ചെന്നൈ: വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹസമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയിൽ ധനമന്ത്രി എൻ.മരിയ വിൽസൺ അവതരിപ്പിച്ചു.

To advertise here,

തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ ടിവികെ മുമ്പോട്ട് വെച്ച 'അണ്ണൻ സീർ തിട്ടം' പദ്ധതിക്ക് 812 കോടി രൂപ മാറ്റിവെച്ചു. വിവാഹിതരാകാൻ പോകുന്ന യുവതികൾക്ക് ഒരു പവൻ(എട്ട് ഗ്രാം) സ്വർണ്ണവും ഒരു സാരിയും ലഭിക്കുന്നതാണ് പദ്ധതി. വെട്രി ലാപ്ടോപ് സ്കീമിനായി 2000 കോടി രൂപ അനുവദിച്ചു. കോളേജ് വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്ടോപ് നൽകുന്നതാണ് പദ്ധതി.

സ്കൂൾ വിദ്യാർഥികളുടെ സുരക്ഷയ്ക്കായും സ്കൂളുകളുടെ സുരക്ഷ വർധിപ്പിക്കാനും പ്രത്യേക പദ്ധതിയും ബജറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. 'ഡ്രഗ് ഫ്രീ തമിഴ്നാട്' എന്ന ആശയവും ബജറ്റിൽ മുന്നോട്ടുവെക്കുന്നുണ്ട്. ഇതിനുവേണ്ടി സ്‌കൂളുകളിൽ പ്രത്യേക വളണ്ടിയർ ഗ്രൂപ്പുകളുണ്ടാക്കും. ഇതുമായി ബന്ധപ്പെട്ട് ആപ്ലിക്കേഷൻ പുറത്തിറക്കും.

മത്സ്യത്തൊഴിലാളികളുടെ പ്രതിമാസ വേതനം വർധിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് വേളയിൽ വിജയ് പ്രഖ്യാപിച്ചിരുന്നു. 6000 രൂപയായിരുന്നു പ്രതിമാസ വേതനം ഇത് 7000 രൂപയായി ഉയർത്തിയിട്ടുണ്ട്. ആദ്യമായി ഹജ്ജിന് പോകുന്നവർക്ക്  നൽകുന്ന സഹായം 25,000 രൂപയിൽനിന്ന് 35,000 രൂപയായി ഉയർത്തിയിട്ടുണ്ട്.