
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കാൻ രണ്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ മത്സരത്തിൽ നിന്ന് പിന്മാറി. തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ അടുത്ത അനുയായി കൂടിയായ ജഹാംഗീർ ഖാൻ, ബിജെപി നേതാവും മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയെ പ്രകീർത്തിച്ചുകൊണ്ടാണ് അപ്രതീക്ഷിതമായി പിന്മാറ്റം പ്രഖ്യാപിച്ചത്.
ഫാൽതയുടെ വികസനത്തിനായി മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രത്യേക പാക്കേജ് നൽകുന്നുണ്ടെന്നും പ്രദേശത്ത് സമാധാനം നിലനിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ജഹാംഗീർ ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതേത്തുടർന്നാണ് വോട്ടെടുപ്പിൽ നിന്ന് മാറിനിൽക്കാൻ താൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉത്തർപ്രദേശിൽ നിന്നുള്ള പോലീസ് നിരീക്ഷകൻ അജയ് പാൽ ശർമ്മയെ വെല്ലുവിളിച്ചുകൊണ്ട് ജഹാംഗീർ ഖാൻ തന്നെത്തന്നെ 'പുഷ്പ' എന്ന സിനിമാ കഥാപാത്രത്തോട് ഉപമിച്ചിരുന്നു. 'അദ്ദേഹം സിങ്കമാണെങ്കിൽ ഞാൻ പുഷ്പയാണ്' എന്നായിരുന്നു ഖാന്റെ അന്നത്തെ പ്രസ്താവന. എന്നാൽ ഖാന്റെ പിന്മാറ്റത്തെ പരിഹസിച്ചുകൊണ്ട് സുവേന്ദു അധികാരി രംഗത്തെത്തി. 'പുഷ്പ മുട്ടുമടക്കില്ല എന്നാണ് പറഞ്ഞിരുന്നത്, എന്നാൽ ഇപ്പോൾ പുഷ്പ എവിടെയും ഇല്ലാത്ത അവസ്ഥയായി' എന്ന് അദ്ദേഹം പരിഹസിച്ചു.
ജഹാംഗീർ ഖാന്റെ പിന്മാറ്റം പാർട്ടിയുടെ തീരുമാനമല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നുമാണ് തൃണമൂൽ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. മെയ് 4-ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഫാൽതയിൽ മാത്രം തങ്ങളുടെ നൂറോളം പ്രവർത്തകർ അറസ്റ്റിലായതായി പാർട്ടി ആരോപിച്ചു. ഇതിനുപുറമെ ജഹാംഗീർ ഖാന്റെ ഓഫീസിന് നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ഫാൽത മണ്ഡലത്തിൽ നേരത്തെ നടന്ന വോട്ടെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരുന്നു. വോട്ടർമാരെ ഭീഷണിപ്പെടുത്തൽ, ഇവിഎം മെഷീനുകളിൽ കൃത്രിമം കാണിക്കൽ, പ്രതിപക്ഷ സ്ഥാനാർത്ഥികളുടെ പേര് മറച്ചുവെക്കൽ തുടങ്ങിയ ഗുരുതരമായ പരാതികളെത്തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇവിടെ വീണ്ടും വോട്ടെടുപ്പിന് ഉത്തരവിട്ടത്. ബിജെപി സംസ്ഥാനത്ത് വലിയ വിജയം നേടിയതിന് പിന്നാലെ തൃണമൂൽ സ്ഥാനാർത്ഥി തന്നെ പിന്മാറിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. അതേസമയം വോട്ടർമാരെ പോളിംഗ് ബൂത്തിൽ നിന്ന് അകറ്റാനുള്ള തൃണമൂലിന്റെ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് സുവേന്ദു അധികാരി ആരോപിച്ചു.
Content Highlights: TMC candidate Jahangir Khan withdraws from Falta by-election just two days before polling., Khan expressed support for BJP leader Suvendu Adhikari citing development and peace., TMC leadership claims the withdrawal is a personal decision, not a party directive., The by-election was ordered by the Election Commission following reports of irregularities and voter intimidation., Suvendu Adhikari mocked the withdrawal, referencing Khan's previous 'Pushpa' movie analogy.
Published: 19 May 2026, 06:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented