തിരുവനന്തപുരം: യുവ ഫോട്ടോഗ്രാഫറും പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകനുമായ റെയ്ഹാൻ വദ്രയുടെ ഫോട്ടോപ്രദർശനം കേരളത്തിൽ സംഘടിപ്പിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഗ്ദാനം. ഡൽഹിയിലെ പ്രതിഷേധങ്ങളുടെ റെയ്ഹാൻ പകർത്തിയ ചിത്രങ്ങൾ നീക്കംചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

To advertise here,

തന്റെ സോളോ എക്‌സിബിഷനായ 'നോ ഐഡിയ ഈസ് ഫൈനൽ' (No Idea Is Final)-ൽ ഡൽഹിയിലെ പ്രതിഷേധങ്ങളുടെ നിരവധി ചിത്രങ്ങൾ ബിക്കാനർ ഹൗസ് അധികൃതർ എടുത്തുമാറ്റിയതായി റെയ്ഹാൻ വദ്ര പറഞ്ഞിരുന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ചിത്രങ്ങൾ നീക്കംചെയ്തില്ലെങ്കിൽ പ്രദർശനം റദ്ദാക്കുമെന്ന് ബിക്കാനീർ ഹൗസ് അധികൃതർ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായാണ് അദ്ദേഹം അവകാശപ്പെട്ടത്.

റെയ്ഹാൻ വദ്രയുടെ 'നോ ഐഡിയ ഈസ് ഫൈനൽ' പ്രദർശനം പൂർണരൂപത്തിൽ കേരളത്തിൽ സംഘടിപ്പിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. ഒഴിവാക്കലുകളൊന്നും ഉണ്ടാകില്ലെന്നും റെയ്ഹാൻ വദ്രയെയും പ്രിയങ്ക ഗാന്ധിയെയും ടാഗ് ചെയ്തുകൊണ്ട് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

മറ്റൊരാളുടെ അഭിപ്രായത്തെ അധികാരികൾ ഭയപ്പെട്ടുതുടങ്ങിയാൽ, സംരക്ഷിക്കാൻ ശ്രമിക്കുന്ന അധികാരം അവർക്ക് നഷ്ടപ്പെട്ടുകഴിഞ്ഞെന്ന് ഓർക്കണമെന്ന് സംഭവത്തിൽ പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. യുവതലമുറയുടെ ശബ്ദം അടിച്ചമർത്താനാണ് അധികാരികൾ ശ്രമിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. 'ഇന്ന് എന്റെ മകനാണെങ്കിൽ, നാളെ മറ്റൊരു കലാകാരനായിരിക്കും. എന്നാൽ, നീ സത്യത്തിനൊപ്പം ഉറച്ചുനിൽക്കുക, മനോഹരമായതെല്ലാം നിന്നെ തേടിയെത്തും. നിന്നെയോർത്ത് ഞാൻ എന്നും അഭിമാനിക്കുന്നു', പ്രിയങ്ക എക്സിൽ കുറിച്ചു.

മകനെ രാഷ്ട്രീയത്തിലിറക്കാൻ മറ്റുവഴികൾ തേടണമെന്ന് പ്രിയങ്കയെ പരിഹസിച്ചുകൊണ്ട് ബി.ജെ.പി ഇതിനോട് പ്രതികരിച്ചു. അധികൃതർക്കെതിരേ പ്രിയങ്ക ഉന്നയിച്ച ആരോപണങ്ങൾ വ്യാജവാർത്തയാണെന്ന് ബി.ജെ.പി. വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. രാഹുൽ ഗാന്ധിയെ രാഷ്ട്രീയത്തിൽ അവതരിപ്പിക്കുന്നതിൽ സോണിയാ ഗാന്ധി പരാജയപ്പെട്ടതിനുപിന്നാലെ, പ്രിയങ്കയുടെ ദൗത്യം മകൻ റെയ്ഹാൻ വദ്രയെ അവതരിപ്പിക്കലാണെന്ന് ബി.ജെ.പി. വക്താവ് ഗൗരവ് ഭാട്ടിയ പരിഹസിച്ചു. 99 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ പരാജയത്തിലേക്ക് നയിച്ച 'തകരാറുള്ള ഉത്പന്ന'മാണ് രാഹുൽ ഗാന്ധിയെന്നും ഭാട്ടിയ പറഞ്ഞു.