മധുര: തിരുപ്പരൻകുണ്ഡ്രം മലമുകളിലെ കൽത്തൂണിൽ കാർത്തിക ദീപം തെളിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ തമിഴ്‌നാട് സർക്കാർ. പകരം, ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പരമ്പരാഗത സ്ഥലത്താണ് പൂജാരിമാർ ദീപംതെളിച്ചത്. നവംബർ 24-ന് മലമുകളിലെ കൽത്തൂണിൽ ഒരുതവണ ദീപം തെളിക്കാമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകിയിരുന്നു. എന്നാൽ, ഈ നിർദേശം നടപ്പാക്കാൻ സർക്കാർ തയ്യാറായില്ല. ക്രമസമാധാനപ്രശ്‌നങ്ങളും നിരോധനാജ്ഞയുമാണ് സർക്കാരിന്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

To advertise here,

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനുള്ള നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയ മധുര ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം, കോടതി നിർദേശങ്ങൾ പാലിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് നേരത്തേ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ അറിയിച്ചിരുന്നു. എന്നാൽ, ദീപംതെളിക്കാനുള്ള അനുമതിയുണ്ടായിട്ടും മലമുകളിലെ കൽത്തൂണിൽ അത് നടപ്പാക്കാതിരുന്നതിന്റെ കാരണം ഭരണകക്ഷിയായ ടി.വി.കെ.യോ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പോ ഇതുവരെ വിശദീകരിച്ചിട്ടില്ല.

തിരുപ്പരൻകുണ്ഡ്രത്ത് ഇരുസമുദായങ്ങളിൽനിന്നുമുള്ള സംഘങ്ങൾ വൻതോതിൽ ഒത്തുചേരാൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എൽ. മുരുകൻ, തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെയും തിരുപ്പരൻകുണ്ഡ്രത്തേക്ക് പോകുന്നതിൽനിന്ന് തടയുകയുംചെയ്തു.

തിരുപ്പരൻകുണ്ഡ്രം മലയിലെ സിക്കന്ദർ ബാദുഷ ദർഗയ്ക്ക് സമീപമുള്ള പുരാതന ശിലാസ്തംഭമായ ദീപത്തൂണിൽ ദീപംതെളിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം. 2025 നവംബറിൽ നിയമ-ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അന്നത്തെ ഡി.എം.കെ. സർക്കാർ ദീപം തെളിക്കാൻ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേ ഭക്തനായ രാമ രവികുമാർ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ദീപം തെളിക്കാൻ അനുമതി നൽകണമെന്ന് ഉത്തരവിട്ടു.

ഹൈക്കോടതി ഉത്തരവിനെതിരേ ടി.വി.കെ. സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നവംബർ 20-ന് കേസ് പരിഗണിച്ച സുപ്രീംകോടതി നവംബർ 24-ന് ഒരുദിവസം ദീപത്തൂണിൽ ദീപം തെളിക്കാൻ അനുമതി നൽകി.