കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും വ്യാപിക്കുന്നു. 23 തൃണമൂൽ എംപിമാർ വിമതരുമായി ബന്ധപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മമതാ ബാനർജി ഇന്ന് വിളിച്ച് ചേർത്ത യോഗത്തിലേക്ക് എട്ട് എംഎൽഎമാരും ആറ് എംപിമാരും മാത്രമാണ് എത്തിചേർന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ആറ് എംപിമാരിൽ രാജ്യസഭാ,ലോക്‌സഭാ അംഗങ്ങളും ഉൾപ്പെടും. ലോക്‌സഭയിൽ മാത്രം തൃണമൂലിന് 29 എംപിമാരുണ്ട്. ഇതിൽ മൂന്ന് പേർമാത്രമാണ് പങ്കെടുത്തിട്ടുള്ളത്. ഇതിലൊരാൾ അനന്തരവനായ അഭിഷേക് ബാനർജിയാണ്.

To advertise here,

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കഴിഞ്ഞ ആഴ്ച വിളിച്ച് ചേർത്ത എംഎൽഎമാരുടെ യോഗത്തിൽ 60 പേരോളം പങ്കെടുത്തിരുന്നില്ല. 80 തൃണമൂൽ എംഎൽഎമാരിൽ 20 പേർ മാത്രമാണ് അന്ന് പങ്കെടുത്തത്. ഇത്തവണ എട്ട് പേരെയുള്ളൂവെന്നതാണ് ശ്രദ്ധേയം.

പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയോടാണ് പ്രധാനമായും വിമത നീക്കം നടത്തുന്നവർക്ക് എതിർപ്പുള്ളത്. എംഎൽഎമാർക്ക് പുറമെ തൃണമൂൽ കോൺഗ്രസ് എംപിമാർക്കിടയിലും നിലവിൽ അതൃപ്തി പടർന്നു പിടിക്കുന്നുണ്ട്. നേതൃത്വ തലത്തിലുള്ള വർധിച്ചു വരുന്ന അസ്വസ്ഥത പാർലമെന്റിൽ ഒരു പ്രത്യേക വിഭാഗമായി നിൽക്കാനുള്ള ചർച്ചകൾക്ക് തുടക്കമിട്ടതായാണ് വിവരം. ഒരു മുതിർന്ന എംപിയുടെ നേതൃത്വത്തിൽ ലോക്‌സഭയിലെ എംപിമാരെ സംഘടിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്.

നിലവിൽ ലോക്‌സഭയിൽ 29 എംപിമാരാണ് തൃണമൂൽ കോൺഗ്രസിന് ഉള്ളത്, അതേസമയം ഒരു പാർട്ടിയായി അംഗീകാരം ലഭിക്കുന്നതിന് കൂറുമാറ്റ നിരോധന നിയമ പ്രകാരം കുറഞ്ഞത് 22 എംപിമാരെങ്കിലും ആവശ്യമാണ്. രാജ്യസഭയിൽ പാർട്ടിയ്ക്ക് 13 അംഗങ്ങളുണ്ട്, അവിടെ പുതിയ ഗ്രൂപ്പായി എത്താൻ ഒമ്പത് എംപിമാരുടെ പിന്തുണ വേണം.

നിയമസഭയിൽ പാർട്ടിയുടെ നിയന്ത്രണം പിടിച്ചെടുത്ത വിമത എം.എൽ.എ.മാർ, അച്ചടക്കലംഘനത്തിന്റെപേരിൽ മമതാ ബാനർജി പുറത്താക്കിയ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി കഴിഞ്ഞദിവസം നാമനിർദേശം ചെയ്തിരുന്നു. തങ്ങളുടെ അവകാശവാദം സ്പീക്കർ രതീന്ദ്ര ബോസ് അംഗീകരിച്ചെന്നും ഋതബ്രത ബാനർജി അവകാശപ്പെട്ടിട്ടുണ്ട്.