ചെന്നൈ: സിനിമാ ജീവിതത്തിൽനിന്ന് രാഷ്ട്രീയത്തിലെത്തിയ ജോസഫ് വിജയ് തമിഴക രാഷ്ട്രീയത്തിലും ഹിറ്റടിക്കുകയാണ്. നിയമസഭയിൽ അവതരിപ്പിച്ച കന്നി ബജറ്റിൽത്തന്നെ ജനപ്രീതി പിടിച്ചുപറ്റുകയാണ് ടിവികെ സർക്കാർ. പ്രചാരണഘട്ടത്തിൽ പറഞ്ഞ കാര്യങ്ങൾ ഓരോന്നായി നടപ്പാക്കുന്നതിനൊപ്പം തന്നെ വിദ്യാഭ്യാസ രംഗത്തും വികസന രംഗത്തും എഐ രംഗത്തും വമ്പൻ പ്രഖ്യാപനങ്ങളാണ് ടിവികെയുടെ കന്നി ബജറ്റിലുള്ളത്‌.

To advertise here,

രാജ്യത്തെ ആദ്യ എഐ-ഇന്നോവേഷൻ നഗരം തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 'അറിവകം' എന്നു പേരിട്ടിരിക്കുന്ന നഗരം എഐ, ഡീപ്-ടെക് വികസനത്തിനായിരിക്കും പ്രാമുഖ്യം നൽകുക. എഐ സർവകലാശാല, അന്താരാഷ്ട്ര നൈപുണ്യ വികസന കേന്ദ്രം, സെമികണ്ടക്ടർ ഹാർഡ്‌വെയർ ടെസ്റ്റിങ് ലാബ്, മൾട്ടി-ഡൊമൈൻ ഇന്നോവേഷൻ ഇൻകുബേറ്ററുകൾ, ആധുനിക റെസിഡൻഷ്യൽ ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇതിലുണ്ടാകുമെന്ന് ധനമന്ത്രി സഭയിൽ പറഞ്ഞു. പ്ലസ് വൺ വിദ്യാർഥികൾക്ക് സൈക്കിൾ നൽകുന്ന പദ്ധതിയും ബജറ്റിലുണ്ട്‌

വിദ്യാർഥികൾക്കും യുവാക്കൾക്കും സ്ത്രീകൾക്കും വിവിധ ആനുകൂല്യങ്ങൾ നൽകുന്ന ബജറ്റാണ് ടിവികെ സർക്കാർ അവതരിപ്പിച്ചത്. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണമോതിരം, വിവാഹിതരാകുന്ന യുവതികൾക്ക് ഒരു പവനും പട്ടുസാരിയും, വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ്പുകൾ, ബ്രാൻഡഡ് സൈക്കിളുകൾ, ഹെൽമെറ്റുകൾ, വാട്ടർ ബോട്ടിലുകൾ തുടങ്ങിയ വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.

ഒളിമ്പിക്സിൽ സ്വർണമെഡൽ ലക്ഷ്യമിട്ടുകൊണ്ട് കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിന് പത്ത് ഒളിമ്പിക് എക്സലൻസ് സെന്ററുകൾ നിർമിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഇതിനായി 50 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചത്. സമൂഹത്തിൽ ഒറ്റപ്പെടുന്ന ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്ക് 'അരൻ' എന്ന പേരിൽ ഷെൽട്ടർ ഹോം പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. താമസം, ഭക്ഷണം, കൗൺസിലിങ് തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2031-ഓടെ അഞ്ചു ലക്ഷം യുവാക്കൾക്ക് എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പരിശീലനം നൽകുമെന്നും 12 ലക്ഷത്തോളം വരുന്ന കോളേജ് വിദ്യാർഥികൾക്കും ഒരു ലക്ഷത്തോളം വരുന്ന തൊഴിലില്ലാത്ത യുവാക്കൾക്കും നൈപുണ്യ വികസന പദ്ധതികൾ നടപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം, തിരഞ്ഞെടുപ്പു വേളയിൽ പ്രഖ്യാപിച്ച സ്ത്രീകളുടെ സൗജന്യ ബസ് യാത്രയുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നും ബജറ്റിൽ ഉണ്ടായില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഇത്. ആദ്യ ബജറ്റിൽത്തന്നെ സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല. ഒരു വർഷം ആറ് ഗ്യാസ് സിലിണ്ടറുകൾ ഒരു കുടുംബത്തിന് നൽകുമെന്ന പ്രഖ്യാപനത്തിലും യാതൊരു വിധത്തിലുള്ള പരാമർശവും ഉണ്ടായിട്ടില്ല. ഇത് ഉന്നയിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനവുമായി രംഗത്തുവന്നു.