ഹൈദരാബാദ്: 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ കേസില്‍ ടി.ആര്‍.എസ്സിന്റെ ലോക്‌സഭാ എം.പി. മാലോത് കവിതയും കൂട്ടാളിയും കുറ്റക്കാരാണെന്ന് നംപള്ളിയിലെ പ്രത്യേക സെഷന്‍സ് കോടതി കണ്ടെത്തി. ഇരുവരെയും ആറ് മാസം തടവിന് ശിക്ഷിച്ച കോടതി, 10,000 രൂപ പിഴയും ചുമത്തി. എന്നാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. 

To advertise here,

തെലങ്കാനയിലെ മഹബൂബാബാദില്‍ നിന്നുള്ള ലോക്‌സഭാ എം.പിയാണ് കവിത . വിധിക്കെതിരെ മാലോത്ത് കവിത തെലങ്കാന ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചു.

2019 പൊതുതിരഞ്ഞെടുപ്പ് സമയത്ത് കവിതയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ 500 രൂപ വീതം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്നതിനിടയില്‍ എം.പിയുടെ സഹായി ഷൗക്കത്ത് അലിയെ റവന്യു ഉദ്യോഗസ്ഥരും പോലീസ് ഫ്‌ളൈയിംഗ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയപ്പോഴാണ് സംഭവം പുറത്തുവന്നത്. കേസില്‍ ഷൗക്കത് അലി ഒന്നാം പ്രതിയും കവിത രണ്ടാം പ്രതിയുമാണ്. 

വിചാരണ വേളയില്‍ പോലീസ് ഫ്‌ളൈയിംഗ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെയും അവരുടെ റിപ്പോര്‍ട്ടുകളും തെളിവായി ഹാജരാക്കി. ചോദ്യം ചെയ്തപ്പോള്‍ അലി കുറ്റം സമ്മതിച്ചതായും കവിത നല്‍കിയ പണം താന്‍ വിതരണം ചെയ്തുവെന്നും പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ഒരു എം.പിയെ പ്രത്യേക സെഷന്‍സ് കോടതി ശിക്ഷിച്ച ആദ്യ സംഭവമല്ല ഇത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ ബി.ജെ.പി എം.എല്‍.എ രാജാ സിങ്, ടി.ആര്‍.എസ് എം.എല്‍.എ ദനം നാഗേന്ദര്‍ എന്നിവര്‍ക്കും മുന്‍പ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

Content Highlights: TRS MP gets 6 month jail term for bribing voters