ന്യൂഡല്‍ഹി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാം. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും നേരത്തെ ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് പിജെ ജോസഫും, പിസി കുര്യാക്കോസും സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

450 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 255 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ജോസഫിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു. ഇവരുടെ പിന്തുണ സംബന്ധിച്ച സത്യവാങ്മൂലം ഉള്‍പ്പടെയുള്ള രേഖകള്‍ കൃത്യമായി പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിക്ക് അനുകൂലമായ ഉത്തരവ് ഇറക്കിയതെന്നും ദിവാന്‍ ചൂണ്ടിക്കാട്ടി. 

ഇക്കാര്യങ്ങള്‍ കണക്കില്‍ എടുക്കുന്നതില്‍ ഹൈക്കോടതിക്ക് വീഴ്ച്ച പറ്റിയെന്ന് ശ്യാം ദിവാന്‍ വാദിച്ചു. എന്നാല്‍ ചിഹ്നം അനുവദിക്കാനുള്ള അധികാരം കമ്മീഷനാണെന്ന ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് ജോസഫിന്റെ ഹര്‍ജി തള്ളിയത്. പിജെ ജോസഫിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ശ്യാം ദിവാനും, അഭിഭാഷകന്‍ റോമി ചാക്കോയും ഹാജരായി. പിസി കുര്യാക്കോസിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ബസവ പ്രഭു പാട്ടീല്‍ ഹാജരായി. ജോസ് കെ മാണിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാലാണ് ഹാജരായത്.

content highlights: two leaf symbol for Jose K Mani faction, Supreme Court rejects Joseph groups plea