ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ റെക്കോഡ് പ്രകടനത്തിന് പിന്നാലെ മുൻ താരം യുവരാജ് സിങ് നൽകിയ ഉപദേശത്തെക്കുറിച്ച് തുറന്നുപറഞ്ഞു കൗമാരതാരം വൈഭവ് സൂര്യവംശി. മത്സരത്തിന് മുൻപ് ബാറ്റിങ്ങുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങൾ യുവരാജ് പറഞ്ഞുതന്നുവെന്നും അത് മൈതാനത്ത് സഹായകരമായിരുന്നുവെന്നും വൈഭവ് പറഞ്ഞു. ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ യുഎഇയ്‌ക്കെതിരേ 53 പന്തിൽ 204 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. മത്സരത്തിൽ പന്തെറിഞ്ഞ ബൗളർമാരെല്ലാം വൈഭവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഒട്ടേറെ റെക്കോഡുകളും താരം സ്വന്തമാക്കി.

To advertise here,

‘ഇന്നലെ ഞാൻ നാല് പേരോടാണ് സംസാരിച്ചത്. ഞാൻ എന്റെ അച്ഛനോട് സംസാരിച്ചു. എന്റെ കുട്ടിക്കാലത്തെ കോച്ച് മനീഷ് ഓജയോട് സംസാരിച്ചു. അതുപോലെ അണ്ടർ-19ൽ എന്നോടൊപ്പമുണ്ടായിരുന്ന കുട്ടിക്കാലത്തെ സുഹൃത്തുമായും സംസാരിച്ചു. നാലാമത്തെ വ്യക്തി യുവരാജ് സിങ് ആയിരുന്നു. ഞാൻ അദ്ദേഹത്തോട് അരമണിക്കൂറോളം സംസാരിച്ചു. അദ്ദേഹം ബാറ്റിങ്ങിനെക്കുറിച്ച് ധാരാളം കാര്യങ്ങൾ പറഞ്ഞുതന്നു. എനിക്ക് വലിയ ആശങ്കയുണ്ടായിരുന്നു, ഞാൻ അദ്ദേഹത്തോടത് വളരെ തുറന്ന് സംസാരിച്ചു. ക്രീസിലേക്ക് ഇറങ്ങുമ്പോൾ എനിക്കുള്ള പ്രശ്നങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. അരമണിക്കൂറോളം എല്ലാ കാര്യങ്ങളും എനിക്ക് വിശദീകരിച്ചു തന്നു. ഒരു 20 പന്ത് നേരിട്ടാൽ തന്നെ സ്കോറിൽ വലിയ വ്യത്യാസമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ചില സാങ്കേതിക കാര്യങ്ങളും പറഞ്ഞുതന്നു, അത് വളരെ സഹായകരമായി.’- വൈഭവ് സൂര്യവംശി പറഞ്ഞു.

കഴിഞ്ഞ ചില മത്സരങ്ങളിൽ റൺസ് നേടാനാകാത്തത് തന്നെ ബാധിച്ചിരുന്നുവെന്നും എന്നാൽ താൻ ചെയ്തുകൊണ്ടിരുന്ന തെറ്റുകൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാൻ യുവരാജ് തന്നെ സഹായിച്ചുവെന്നും സൂര്യവംശി വെളിപ്പെടുത്തി. യുഎഇക്കെതിരായ മത്സരത്തിന് മുന്നോടിയായി ആ മേഖലകളിലാണ് താൻ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും കൗമാരതാരം പറഞ്ഞു.

‘ഞാൻ യുവരാജ് സാറുമായി സംസാരിച്ചു. അദ്ദേഹം എന്റെ ആരാധ്യപുരുഷനാണ്. നിങ്ങളുടെ ആരാധനാപാത്രം എന്തെങ്കിലും പറയുമ്പോൾ നിങ്ങൾ ഓരോ വാക്കും ശ്രദ്ധിക്കും. അദ്ദേഹം ചില പ്രധാനപ്പെട്ട കാര്യങ്ങൾ പറഞ്ഞുതന്നു, എന്റെ ബാറ്റിങ് വീഡിയോകൾ കണ്ടപ്പോഴും ഞാൻ ഇതേ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു. ഞാൻ ചില തെറ്റുകൾ വരുത്തുന്നുണ്ടെന്ന് എനിക്ക് തോന്നി, അവ പരിഹരിക്കാൻ ഞാൻ ശ്രമിച്ചു.’- വൈഭവ് വ്യക്തമാക്കി.

അതേസമയം മത്സരത്തിൽ സമ്മർദം അനുഭവപ്പെട്ടിരുന്നുവെന്നും എന്നാൽ കുറച്ചുസമയത്തിനുശേഷം സാധാരണനിലയിൽ ബാറ്റുചെയ്തുവെന്നും വൈഭവ് മത്സരശേഷം പറഞ്ഞിരുന്നു. പതിയെ ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോകാനായിരുന്നു തന്റെ ശ്രമമെന്നും എന്നാൽ പിച്ചിൽ നിന്ന് ബൗളർമാർക്ക് വലിയ സഹായം ലഭിക്കുന്നില്ലെന്ന് മനസ്സിലായതോടെ ബാറ്റിങ് ശൈലി മാറ്റിയെന്നും വൈഭവ് വ്യക്തമാക്കി.

‘കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഞാൻ ക്രീസിൽ നിലയുറപ്പിച്ചെങ്കിലും ലഭിച്ച തുടക്കം മുതലാക്കാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ തുടക്കത്തിൽ സമയം എടുത്ത് കളിക്കുക എന്നതായിരുന്നു പദ്ധതി. എന്നാൽ ഒന്നോ രണ്ടോ പന്തുകൾ നേരിട്ടപ്പോൾ പിച്ചിൽ നിന്ന് ബൗളർമാർക്ക് വലിയ സഹായം ലഭിക്കുന്നില്ലെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് ഞാൻ കരുത്തോടെ ബാറ്റേന്തി.’- വൈഭവ് പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത യു.എ.ഇ. 50 ഓവറിൽ എട്ടുവിക്കറ്റിന് 249 റൺസാണെടുത്തത്. മറുപടിബാറ്റിങ്ങിൽ സൂര്യവംശിയുടെ താണ്ഡവമാണ് ക്രിക്കറ്റ്‌ലോകം കണ്ടത്. 53 പന്തിൽ 204 റൺസടിച്ച റെക്കോഡ് പ്രകടനത്തിൽ 14.2 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്ത് ഇന്ത്യൻ എ ടീം ജയത്തിലെത്തി.

16 പന്തിൽ 50 റൺസിലെത്തിയ സൂര്യവംശി 28 പന്തിൽ 100 റൺസും 40 പന്തിൽ 150 റൺസും കടന്നു. 52 പന്തിലാണ് ഇരട്ടസെഞ്ചുറി വന്നത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറി, 150, ഇരട്ട സെഞ്ചുറി, പ്രായം കുറഞ്ഞ ഇരട്ടസെഞ്ചുറിക്കാരൻ എന്നീ റെക്കോഡുകൾ 15-കാരൻ സൂര്യവംശിക്ക് സ്വന്തമായി. 28 സിക്‌സ് നേടിയതോടെ ലിസ്റ്റ് എ-യിലും ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഒരു ഇന്നിങ്‌സിൽ കൂടുതൽ സിക്‌സ് നേടുന്ന താരവുമായി. ലിസ്റ്റ് എ-യിൽ 2018-ൽ വെസ്റ്റേൺ ഓസ്ട്രേലിയക്കായി ഡാർസി ഷോട്ട് നേടിയ 23 സിക്സുകളുടെ റെക്കോഡാണ് തകർന്നത്. റിങ്കു സിങ് 27 റൺസുമായി പുറത്താകാതെനിന്നു.