെയാണ് തുക കൈമാറാൻ വഴിയൊരുങ്ങിയത്.
തുക കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് ട്രംപിന്റെ അഭിഭാഷകർ നേരത്തേ അപ്പീൽ കോടതിയെ സമീപിച്ചിരുന്നു. കാരോൾ ഈ തുക മറ്റാർക്കോ ദാനംചെയ്യാനുള്ള നീക്കമാണെന്നും അങ്ങനെ ചെയ്താൽ പിന്നീട് കേസിൽ അനുകൂല വിധി വന്നാലും പണം തിരിച്ചെടുക്കാൻ കഴിയില്ലെന്നുമായിരുന്നു ട്രംപിന്റെ വാദം. എന്നാൽ, വിരമിക്കൽ കാലത്തെ ആവശ്യങ്ങൾക്കായി ഈ പണം ബാങ്കിൽ നിക്ഷേപിക്കുമെന്നാണ് കാരോൾ കോടതിയെ അറിയിച്ചത്.
Published: 15 Jul 2026, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented