ന്യൂഡൽഹി: ബിഹാറിലെ ജനങ്ങളെ അധിക്ഷേപിച്ചെന്ന ആരോപണം നിഷേധിച്ച് കോൺഗ്രസ് നേതാവ് രാജേന്ദ്ര പാൽ ഗൗതം. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി ബന്ധപ്പെട്ട പരാമർശത്തിനിടെ താൻ 'ബിഹാരി' എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും പ്രസ്താവനയുടെ പൂർണരൂപം കേട്ടശേഷം മാത്രമേ പ്രതികരിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജേന്ദ്ര പാൽ ഗൗതമിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. സംഭവത്തിൽ രാഹുൽ ഗാന്ധി മാപ്പുപറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
താൻ നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കാൻ പ്രസ്തുത സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ട അദ്ദേഹം, 'ഈ പാവങ്ങൾക്ക് ഒന്നും അറിയില്ല' എന്നാണ് താൻ പറഞ്ഞതെന്നും ബിഹാറിനെയോ അവിടെയുള്ള ജനങ്ങളെയോ കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും വിശദീകരിച്ചു.
പ്രസ്താവന കൃത്യമായി കേൾക്കാതെ വാർത്ത നൽകിയ ഏജൻസിക്കെതിരെ കർശന നടപടി വേണമെന്നും രാജേന്ദ്ര പാൽ ആവശ്യപ്പെട്ടു. പറയാത്ത കാര്യത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജേന്ദ്ര പാൽ ഗൗതമിന്റെ പരാമർശത്തിനെതിരെ ബിജെപി എംപി രവിശങ്കർ പ്രസാദ് രംഗത്തെത്തി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനെ മാത്രമല്ല, ബിഹാറിലെ ജനങ്ങളെ ഒന്നാകെയാണ് കോൺഗ്രസ് നേതാവ് അപമാനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
'ഈ പാവപ്പെട്ട ബിഹാറുകാർക്ക് ഒന്നും അറിയില്ല. നൽകുന്ന തിരക്കഥ വായിക്കുക മാത്രമാണ് അവർ ചെയ്യുന്നത്' എന്നായിരുന്നു രാജേന്ദ്ര പാൽ പറഞ്ഞതെന്ന് രവിശങ്കർ ആരോപിച്ചു. ബിഹാറിൽനിന്ന് നിരവധി രാഷ്ട്രീയ നേതാക്കളും കവികളും എഴുത്തുകാരും ജഡ്ജിമാരും സിവിൽ സർവീസ് ഉദ്യോഗസ്ഥരും ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്കാരാണെന്നതുപോലെ ബിഹാറുകാരാണെന്നതിലും അഭിമാനമുണ്ടെന്ന് പറഞ്ഞ രവിശങ്കർ, ബിഹാറിനെക്കുറിച്ച് രാജേന്ദ്ര പാലിന് എന്തറിയാമെന്നും ചോദിച്ചു.
കോൺഗ്രസിന് ലഭിച്ച വിദേശസഹായവുമായി ബന്ധപ്പെട്ട് നിതിൻ നബിൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് രാജേന്ദ്ര പാൽ ഗൗതം തിരക്കഥ വായിക്കുന്നവരെക്കുറിച്ച് പരാമർശിച്ചതെന്നും രാഹുൽ ഗാന്ധിയും പലപ്പോഴും എഴുതി തയ്യാറാക്കിയ പ്രസംഗങ്ങളെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജേന്ദ്ര പാൽ ഗൗതമിന് ഉത്തർപ്രദേശിന്റെ ചുമതല നൽകിയ രാഹുൽ ഗാന്ധി പ്രസ്താവനയിൽ മാപ്പുപറയണമെന്നും അല്ലാത്തപക്ഷം വിഷയം ദേശീയതലത്തിൽ ഉയർത്തിക്കൊണ്ടുവരുമെന്നും രവിശങ്കർ പ്രസാദ് മുന്നറിയിപ്പ് നൽകി.
കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും രാജേന്ദ്ര പാൽ ഗൗതമിന്റെ പരാമർശത്തെച്ചൊല്ലി രാഹുൽ ഗാന്ധിക്കെതിരെ വിമർശനമുന്നയിച്ചു. ബിഹാറിലെ ജനങ്ങളെ അപമാനിക്കാൻ ഉത്തർപ്രദേശിലെ പാർട്ടി നേതാക്കളെ രാഹുൽ ഗാന്ധി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധി മാപ്പുപറയാത്ത പക്ഷം ബിഹാറിലേക്ക് വരാൻ ധൈര്യപ്പെടരുതെന്നും ഗിരിരാജ് സിങ് മുന്നറിയിപ്പ് നൽകി.
Published: 08 Nov 2026, 05:27 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented