മുംബൈ: പൊതുപാർക്കുകളിലെത്തുന്ന കമിതാക്കൾ മാന്യതയും മര്യാദയും പാലിക്കണമെന്ന് മുംബൈ മേയർ റിതു താവ്‌ഡെ. മുംബൈയിലെ കുർളയിൽ പാർക്കിലെത്തിയ യുവാവിനെയും യുവതിയെയും പ്രായപൂർത്തിയാവാത്ത സംഘം ആക്രമിച്ചതിനു പിന്നാലെയാണ് മേയറുടെ പ്രതികരണം. അതേസമയം, ആക്രമണത്തിന് ഇരയായവരുടെ പെരുമാറ്റത്തെക്കുറിച്ച് മേയർ പരാമർശിച്ചതിനെതിരേ സാമൂഹികമാധ്യമങ്ങളിലടക്കം വിമർശനമുയർന്നു.

To advertise here,

പൊതുസ്ഥലങ്ങളിൽ കമിതാക്കൾ എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ചുള്ള അവരുടെ പരാമർശമാണ് വിവാദമായത്. പാർക്കുകളിൽ കമിതാക്കൾക്ക് ഇരിക്കാം. പക്ഷേ, അനുചിതമായ പെരുമാറ്റം പാടില്ലെന്നായിരുന്നു മേയറുടെ പരാമർശം. വയോധികർ, കുട്ടികളുമായെത്തുന്ന അമ്മമാർ ഉൾപ്പെടെ പല പ്രായക്കാരെത്തുന്ന ഇടങ്ങളാണ് പാർക്കുകൾ. ഇത്തരം ഇടങ്ങളിൽ സ്വഭാവവും അന്തസ്സും മാനിച്ചുവേണം ഇടപെടാനെന്നും മേയർ പറഞ്ഞു. യുവാവിനും യുവതിക്കുമെതിരായ ആക്രമണത്തിൽ വിശദാന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും മേയർ പറഞ്ഞു. 

കുർള വെസ്റ്റിൽ ഒരു മാളിനു പിന്നിലുള്ള പ്രമോദ് മഹാജൻ ഗാർഡനിലാണ് ഏതാനും ദിവസങ്ങൾക്കുമുൻപ് ആക്രമണമുണ്ടായത്. പാർക്കിലെത്തിയ യുവാവിനെയും യുവതിയെയും പ്രായപൂർത്തിയാവാത്ത ആൺകുട്ടികളുടെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിന്റെ ദൃശ്യങ്ങളിൽ പത്തുവയസ്സുമാത്രം തോന്നിക്കുന്ന കുട്ടികളടക്കം സംഘത്തിലുണ്ടെന്ന് വ്യക്തമാണ്.

വടികൊണ്ടടിക്കുകയും ഇടിക്കുകയും ചവിട്ടുകയും ചെയ്ത സംഘം രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പിന്തുടരുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.