
കൊൽക്കത്ത: ആദ്യതവണ തന്നെ എംഎൽഎയായ ഋതബ്രത ബാനർജി തൃണമൂലിലെ ഭൂരിഭാഗം എംഎൽഎമാരെയും ഒപ്പംകൂട്ടിയത് എങ്ങനെ? മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വൻ പ്രതിസന്ധികളിലൂടെ കടന്നുപോവുകയും പാർട്ടി പിളരുകയുംചെയ്ത സാഹചര്യത്തിൽ ഉന്നയിക്കപ്പെടുന്ന പ്രധാന ചോദ്യമിതാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ആഴ്ചകൾക്കുള്ളിൽ ഋതബ്രത ബാനർജി പാർട്ടിയിലെ 80 എംഎൽഎമാരിൽ 60 പേരുടെയും പിന്തുണ ഉറപ്പാക്കിയതാണ് ഏവരെയും അമ്പരപ്പിക്കുന്നത്.
തുടർച്ചയായി മൂന്നുതവണ ബംഗാളിൽ അധികാരത്തിലിരുന്ന തൃണമൂൽ കോൺഗ്രസിന് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തന്നെ പാർട്ടിക്കുള്ളിൽ കലഹവും പൊട്ടിപ്പുറപ്പെട്ടു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലേറും മുൻപേ തന്നെ തൃണമൂലിൽ തർക്കം രൂക്ഷമായിരുന്നു. മമതയുടെ അനന്തരവനും എം.പി.യുമായ അഭിഷേക് ബാനർജിയുടെ പാർട്ടി നേതൃത്വത്തിൽ പിടിമുറുക്കിയതും മമതയ്ക്ക് പിന്നാലെ രണ്ടാമനായി വളർന്നതുമാണ് മറ്റുനേതാക്കളെ അസ്വസ്ഥരാക്കിയത്. ഇതോടെ അഭിഷേകിനെ എതിർക്കുന്നവരെല്ലാം ഒന്നിക്കുകയും തൃണമൂൽ കോൺഗ്രസിൽ പിളർപ്പ് സംഭവിക്കുകയുമായിരുന്നു.
ശോഭൻ ദേബ് ചതോപാധ്യയയെയാണ് മമത ബാനർജി നേരത്തേ പ്രതിപക്ഷ നേതാവായി നിർദേശിച്ചിരുന്നത്. ശോഭൻ ദേബിനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നിയമസഭ സ്പീക്കർക്ക് കത്തും നൽകി. എന്നാൽ, അഭിഷേക് ബാനർജി നൽകിയ കത്തിൽ എംഎൽഎമാരുടെ ഒപ്പ് വ്യാജമാണെന്ന് വിമത എംഎൽഎമാർ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃണമൂൽ എംഎൽഎമാരായ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും നിയമസഭ സെക്രട്ടറിയേറ്റിന് പരാതി നൽകി. എന്നാൽ, പരാതി നൽകിയ എംഎൽഎമാരെ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മണിക്കൂറുകൾക്കുള്ളിൽതന്നെ മമത ബാനർജി പുറത്താക്കി. ഇതിനുപിന്നാലെയാണ് ബംഗാൾ രാഷ്ട്രീയത്തെ ഞെട്ടിച്ച് വിമത എംഎൽഎമാർ സ്പീക്കറെ കണ്ട് അവകാശവാദമുന്നയിച്ചത്. 60 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും ഋതബ്രതയാണ് പ്രതിപക്ഷ നേതാവെന്നും ഇവർ പ്രഖ്യാപിച്ചു. ഇവർ സ്പീക്കറെ കണ്ട് എംഎൽഎമാരുടെ പിന്തുണ തെളിയിക്കുന്ന കത്തും നൽകി.
അതേസമയം, പാർട്ടി പിളർന്നെങ്കിലും തങ്ങളുടെ നേതാവ് മമത തന്നെയാണെന്നാണ് ഋതബ്രത ബാനർജി അടക്കമുള്ളവർ കഴിഞ്ഞദിവസം പ്രതികരിച്ചത്. പാർട്ടി പിളർത്തി മറ്റൊരു പാർട്ടി രൂപവത്കരിക്കില്ലെന്നും തൃണമൂലിന്റെ കൊടിക്ക് കീഴിൽ തന്നെ പ്രവർത്തിക്കുമെന്നും വിമത എംഎൽഎമാർ പറഞ്ഞിരുന്നു.
തൃണമൂലിലെ പിളർപ്പിനെ മഹാരാഷ്ട്രയിലെ ശിവസേനയുടെയും എൻസിപിയുടെയും പിളർപ്പുമായാണ് പലരും താരതമ്യംചെയ്യുന്നത്. എന്നാൽ, തൃണമൂലിനെ പോലെ ഏതാനും ആഴ്ചകൾ കൊണ്ടല്ല ഈ പാർട്ടികളിലൊന്നും പിളർപ്പുണ്ടായത്. പിളരുന്നതിന് മുൻപ് മാസങ്ങളോളം ഇരുപാർട്ടികളിലും അതൃപ്തി പുകഞ്ഞിരുന്നു. ഉദ്ധവ് താക്കറെ പ്രത്യയശാസ്ത്രപരമായി എതിർപക്ഷത്തുള്ള കോൺഗ്രസുമായും എൻസിപിയുമായും കൈകോർത്തതോടെയാണ് ശിവസേന പിളർന്നത്.
മഹാരാഷ്ട്രയിൽ പിളർന്ന എൻസിപിയും ശിവസേനയുമെല്ലാം കൃത്യമായ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ രാഷ്ട്രീയപാർട്ടികളായിരുന്നു. എന്നാൽ, ബംഗാളിൽ രൂപംകൊണ്ട തൃണമൂലിന്റെ സ്ഥിതി വ്യത്യസ്തമാണ്. കൃത്യമായൊരു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല കോൺഗ്രസിൽനിന്ന് പുറത്തുവന്നശേഷം മമത തൃണമൂൽ രൂപവത്കരിച്ചതെന്നാണ് രാഷ്ട്രീയനിരീക്ഷകർ പറയുന്നത്. ഒരു പ്രത്യയശാസ്ത്രത്തിന്റെയും പിൻബലത്തിൽ അല്ല തൃണമൂലിലേക്ക് നേതാക്കളും പ്രവർത്തകരും വ്യാപകമായി എത്തിയതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
2021-ലെ തിരഞ്ഞെടുപ്പിന് മുൻപ് മമത സർക്കാർ പരാജയപ്പെടുമെന്ന് കരുതി തൃണമൂലിൽനിന്ന് ഒരുകൂട്ടം നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. എന്നാൽ, മമത വീണ്ടും ജയിച്ചതോടെ ഇവരിൽ പലരും തൃണമൂലിലേക്ക് തിരിച്ചെത്തുകയുംചെയ്തു. നിലവിൽ തൃണമൂലിൽ പൊട്ടിപ്പുറപ്പെട്ട കലാപം നേതൃത്വത്തിനെതിരേയുള്ള എതിർപ്പിനെത്തുടർന്നാണ്. അഭിഷേക് ബാനർജിയോടുള്ള ഒരുവിഭാഗത്തിന്റെ എതിർപ്പാണ് നിലവിലെ പിളർപ്പിലേക്ക് നയിച്ചതെന്നും ഇക്കാരണത്താലാണ് ഋതബ്രതയുടെ നേതൃത്വത്തിൽ വിമതപക്ഷം രൂപപ്പെട്ടതെന്നും രാഷ്ട്രീയവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
എസ്എഫ്‌ഐ മുൻ അഖിലേന്ത്യ സെക്രട്ടറിയായിരുന്ന ഋതബ്രത ബാനർജിയെ 2017-ലാണ് സിപിഎമ്മിൽനിന്ന് പുറത്താക്കിയത്. പിന്നാലെ അദ്ദേഹം തൃണമൂലിലെത്തി. ആദ്യം സിപിഎമ്മിൽനിന്ന് രാജ്യസഭാംഗമായ ഋതബ്രത പിന്നീട് തൃണമൂലിൽനിന്നും രാജ്യസഭാംഗമായി. ഇത്തവണ ആദ്യമായാണ് ഋതബ്രത എംഎൽഎയായത്.
Content Highlights: Ritabrata Banerjee claims the support of 60 out of 80 TMC MLAs., Internal dissent sparked by Abhishek Banerjee's growing influence in the party., Rebel MLAs submitted a formal complaint regarding fake signatures on leadership documents., Comparison drawn between TMC's rapid split and the historical splits of Shiv Sena and NCP., Rebel faction maintains allegiance to Mamata Banerjee despite opposing the current leadership structure.
Published: 04 Jun 2026, 10:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented