ചെന്നൈ: പ്രായപൂർത്തിയാവാത്ത ഒട്ടേറെ പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് അറസ്റ്റിലായ വ്യവസായപ്രമുഖൻ ആർ. വീരമണിക്കും സഹായികളായ ശാന്തി, മഹേന്ദ്രസിംഹൻ എന്നിവർക്കുമെതിരേ ചെന്നൈ പോലീസ് ഗുണ്ടാനിയമം ചുമത്തി.
ചെന്നൈ പോലീസ് കമ്മിഷണർ അമൽ രാജിന്റെ ശുപാർശയനുസരിച്ചാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ പുഴൽ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികൾക്കുമേൽ ഗുണ്ടാനിയമംകൂടി ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ജെം ഗ്രാനൈറ്റ്‌സിന്റെ ഉടമയായ വീരമണി(84)യുടെ പേരിൽ വ്യത്യസ്ത പരാതികളിലായി മൂന്നു പോക്സോ കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്.
ആദ്യകേസിൽ പത്തുപെൺകുട്ടികൾ ഇയാൾക്കെതിരേ മൊഴി നൽകിയിട്ടുണ്ട്. ഇയാളുടെ കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുകയും തെളിവുനശിപ്പിക്കാൻ സഹായിക്കുകയും ചെയ്തതിനാണ് സഹായി ശാന്തി(60), ഭർത്താവ് മഹേന്ദ്രസിംഹൻ(73) എന്നിവരെ അറസ്റ്റുചെയ്തത്.
മൂന്നുപേരും പൊതുസമൂഹത്തിന് അപകടകാരികളാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഗുണ്ടാനിയമപ്രകാരം തടങ്കലിലിടുന്നതെന്ന് പോലീസ് അറിയിച്ചു. വ്യത്യസ്ത കേസുകളിൽ പ്രതിയായ മറ്റ് 11 പേർക്കെതിരേയും വ്യാഴാഴ്ച ചെന്നൈ പോലീസ് ഗുണ്ടാ നിയമം ചുമത്തിയിട്ടുണ്ട്.
പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്ന് 11 മാസത്തിനുശേഷം ഓഗസ്റ്റ് 29-നാണ് വീരമണിയെയും ശാന്തിയെയും മഹേന്ദ്രസിംഹനെയും അറസ്റ്റുചെയ്തത്. ജെം ഗ്രാനൈറ്റ്‌സ് ജീവനക്കാരനായിരുന്ന ഗണേശനെ പിന്നീട് അറസ്റ്റുചെയ്തു.
ഈ കേസിനുപുറമേ മകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നുകാണിച്ച് വീട്ടമ്മ നൽകിയ പരാതിയിലും 10 വർഷംമുൻപ് പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിലും വീരമണിക്കെതിരേ കേസെടുത്തു. ആദ്യകേസിൽ തെളിവെടുപ്പ് പൂർത്തിയായിക്കഴിഞ്ഞു. ആദ്യ കുറ്റപത്രം അടുത്തയാഴ്ചതന്നെ സമർപ്പിക്കാനാണ് കേസന്വേഷിക്കുന്ന എസ്.ഐ.ടി. ഉദ്ദേശിക്കുന്നത്.
കേസന്വേഷണം സി.ബി.ഐ.യ്ക്ക് വിടണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി.യിൽനിന്ന് പിൻമാറാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ വി.വി. ഗീതാഞ്ജലി അപേക്ഷ നൽകിയിട്ടുണ്ട്.
വീരമണിക്കെതിരായ കേസ് നേരത്തേ അന്വേഷിച്ച സംഘത്തിൽ ഉൾപ്പെട്ടിരുന്ന സാഹചര്യത്തിലാണ് പിൻമാറ്റം. സെൻട്രൽ ക്രൈംബ്രാഞ്ച് അഡീഷണൽ കമ്മിഷണർ പി.സി. തേൻമൊഴിയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി.യിൽ ഡി.ഐ.ജി. ദിശ മിത്തൽ, എസ്.പി. മുത്തരശി എന്നിവരാണ് മറ്റംഗങ്ങൾ.
Content Highlights: Chennai police have invoked the Goondas Act against businessman R. Veeramani and his associates, Shanti and Mahendrasimhan, for sexually abusing numerous underage girls, with Veeramani facing multiple POCSO cases. The arrests were made following a video evidence of abuse, and the accused are deemed dangerous to society; additional charges have been filed against 11 others.
Published: 02 Oct 2026, 09:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented