ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെയും നടപടികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആർ.കെ. സിങ്. രാജ്യവ്യാപകമായി എസ്.ഐ.ആർ നടപ്പാക്കിയത് നിയമവിരുദ്ധമാണെന്നും ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുന്നതിന് പകരം ക്രിമിനൽ കേസ് ഫയൽ ചെയ്യുകയാണ് വേണ്ടതെന്നും സിങ് ആവശ്യപ്പെടുന്നു.
ഇന്ത്യക്കാർക്കുള്ള തുറന്ന കത്ത് എന്ന തലക്കെട്ടിൽ ‘എക്‌സി’ലൂടെയാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. എസ്.ഐ.ആർ. പ്രക്രിയയിലെയും തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിലെയും നിയമലംഘനങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ജനപ്രാതിനിധ്യ നിയമത്തിലെ (Representation of the People Act, 1950) സെക്ഷൻ 21 പ്രകാരം പ്രത്യേക സാഹചര്യങ്ങളിൽ വിരലിലെണ്ണാവുന്ന മണ്ഡലങ്ങളിൽ മാത്രമാണ് വോട്ടർ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (SIR) നടത്താൻ വ്യവസ്ഥയുള്ളതെന്നും രാജ്യവ്യാപകമായി ഇത് നടപ്പാക്കിയത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
അപ്പീലുകൾ നിലനിൽക്കെ മുൻ വോട്ടർ പട്ടികയ്ക്ക് പകരം വെട്ടിത്തിരുത്തിയ പുതിയ പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയത് നിയമവിരുദ്ധമാണ്. സെക്ഷൻ 22 പ്രകാരം ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് (ഇആർഒ) മാത്രമേ വോട്ടർമാരുടെ പേര് വെട്ടാൻ അധികാരമുള്ളൂ. എന്നാൽ, അന്വേഷണമോ കാരണം കാണിക്കൽ നോട്ടീസോ നൽകാതെ 2003-ന് ശേഷം ചേർത്ത വോട്ടർമാരുടെ പേരുകൾ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി ഒഴിവാക്കിയതായി കത്തിൽ പറയുന്നു.
മറ്റ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരുടെ എതിർപ്പ് മറികടന്ന് ഗ്യാനേഷ് കുമാർ ഫോം 6-ൽ പുതിയ അനുബന്ധം കൂട്ടിച്ചേർത്തു. ഇതിൽ 2003-ലെ വോട്ടർ പട്ടികയിലെ മാതാപിതാക്കളുടെ ക്രമനമ്പർ ആവശ്യപ്പെടുന്നത് പുതിയ യുവാക്കൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് തടസ്സമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാതാപിതാക്കളും മക്കളും തമ്മിൽ 15 വയസ്സിൽ താഴെ വ്യത്യാസമുണ്ടെന്ന പേരിൽ 'ലോജിക്കൽ ഡിസ്‌ക്രപൻസി' (Logical Discrepancy) ആരോപിച്ചു പാവപ്പെട്ടവരും രേഖകളില്ലാത്തവരുമായ ധാരാളം ആളുകളെ അന്വേഷണം കൂടാതെ വോട്ടർ പട്ടികയിൽനിന്ന് പുറത്താക്കി.
എസ്.ഐ.ആർ. പ്രക്രിയയിലൂടെ ഇതുവരെ 13 കോടിയോളം (ആകെ വോട്ടർമാരുടെ 13%) ആളുകളുടെ പേരുകൾ ഒഴിവാക്കപ്പെട്ടുവെന്നും ഇത് തിരഞ്ഞെടുപ്പ് ഫലങ്ങളെ നേരിട്ട് സ്വാധീനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റിന് ശ്രമിക്കുന്നതിന് പകരം ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്ന് പ്രതിപക്ഷത്തോട് ആർ.കെ. സിങ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ജഡ്ജി എന്നിവരടങ്ങിയ നിഷ്പക്ഷ സമിതി മുഖേന കമ്മീഷണർമാരെ നിയമിക്കുന്ന പഴയ രീതി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പുകൾ ബഹിഷ്‌കരിക്കണമെന്നും ഇ.വി.എമ്മിന് പകരം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നും കത്തിൽ പ്രതിപക്ഷത്തോട് ആവശ്യപ്പെടുന്നുണ്ട്.
മുൻ ആഭ്യന്തര സെക്രട്ടറി ആയിരുന്ന ആർ.കെ. സിങ് കഴിഞ്ഞ മോദി സർക്കാരിൽ മന്ത്രിയായിരുന്നു. 2013-ൽ ബിജെപിയിലെത്തിയ ഇദ്ദേഹം 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ സുപൗൾ മണ്ഡലത്തിൽനിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2017-ൽ മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി ഇദ്ദേഹം മോദി സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി. 2024-ലെ തിരഞ്ഞെടുപ്പിൽ ബിഹാറിലെ ആര മണ്ഡലത്തിൽ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. ഇതിന് ശേഷം പാർട്ടി നേതൃത്വവുമായി കലഹത്തിലായിരുന്നു ആർ.കെ. സിങ്. ബിഹാറിലെ പാർട്ടി നേതൃത്വത്തിനെതിരെ നിരന്തരം ആരോപണങ്ങളുന്നയിച്ച് ഇദ്ദേഹം രംഗത്ത് വന്നിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളാരോപിച്ച് ആർ.കെ. സിങ്ങിനെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ അദ്ദേഹം ബിജെപി വിടുകയും ചെയ്തിരുന്നു.
Content Highlights: Former secretary R.K. Singh accuses election commission of illegal actions, urging criminal charges against Chief Election Commissioner Gyanesh Kumar over SIR implementation.
Published: 29 Sept 2026, 09:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented