ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇന്ത്യ സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചയിൽ തർക്കം തുടരുന്നതിനിടെ കോൺഗ്രസിന് ശക്തമായ താക്കീതും മുന്നറിയിപ്പുമായി അഖിലേഷ് യാദവ്. 'വിവേകത്തോടെ ഒന്നിച്ച് പ്രവർത്തിച്ചാൽ കാര്യങ്ങൾ മുന്നോട്ട് നീങ്ങും' എന്ന് ആദ്യം വ്യക്തമാക്കിയ അഖിലേഷ് പിന്നീട് എക്സിലൂടെ ദീർഘ കുറിപ്പ് പങ്കുവെച്ചു.

To advertise here,

ഇതൊരു ചരിത്രപരമായ അവസരം ആണെന്ന് പറഞ്ഞ അഖിലേഷ് വിജയസാധ്യത മാത്രമായിരിക്കണം ലക്ഷ്യമെന്നും കോൺഗ്രസിനെ ഓർമിപ്പിച്ചു. 'രണ്ട് മതേതര പാർട്ടികൾ എന്ന നിലയിൽ ഒന്നിച്ചുചേരാനും വർഗീയ ബിജെപിയെയും അതിന്റെ സങ്കുചിത മനസ്കരായ സഖ്യകക്ഷികളെയും എന്നെന്നേക്കുമായി പരാജയപ്പെടുത്താനും, തെറ്റായ കൈകളിൽ അകപ്പെട്ട് രാജ്യം തകരുന്നതിൽ നിന്ന് രക്ഷിക്കാനുമുള്ള ഒരു ചരിത്രപരമായ അവസരമാണ് നമുക്ക് മുന്നിലുള്ളത്. പൊതുജനങ്ങളുടെ പ്രതീക്ഷകളും യാഥാർത്ഥ്യങ്ങളും സൂക്ഷ്മമായി പരിശോധിച്ച്, ഭൂരിപക്ഷം മണ്ഡലങ്ങളിലും നമ്മുടെ 'സഖ്യത്തിന്റെ' വിജയം ഉറപ്പാക്കാൻ നമ്മൾ ഗൗരവമായ ചർച്ചകളിൽ ഏർപ്പെടണമെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു. നമ്മൾ മത്സരിച്ച സീറ്റുകളിൽ, പരാജയപ്പെട്ട സീറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതൽ വിജയിച്ച സീറ്റുകളുടെ എണ്ണം ഉണ്ടായിരിക്കണം' അഖിലേഷ് പറഞ്ഞു.

മാന്യമായ സീറ്റ് വിഭജന ക്രമീകരണം ഉറപ്പാക്കാനുള്ള ഒരേയൊരു വഴി വിജയങ്ങൾ ഉറപ്പാക്കുകയാണെന്നും, വിജയിച്ച സീറ്റുകൾക്കാണ് ആദരവ് ലഭിക്കുകയെന്നും എസ്പി അധ്യക്ഷൻ പറഞ്ഞു.

'അതിനാൽ, നിങ്ങളുടെ ടീം മുൻഗണന നൽകിയ പട്ടികയിൽ നിന്ന് ഇന്ന് ചർച്ച ചെയ്ത 26 സീറ്റുകൾക്ക് പുറമേ, സാധ്യതയുള്ള മറ്റ് എല്ലാ സീറ്റുകളും തിരിച്ചറിഞ്ഞ് ഞങ്ങളെ അറിയിക്കുക. ഏത് സീറ്റുകളും ആ സീറ്റുകളിലെ ഏത് സ്ഥാനാർത്ഥികളുമാണ് വിജയത്തിന് ശക്തമായ നിലയിലുള്ളതെന്ന് പരിശോധിക്കാൻ നമുക്ക് പിന്നീട് ഒരുമിച്ച് ഇരിക്കാം' എന്നും അഖിലേഷ് കൂട്ടിച്ചേർത്തു.

ഏതെങ്കിലും കാരണത്താൽ കോൺഗ്രസ് ഇതുവരെ പരിഗണിച്ചിട്ടില്ലാത്ത സീറ്റുകളിൽപോലും നിങ്ങൾക്കുള്ള സാധ്യത ചൂണ്ടിക്കാണിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കും. 'അത് ഞങ്ങളുടെ വിലയിരുത്തലിന്റെയും വിജയത്തിനായുള്ള കണക്കുകൂട്ടലുകളുടെയും അടിസ്ഥാനത്തിലും ആയിരിക്കും' അഖിലേഷ് വ്യക്തമാക്കി.

'മുതിർന്ന നേതാക്കൾ യോഗം ചേരുമ്പോൾ, കോൺഗ്രസ് അല്ലെങ്കിൽ എസ്പി സ്ഥാനാർത്ഥികളെക്കുറിച്ചല്ല, മറിച്ച് എല്ലാ മണ്ഡലങ്ങളിലെയും 'ഇന്ത്യാ മുന്നണി'യിലെ സ്ഥാനാർത്ഥികളെക്കുറിച്ചായിരിക്കണം ചർച്ചയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നമ്മുടെ സ്ഥാനാർത്ഥികളെ 'പിഡിഎ സ്ഥാനാർത്ഥികളായി' അവതരിപ്പിക്കുക എന്നതാണ് ഏറ്റവും മികച്ചതും അനുകൂലവുമായ ഫലം' അദ്ദേഹം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഹകരണത്തിന് അഖിലേഷ് നന്ദി അറിയിച്ചു.'ലോക്സഭാ തിരഞ്ഞെടുപ്പിൽ 'പി.ഡി.എ' ക്ക് നിങ്ങൾ നൽകിയ പൂർണ്ണ പിന്തുണ ഞങ്ങൾ എപ്പോഴും വിലമതിക്കുന്നു. കാരണം, ആ പിന്തുണയാണ് വർഗീയവാദികളായ ബി.ജെ.പിയെ പരാജയപ്പെടുത്താൻ നമ്മളെ സഹായിച്ചത്. ഇത്തവണയും, ഉത്തർപ്രദേശിലും തുടർന്ന് കേന്ദ്രത്തിലും ബി.ജെ.പിയെ പരാജയപ്പെടുത്താൻ നമ്മൾ ഒന്നിച്ച് അണിനിരക്കണം. 'ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് പി.ഡി.എ' എന്ന സന്ദേശം ഓരോ നഗരത്തിലും, അയൽപക്കത്തും, തെരുവിലും, ഗ്രാമത്തിലും എത്തിയിട്ടുണ്ടെന്ന് താഴെത്തട്ടിലുള്ള സർവേകൾ വ്യക്തമാക്കുന്നു. അതുകൊണ്ടാണ് സംസ്ഥാനത്തുടനീളമുള്ള, എല്ലാ വിഭാഗങ്ങളിലുംപെട്ട 'അടിച്ചമർത്തപ്പെട്ടവരും, ദുരിതമനുഭവിക്കുന്നവരും, അപമാനിക്കപ്പെട്ടവരുമായ' ജനങ്ങൾ ബി.ജെ.പിക്കെതിരെ അണിനിരന്നിരിക്കുന്നത്. 'എൻ.ഡി.എയെ പരാജയപ്പെടുത്താൻ പി.ഡി.എ-ക്ക് മാത്രമേ കഴിയൂ എന്നും, മാറ്റം കൊണ്ടുവരാൻ പി.ഡി.എ-ക്ക് മാത്രമേ സാധിക്കൂ എന്നും അവർ വിശ്വസിക്കുന്നു' അഖിലേഷ് എക്സിൽ കുറിച്ചു.

സത്യത്തിൽ സീറ്റുകളെ 'നമ്മളും നിങ്ങളും' എന്നടിസ്ഥാനത്തിൽ വിഭജിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനെ വിഭജനം എന്നതിലുപരി ഒരു 'സീറ്റ് ക്രമീകരണം' എന്ന് വിളിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കടുത്ത മത്സരമുള്ള മണ്ഡലങ്ങളിൽ, നമ്മൾ കുറഞ്ഞത് രണ്ട് സ്ഥാനാർത്ഥികളെക്കുറിച്ച് ഒരുമിച്ച് ചർച്ച ചെയ്യുകയും, മികച്ച വിജയസാധ്യതയുള്ളയാളെ തിരഞ്ഞെടുക്കുകയും, അവരെ വിജയിപ്പിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യും. സഖ്യത്തിനുള്ളിൽ സ്ഥാനാർത്ഥികളെ പരസ്പരം അടിച്ചേൽപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവരെ സമവായത്തിലൂടെയാണ് തീരുമാനിക്കേണ്ടത്. അപ്പോൾ മാത്രമേ നിങ്ങളുടെ വോട്ടുകൾ ഞങ്ങളിലേക്കും ഞങ്ങളുടെ വോട്ടുകൾ നിങ്ങളിലേക്കും കൈമാറുകയും നമ്മുടെ വിജയം ഉറപ്പാക്കുകയും ചെയ്യുകയുള്ളൂ, നാളെ നമ്മൾ ഇതിനകം പറഞ്ഞത് ഒരുമിച്ച് പറയാൻ നമുക്ക് സാധിക്കും-അഖിലേഷ് പറഞ്ഞു.

ഒരു സർക്കാർ രൂപീകരിക്കുക എന്നതാണ് നമ്മുടെ ഏറ്റവും വലിയ പൊതുലക്ഷ്യം. പുതിയ സാഹചര്യങ്ങളും തിരഞ്ഞെടുപ്പ് സമവാക്യങ്ങളും കണക്കിലെടുക്കുമ്പോൾ, ഈ ലക്ഷ്യം കൈവരിക്കുന്നതിനായി നമുക്ക് ചില ക്രമീകരണങ്ങൾ വരുത്തേണ്ടി വരും, ചിലരെ ഉൾക്കൊള്ളേണ്ടിയും വരും. മത്സരിക്കാൻ അവസരം നൽകാമെന്ന് നമ്മൾ ഉറപ്പുനൽകിയിരുന്ന ഒന്നോ രണ്ടോ പേരുണ്ടാകാം. എന്നാൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച്, രണ്ടോ നാലോ മണ്ഡലങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം. ഓരോ സീറ്റും നിർണായകമാണെന്ന് സ്ഥാനാർത്ഥികളാകാൻ ആഗ്രഹിക്കുന്നവർ മനസ്സിലാക്കണം. ആർക്കെങ്കിലും സീറ്റ് ലഭിച്ചില്ലെങ്കിലോ, ആഗ്രഹിച്ച സീറ്റ് ലഭിച്ചില്ലെങ്കിലോ അവർ നിരാശരാകരുത്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ എന്തെങ്കിലും ക്രമീകരണങ്ങളോ മാറ്റങ്ങളോ വരുത്തുന്നുണ്ടെങ്കിൽ, അതിനു പിന്നിലുള്ള ലക്ഷ്യം ഒരു സർക്കാർ രൂപീകരിക്കുക എന്നത് മാത്രമാണ്. സർക്കാർ രൂപീകൃതമായാൽ എല്ലാവർക്കും അർഹമായ ആദരവും സ്ഥാനവും ലഭിക്കും. നൽകിയ വാക്ക് പാലിക്കപ്പെടുന്നുണ്ടെന്ന് മുതിർന്ന നേതാക്കൾ ഉറപ്പുവരുത്തും. നേതാക്കളിൽ അത്രത്തോളം വിശ്വാസം അർപ്പിക്കാൻ പ്രവർത്തകർ തയ്യാറാകണമെന്നും അഖിലേഷ് സ്വന്തം പാർട്ടി നേതാക്കളെകൂടി ലക്ഷ്യമിട്ട് വ്യക്തമാക്കി. 403 അംഗ ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 806 സീറ്റുകളിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ടെന്നും അഖിലേഷ് ഓർമിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കോൺഗ്രസ്-എസ്പി ചർച്ചകളിൽ സീറ്റുവിഭജനം സംബന്ധിച്ച് ധാരണയിലെത്താനായിരുന്നില്ല. കോൺഗ്രസിന് 26 സീറ്റുകളാണ് ആദ്യഘട്ടത്തിൽ എസ്പി വാഗ്ദാനം ചെയ്തത്. 130 സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്.