
ലഖ്‌നൗ: ഉത്തർപ്രദേശിൽ 2027-ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള സീറ്റ് വിഭജന തർക്കം രൂക്ഷമാകുന്നു. സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സമാജ്‌വാദി പാർട്ടി അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. ഇതോടെ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയിലെ ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നത പരസ്യമായി.
403 നിയമസഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ 26 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് സമാജ്‌വാദി പാർട്ടി വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ട്. തുടക്കത്തിൽ 180 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ഇത് 130 സീറ്റുകളായി കുറച്ചിരുന്നു. ഇതിനിടെയാണ് സഹാറൻപുർ ജില്ലയിലെ രണ്ട് സീറ്റുകൾ ഉൾപ്പെടെ എസ്.പി ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഈ രണ്ട് മണ്ഡലങ്ങളും കോൺഗ്രസ് മത്സരിക്കാൻ ഉദ്ദേശിച്ചിരുന്നവയാണ്.
സഹാറൻപുരിൽനിന്നുള്ള ലോക്‌സഭാംഗവും ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാവുമായ ഇമ്രാൻ മസൂദ് ഇതിനെതിരെ രംഗത്തെത്തി. സഖ്യചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് സഖ്യത്തിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം വിമർശിച്ചു. സീറ്റുകൾക്കായി യാചിക്കാൻ കോൺഗ്രസ് ഭിക്ഷക്കാരല്ലെന്നും പരസ്പര ബഹുമാനത്തോടെയുള്ള ധാരണയാണ് വേണ്ടതെന്നും മസൂദ് പറഞ്ഞു. ചർച്ചകൾ തുടരണമോയെന്ന് പാർട്ടി നേതൃത്വവുമായി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തർക്കം പരിഹരിക്കാനുള്ള ശ്രമവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തെത്തി. സീറ്റുകളുടെ എണ്ണത്തേക്കാൾ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാധ്യതയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം കോൺഗ്രസിനോട് ആവശ്യപ്പെട്ടു. ഇതിനായി 26 സീറ്റുകൾക്ക് പുറമേ കോൺഗ്രസ് മത്സരിക്കാൻ ആഗ്രഹിക്കുന്ന മറ്റ് മണ്ഡലങ്ങളുടെ പട്ടികയും കൈമാറണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇരു പാർട്ടികളും ചേർന്ന് ഓരോ മണ്ഡലത്തിലെയും വിജയസാധ്യതയും സ്ഥാനാർഥികളുടെ മികവും വിലയിരുത്തി തീരുമാനമെടുക്കാമെന്നും അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Seat-sharing dispute intensifies between Congress and SP for the 2027 Uttar Pradesh assembly elections., SP announced candidates in five constituencies while talks were ongoing, angering Congress., Congress leader Imran Masood stated that Congress is not begging for seats and demands mutual respect., SP Chief Akhilesh Yadav suggested evaluating wintability together instead of focusing strictly on seat numbers.
Published: 25 Nov 2026, 02:58 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented