
കേരളത്തിന്റെ ഗ്രാമീണ ജീവിതത്തിന്റെയും ഭൂപ്രകൃതിയുടെയും സ്പന്ദനം നിർണ്ണയിച്ചിരുന്നത് നെൽകൃഷിയുടെ താളമായിരുന്നു. കാലവർഷത്തിന്റെ വരവോടെ വെള്ളം നിറഞ്ഞ വയലുകളിൽ ഉഴുതുമറിച്ച്, ഞാറുനട്ട്, പച്ചപ്പണിഞ്ഞു നിൽക്കുന്ന പാടശേഖരങ്ങൾ മലയാളിയുടെ സാംസ്കാരിക അടയാളമായിരുന്നു. കൊയ്ത്തുകാലത്ത് പൊൻകതിരണിഞ്ഞു നിൽക്കുന്ന പാടങ്ങളും മെതിയടിയുടെ ശബ്ദവും ഒരു കാലഘട്ടത്തിന്റെ സമൃദ്ധിയെ അടയാളപ്പെടുത്തിയിരുന്നു.
എന്നാൽ, ഇന്ന് ആ ഹരിതശോഭ ഓർമ്മയായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് നെൽക്കതിരുകൾ കാറ്റിലാടിയുലഞ്ഞ പാടശേഖരങ്ങൾക്ക് പകരം ഉയർന്നുനിൽക്കുന്നത് കോൺക്രീറ്റ് മന്ദിരങ്ങളും വീടുകളും പാതകളും വാണിജ്യ സമുച്ചയങ്ങളുമാണ്. ശേഷിക്കുന്ന നെൽവയലുകളിൽ ഭൂരിഭാഗവും കൃഷി ചെയ്യപ്പെടാതെ തരിശായി കിടക്കുമ്പോൾ, അവശേഷിക്കുന്ന കർഷകർ നെൽകൃഷി ലാഭകരമാക്കാൻ കഴിയാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
അഞ്ചു പതിറ്റാണ്ടുകളിലെ കാർഷിക സ്ഥിതിവിവരക്കണക്കുകൾ ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ് പുറത്തുവിടുന്നത്. 1975–76 കാലഘട്ടത്തിൽ കേരളത്തിൽ ഏകദേശം 8.76 ലക്ഷം ഹെക്ടർ ഭൂമിയിൽ നെൽകൃഷി ഉണ്ടായിരുന്നു. എന്നാൽ, 2024–25 എത്തുമ്പോഴേക്കും ഇത് വെറും 1.77 ലക്ഷം ഹെക്ടറായി ചുരുങ്ങി. അതായത് ഏകദേശം 80 ശതമാനത്തോളം (79.9%) വിസ്തൃതിയുടെ വൻ ഇടിവ്. കേരളത്തിന്റെ ആകെ കൃഷിഭൂമിയിൽ നെൽകൃഷിയുടെ പങ്ക് 1970-കളിൽ 29.4 ശതമാനമായിരുന്നത് ഇന്ന് വെറും 7.01 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ടും കാർഷിക സ്ഥിതിവിവരക്കണക്കുകളും വ്യക്തമാക്കുന്നു.
കൃഷിഭൂമിയിൽ 80 ശതമാനത്തോളം കുറവുണ്ടായപ്പോൾ അരി ഉൽപ്പാദനത്തിലുണ്ടായ കുറവ് 60.2 ശതമാനമാണ്. 1975–76-ൽ 13.31 ലക്ഷം ടണ്ണായിരുന്ന അരി ഉൽപ്പാദനം 2024–25-ൽ 5.30 ലക്ഷം ടണ്ണായി കുറഞ്ഞു. ഉൽപ്പാദന വിസ്തൃതിയിലുണ്ടായ വൻ ഇടിവ് പൂർണ്ണമായും ഉൽപ്പാദനത്തെ ബാധിക്കാതിരുന്നത് ഹെക്ടറിലെ ഉൽപ്പാദനക്ഷമതയിലുണ്ടായ മുന്നേറ്റം കൊണ്ടാണ്. 1975-ൽ ഹെക്ടറിന് 1,518 കിലോഗ്രാം ആയിരുന്ന ഉൽപ്പാദനക്ഷമത 2024–25-ൽ 3,006 കിലോഗ്രാമായി ഇരട്ടിച്ചു. മികച്ച വിത്തിനങ്ങളും ശാസ്ത്രീയ കൃഷിരീതികളും യന്ത്രവൽക്കരണവും ഇതിന് സഹായിച്ചെങ്കിലും, ഭൂവിസ്തൃതിയിലുണ്ടായിരുന്ന വൻനഷ്ടത്തെ ഉൽപ്പാദനക്ഷമത വർധന കൊണ്ടുമാത്രം നികത്താനാവില്ല.
നെൽകൃഷിയിൽനിന്ന് കർഷകർ അകലുന്നതിന്റെ പ്രധാന കാരണം കടുത്ത സാമ്പത്തിക യാഥാർത്ഥ്യങ്ങളാണ്. 2024–25-ലെ കാർഷിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഒരു ഹെക്ടർ നെൽകൃഷിയിൽനിന്ന് എല്ലാ ചെലവുകളും കഴിഞ്ഞ് കർഷകന് ലഭിക്കുന്ന അറ്റാദായം വെറും 12,500 രൂപ മാത്രമാണ്. എന്നാൽ, ഇതേ വിസ്തൃതിയിൽനിന്ന് നാളികേര കൃഷിയിലൂടെ 78,000 രൂപയോളവും മരച്ചീനിയിലൂടെ 3 ലക്ഷത്തോളവും വാഴകൃഷിയിലൂടെ 3.60 ലക്ഷത്തോളവും അറ്റാദായം ലഭിക്കുന്നുണ്ട്. ഈ ഭീമമായ വരുമാന വ്യത്യാസമാണ് പരമ്പരാഗത കർഷകരെപ്പോലും മറ്റു വിളകളിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നത്.
ഇതിനുപുറമേ, നെൽകൃഷി നേരിടുന്ന കടുത്ത തൊഴിൽ ദൗർലഭ്യവും ചെലവേറിയ ഉൽപ്പാദന പ്രക്രിയകളും വലിയ വെല്ലുവിളിയാണ്. നിലമൊരുക്കൽ, ഞാറ്റടി, നടീൽ, വളപ്രയോഗം, ജലസേചനം, കൊയ്ത്ത്, മെതി തുടങ്ങി ഓരോ ഘട്ടത്തിലും ഭാരിച്ച കൂലിച്ചെലവും യന്ത്രച്ചെലവും ആവശ്യമാണ്. പുതിയ തലമുറ കാർഷികേതര ജോലിസാധ്യതകൾ തേടി പോകുന്നതും കൃഷിപ്പണികൾക്ക് തൊഴിലാളികളെ കിട്ടാത്തതും വിപണിയിൽ ന്യായവില ലഭിക്കാത്തതും കർഷകരെ നെൽകൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുന്നു.
നെൽവയലുകളുടെ നഷ്ടം കേവലം കാർഷിക മേഖലയിലെ കണക്കുകളിൽമാത്രം ഒതുങ്ങുന്ന ഒന്നല്ല. അതൊരു വലിയ പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ തകർച്ചയാണ്. തണ്ണീർത്തടങ്ങളായ നെൽവയലുകൾ മഴവെള്ളത്തെ സംഭരിച്ചു നിർത്തുകയും ഭൂഗർഭജലം പുനർനിർമ്മിക്കുകയും ജലപ്രവാഹത്തെ ക്രമീകരിക്കുകയും ചെയ്യുന്ന സ്വാഭാവിക ജലസംഭരണികളാണ്. കൂടാതെ, നിരവധി പക്ഷിമൃഗാദികൾക്കും മത്സ്യങ്ങൾക്കും ചെറുജീവികൾക്കും ജീവനേകുന്ന ജൈവവൈവിധ്യ കേന്ദ്രങ്ങൾ കൂടിയാണിവ.
കനത്ത മഴയും വരൾച്ചയും തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളും പതിവാകുന്ന പുതിയ കാലത്ത് നെൽവയലുകൾ നികത്തുന്നത് വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നു. പ്രകൃതിദത്ത ജലസംഭരണശേഷി നഷ്ടപ്പെടുന്നതോടെ വെള്ളപ്പൊക്ക സാധ്യതകൾ വർദ്ധിക്കുകയും ഒഴുക്കുവെള്ളത്തിന്റെ വേഗത കൂട്ടുകയും ചെയ്യുന്നു. വയലുകൾ നികത്തി നിർമ്മാണപ്രവർത്തനങ്ങൾ നടത്തുമ്പോൾ പ്രദേശത്തെ ഡ്രെയിനേജ് സംവിധാനങ്ങൾ തകരാറിലാകുകയും സമീപപ്രദേശങ്ങളിൽ കുടിവെള്ളക്ഷാമവും വെള്ളക്കെട്ടും രൂക്ഷമാകുകയും ചെയ്യുന്നു.
സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെയും ഈ പ്രവണത സാരമായി ബാധിക്കുന്നു. കേരളത്തിന്റെ പ്രധാന ആഹാരമായ അരിയുടെ ആവശ്യകതയും ആഭ്യന്തര ഉൽപ്പാദനവും തമ്മിൽ വലിയ വിടവുണ്ട്. ഉപഭോഗത്തിനായുള്ള അരിയുടെ ഭൂരിഭാഗത്തിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് വൻ സാമ്പത്തിക-ഭക്ഷ്യ സുരക്ഷാ ഭീഷണിയാണ്. അന്തർസംസ്ഥാന ഗതാഗത തടസ്സങ്ങൾ, ഉൽപ്പാദന സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ, ഇന്ധനവില വർദ്ധന, വിപണിയിലെ വിലക്കയറ്റം എന്നിവ ഉണ്ടാകുമ്പോൾ കേരളം വലിയ ഭക്ഷ്യപ്രതിസന്ധിയിലേക്ക് തള്ളപ്പെടാം.
കേരളത്തിലെ അവശേഷിക്കുന്ന നെൽകൃഷി പ്രധാനമായും പാലക്കാട്, കുട്ടനാട്, തൃശ്ശൂർ-മലപ്പുറത്തെ കോൾ നിലങ്ങൾ, വയനാട് തുടങ്ങിയ മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജലലഭ്യതക്കുറവ്, തൊഴിൽച്ചെലവ്, ഭൂപരിവർത്തന സമ്മർദ്ദങ്ങൾ എന്നിവ നേരിടുമ്പോൾ, സമുദ്രനിരപ്പിന് താഴെ കൃഷി ചെയ്യുന്ന കുട്ടനാട്ടിൽ വെള്ളപ്പൊക്കം, ഉപ്പുരസക്കയറ്റം, ബണ്ടുകളുടെ തകർച്ച, അടിസ്ഥാനസൗകര്യ ചെലവുകൾ എന്നിവയാണ് കൃഷി അലാഭകരമാക്കുന്നത്.
അതുപോലെ, തൃശ്ശൂർ-മലപ്പുറം ജില്ലകളിലെ പാരമ്പര്യ കോൾ നിലങ്ങളിൽ തണ്ണീർത്തട സംരക്ഷണവും വെള്ളപ്പൊക്ക നിയന്ത്രണവും കാർഷിക പ്രവർത്തനങ്ങളുമായി സമന്വയിപ്പിച്ചു കൊണ്ടുപോകുന്നത് വലിയ സങ്കീർണ്ണതകൾ സൃഷ്ടിക്കുന്നു. വയനാടൻ കുന്നിൻചെരുവുകളിലും മറ്റു ജില്ലകളിലും നേരിടുന്ന വെല്ലുവിളികളും വ്യത്യസ്തമാണ്. അതിനാൽ എല്ലാ പ്രദേശങ്ങൾക്കും അനുയോജ്യമായ ഏകീകൃത നയങ്ങൾക്ക് പകരം പ്രാദേശിക സവിശേഷതകൾ ഉൾക്കൊള്ളുന്ന പദ്ധതികളാണ് നടപ്പിലാക്കേണ്ടത്.
നെൽകൃഷിയെ സംരക്ഷിക്കാനും വീണ്ടെടുക്കാനും സാമ്പത്തികമായി ലാഭകരമാക്കാനുള്ള സമഗ്ര ഇടപെടലുകൾ ആവശ്യമാണ്. സമയബന്ധിതമായ നെല്ലുസംഭരണവും കുടിശ്ശികയില്ലാത്ത വിലവിതരണവും ഉറപ്പാക്കണം. കേരളത്തിന്റെ ചെറുകിട തണ്ണീർത്തടങ്ങൾക്ക് അനുയോജ്യമായ യന്ത്രവൽക്കരണം, താങ്ങാനാവുന്ന കൃഷിച്ചെലവുകൾ, കർഷക ഉൽപ്പാദക സംഘടനകളുടെ (FPOs) സജീവത, സഹകരണ കൂട്ടുകൃഷി മാതൃകകൾ എന്നിവ കർഷകരുടെ ഉൽപ്പാദനച്ചെലവ് കുറയ്ക്കുകയും വിപണിയിലെ സ്വാധീനം വർദ്ധിപ്പിക്കുകയും ചെയ്യും.
കൂടാതെ, നെൽവയലുകളെ കേവലം ഒരു ധാന്യവിള ഉൽപ്പാദന കേന്ദ്രമായിമാത്രം കാണാതെ, അവ നൽകുന്ന പരിസ്ഥിതി സേവനങ്ങൾക്ക് കർഷകർക്ക് പ്രത്യേക പ്രോത്സാഹന സഹായങ്ങൾ നൽകാൻ സർക്കാർ തയ്യാറാകണം. വെള്ളപ്പൊക്ക നിയന്ത്രണം, ഭൂഗർഭജല സംരക്ഷണം എന്നിവ നൽകുന്ന പൊതുനന്മ കണക്കിലെടുത്ത് കർഷകർക്ക് ഇൻസെന്റീവുകൾ നൽകുന്നത് കൃഷി ഉപേക്ഷിക്കാതിരിക്കാൻ സഹായിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് തരിശുനിലങ്ങൾ കണ്ടെത്തി കൃഷിയോഗ്യമാക്കുകയും അനധികൃത വയൽ നികത്തൽ തടയുകയും വേണം.
അഞ്ചു പതിറ്റാണ്ടിൽ ഇത്രയേറെ നെൽവയലുകളും നഷ്ടപ്പെട്ടുവെന്ന സ്ഥിതിവിവരക്കണക്കുകൾ കേരളത്തിന് വലിയൊരു മുന്നറിയിപ്പാണ്. നഷ്ടപ്പെട്ട ഓരോ ഹെക്ടറും തിരിച്ചുപിടിക്കുക എളുപ്പമല്ലെങ്കിലും, കൃഷിയെ കർഷകന് ആത്മാഭിമാനവും സുരക്ഷിത വരുമാനവും നൽകുന്ന തൊഴിലായി മാറ്റാനും അവശേഷിക്കുന്ന പാടശേഖരങ്ങളെ ഭാവി തലമുറയ്ക്കായി നിലനിർത്താനും സാധിക്കണം.
മറ്റ് കൃഷിവിളകളുടെ ഉത്പാദനത്തിലും 2024-25 കാലയളവിൽ സമ്മിശ്രമായ മാറ്റങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തെ തേങ്ങ ഉത്പാദനം 6.77 ശതമാനം കുറഞ്ഞു. ഏത്തവാഴ ഉത്പാദനം 17.51 ശതമാനവും അടയ്ക്ക ഉത്പാദനം 17.49 ശതമാനവും കുറഞ്ഞപ്പോൾ കപ്പ ഉത്പാദനത്തിലും 11.03 ശതമാനത്തിന്റെ ഇടിവുണ്ടായി. 2024-25 ൽ സംസ്ഥാനത്തെ ആകെ വിള വിസ്തൃതി 25.15 ലക്ഷം ഹെക്ടറായിരുന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 0.85 ശതമാനത്തിന്റെ കുറവാണ്.
എങ്കിലും റിപ്പോർട്ടിൽ ചില ആശ്വാസകരമായ കണ്ടെത്തലുകളും ഉൾപ്പെടുന്നുണ്ട്. സംസ്ഥാനത്തെ ചക്ക ഉത്പാദനം 16 ശതമാനത്തോളം വർദ്ധിച്ചു. കൂടാതെ, റബ്ബർ ഉത്പാദനത്തിലും 16.7 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തുകയും ഉത്പാദനം 6.22 ലക്ഷം ടണ്ണായി ഉയരുകയും ചെയ്തു. കൃഷിഭൂമിയുടെ ഉപയോഗത്തിലുണ്ടാകുന്ന ഈ ദീർഘകാല മാറ്റങ്ങളും കർഷകരുടെ സാമ്പത്തിക പ്രതിസന്ധികളും പരിഹരിക്കാൻ കൃത്യമായ ആസൂത്രണം ആവശ്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
Published: 25 Nov 2026, 02:55 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented