വാഷിങ്ടൺ: വധശിക്ഷ നടപ്പാക്കുന്നതിനായി മാരകമരുന്നിന്റെ രണ്ടു ഡോസുകൾ ശരീരത്തിലേക്കുകയറ്റി. പക്ഷേ, അവരുടെ ഹൃദയം നിലച്ചില്ല. മരണത്തിന്റെ പടിവാതിൽക്കലെത്തി ജീവിതത്തിലേക്ക് തിരികെനടന്നു. വിഷമരുന്ന് കുത്തിവെച്ചതിന് പിന്നാലെ ക്രിസ്റ്റ പൈക്ക് അബോധാവസ്ഥയിലായതായി അവരുടെ അഭിഭാഷകർ അറിയിച്ചിരിക്കുകയാണിപ്പോൾ. ആരോഗ്യസ്ഥിതി ഗുരുതരമായതിന് പിന്നാലെ ക്രിസ്റ്റ ഇപ്പോൾ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ക്രിസ്റ്റയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ് വിദഗ്ധസംഘം.

To advertise here,

പൈക്കിന്റെ സിരകൾ കണ്ടെത്തി വിഷമരുന്ന് കുത്തിവെക്കാൻ അധികൃതർ ഏഴോളം സൂചികൾ ഉപയോഗിച്ച് ശ്രമിച്ചതായി അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ ഒരു സൂചി 90 ഡിഗ്രി വളഞ്ഞ അവസ്ഥയിലായിരുന്നു. മരുന്ന് നൽകിയ സമയത്ത് പൈക്ക് വേദനകൊണ്ട് കരയുകയും ശബ്ദമുണ്ടാക്കുകയും ചെയ്തതായി അഭിഭാഷകർ വ്യക്തമാക്കി.

പൈക്കിന് രക്തം കട്ടപിടിക്കുന്ന പ്രത്യേക ശാരീരികാവസ്ഥയും നേർത്ത സിരകളുമാണ് ഉണ്ടായിരുന്നത്. കുത്തിവെച്ച മരുന്ന് സിരകളിലൂടെ രക്തത്തിൽ കലരുന്നതിന് പകരം ചർമ്മത്തിന് അടിയിലുള്ള കോശങ്ങളിലേക്ക് പടർന്നതാകാം മരണം സംഭവിക്കാതിരിക്കാൻ കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

നിലവിൽ ശരീരത്തിൽ കുത്തിവെച്ച മാരക മരുന്നായ പെന്റോബാർബിറ്റാൽ പുറന്തള്ളാനും ജീവൻ രക്ഷിക്കാനും ആശുപത്രി ജീവനക്കാർ ശ്രമിച്ചുവരികയാണ്. വിഷമരുന്ന് നൽകാനുള്ള ശ്രമത്തിനിടെ സിരകൾ പൊട്ടിയതിന്റെ ലക്ഷണമായി ഇവരുടെ കയ്യിൽ കുമിളകൾ കണ്ടതായുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. 

വധശിക്ഷ പരാജയപ്പെട്ടതിനെത്തുടർന്ന് ടെന്നസി ഗവർണർ ബിൽ ലീ സംഭവത്തിൽ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുകയും സംസ്ഥാനത്തെ വധശിക്ഷകൾ താത്കാലികമായി നിർത്തിവെക്കുകയും ചെയ്തു. ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ ഒഴിവാക്കി നൽകണമെന്നും തെളിവുകൾ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകർ അടിയന്തര ഹർജി നൽകിയിട്ടുണ്ട്.

അമേരിക്കയിലെ ടെന്നസിയിൽ പ്രാദേശിക സമയം ബുധനാഴ്ച വൈകീട്ടാണ് വധശിക്ഷ നടപ്പാക്കുന്നതിനിടെ ഈ അത്യപൂർവസംഭവമുണ്ടായത്. നാഷ്‌വില്ലിലെ റിവർബെൻഡ് മാക്‌സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റിയൂഷനിലാണ് അൻപതുകാരി ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നിശ്ചയിച്ചിരുന്നത്. പെന്റോബാർബിറ്റലിന്റെ ആദ്യ ഡോസ് നൽകിയിട്ടും ജീവൻ നഷ്ടമായില്ല. അതോടെ രണ്ടാമത്തെ ഡോസ് നൽകി. ബോധം നഷ്ടപ്പെട്ടെങ്കിലും ശ്വാസമെടുക്കുകയും കൂർക്കംവലിക്കുകയും ചെയ്യുന്ന ശബ്ദംകേട്ടു. ഇതോടെ അധികൃതർ കോടതിയെ സമീപിച്ച് വധശിക്ഷാനടപടികൾ നിർത്തിവെച്ച് അടിയന്തര വൈദ്യസഹായംനൽകി നാഷ്വില്ലിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

1996ൽ 19-കാരിയായ കൊളീൻ സ്ലെമ്മറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് വധശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടക്കുമ്പോൾ 18 വയസ്സായിരുന്നു പൈക്കിന്റെ പ്രായം. തൊഴിൽ പരിശീലനകേന്ദ്രത്തിൽ പരിചയപ്പെട്ട സ്ലെമ്മറെ കാമുകൻ ടഡറൽ ഷിപ്പും പൈക്കും ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിൽ പങ്കാളിയായ കാമുകൻ ടാഡാരിൽ ഷിപ്പിന് അന്ന് 17 വയസ്സ് മാത്രമായിരുന്നതിനാൽ ജീവപര്യന്തം തടവുശിക്ഷയാണ് ലഭിച്ചത്. ക്രിസ്റ്റയുടെ വധശിക്ഷയ്ക്ക് കോടതി ആദ്യം സ്റ്റേ അനുവദിച്ചെങ്കിലും സുപ്രീംകോടതി അതു നീക്കിയതോടെ നടപടി പുനരാരംഭിക്കുകയായിരുന്നു. മാരകമരുന്ന് നൽകിയശേഷവും ഒരാൾ ജീവനോടെ തുടരുന്ന സംഭവം അത്യപൂർവമാണ്. കഴിഞ്ഞ 200 വർഷത്തിനിടെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏക വനിതയാണ് ക്രിസ്റ്റ പൈക്ക്.

ജീവൻ രക്ഷപ്പെട്ടാൽ വധശിക്ഷ വീണ്ടും നടപ്പാക്കുമോ?

പരാജയപ്പെട്ട വധശിക്ഷാ ശ്രമത്തിന് ശേഷം അധികൃതർ വീണ്ടും ശിക്ഷ നടപ്പാക്കാൻ ശ്രമിക്കുമോ എന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ മുൻമാതൃകകൾ പ്രകാരം രണ്ടാം വധശിക്ഷാ ശ്രമം നിയമപരമായി സാധ്യമാണ്.അടുത്ത ഗവർണർ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ സെനറ്റർ മാർഷ ബ്ലാക്ക്ബേൺ താൻ അധികാരത്തിൽ വന്നാൽ വധശിക്ഷ വീണ്ടും നടപ്പാക്കാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പൈക്കിന്റെ ആരോഗ്യനില വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കിലോ, ഈ സംഭവത്തെത്തുടർന്ന് ശിക്ഷയുടെ കാരണം എന്താണെന്ന് സ്വയം തിരിച്ചറിയാനുള്ള മാനസിക ശേഷി നഷ്ടപ്പെടുകയോ ചെയ്താൽ, അമേരിക്കൻ സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പ്രകാരം വീണ്ടും വധശിക്ഷ നടപ്പാക്കുന്നത് നിയമവിരുദ്ധമാകും. പരാജയപ്പെട്ട വധശിക്ഷാ ശ്രമം ഭരണഘടനയുടെ എട്ടാം ഭേദഗതി പ്രകാരം 'ക്രൂരവും അസാധാരണവുമായ ശിക്ഷാവിധി' എന്ന പരിധിയിൽ വരുമെന്നും അതിനാൽ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു നൽകണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.