പത്തനംതിട്ട: പമ്പയിൽ സെപ്റ്റംബർ 20-ന് നടന്ന ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ സംസ്ഥാന ഓഡിറ്റ് വകുപ്പ് രണ്ടുതവണ ചോദിച്ചിട്ടും തിരുവിതാംകൂർ ദേവസ്വംബോർഡ് കൊടുത്തില്ല. ഓഡിറ്റ് വകുപ്പ് ഹൈക്കോടതിക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്.

To advertise here,

അയ്യപ്പസംഗമം തടയണമെന്നാവശ്യപ്പെട്ട് ഫയൽചെയ്ത ഹർജി തള്ളിയിട്ട് അനുമതി നൽകിയുള്ള സെപ്റ്റംബർ ഒമ്പതിലെ ഉത്തരവിലാണ് സംസ്ഥാന ഓഡിറ്റ് വിഭാഗത്തെക്കൊണ്ട് ഓഡിറ്റ് ചെയ്ത കണക്കുകൾ 45 ദിവസത്തിനകം നൽകണമെന്ന് ഉണ്ടായിരുന്നത്.

ഈ ഉത്തരവിന്റെ പകർപ്പ് ഓഡിറ്റ് വകുപ്പിന് കിട്ടിയശേഷം അവർ, ദേവസ്വംബോർഡുമായി ബന്ധപ്പെട്ടു. സംഗമം നടന്ന് 41 ദിവസമായിട്ടും കണക്കുകൾ ഹാജരാക്കാത്തതിനെത്തുടർന്ന്, ഓഡിറ്റ് വകുപ്പ് നവംബർ ഒന്നിന് ദേവസ്വം കമ്മിഷണർക്ക് കത്തയച്ചു. അയ്യപ്പസംഗമത്തിന്റെ രേഖകളും അക്കൗണ്ടുകളും ഓഡിറ്റിന് എത്തിക്കണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. എന്നാൽ കത്തിന് മറുപടി നൽകുകയോ അക്കൗണ്ടുകളും രേഖകളും ഹാജരാക്കുകയോ ചെയ്തില്ല.

ഇതേത്തുടർന്ന് ഫെബ്രുവരി മൂന്നിന് വിവരങ്ങൾ ആവശ്യപ്പെട്ട് വീണ്ടും കത്തയച്ചു. എന്നിട്ടും മറുപടി ഉണ്ടായില്ല. കണക്കുകൾ ഓഡിറ്റ് വകുപ്പിന് കൊടുക്കാതിരുന്ന ദേവസ്വം ബോർഡ്, തിരുവനന്തപുരത്തെ വിജയൻ അസോസിയേറ്റ്‌സിനെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കുകയായിരുന്നു. വർഷങ്ങളായി ദേവസ്വം ബോർഡിനുവേണ്ടി ഓഡിറ്റ് ചെയ്യുന്ന സ്ഥാപനമാണിത്. എന്നാൽ അവർക്ക് എല്ലാ രേഖകളും നൽകുന്നതിലും ദേവസ്വം ബോർഡ് വീഴ്ചവരുത്തി. വിജയൻ അസോസിയേറ്റ്‌സിന്റെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ പോലും കഴിഞ്ഞില്ലെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സമ്മതിച്ചിരുന്നു.

ലഭിച്ച അക്കൗണ്ട് വിവരങ്ങൾ കോടതിയിൽ ഹാജരാക്കാൻ വിജയൻ അസോസിയേറ്റ്‌സിനോട് കോടതി ആവശ്യപ്പെട്ടത് ബോർഡിനെ കൂടുതൽ കുരുക്കിലാക്കും. ആ കണക്കും, പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിനെ വെച്ച് ദേവസ്വം ബോർഡ് തയ്യാറാക്കുന്ന കണക്കും കോടതിയുടെ മുന്നിലേക്ക് വ്യാഴാഴ്ച വരും. കണക്കൊപ്പിക്കാനുള്ള ദേവസ്വത്തിന്റെ പെടാപ്പാട് ഇതിലൂടെ വെളിപ്പെടും. അന്ത്യശാസനം കൊടുത്തതിനെത്തുടർന്ന് 140 ദിവസത്തിന് ശേഷം ദേവസ്വംബോർഡ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച ഹൈക്കോടതി, കണക്കുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇതേത്തുടർന്നാണ് കൃത്യമായ കണക്ക് വ്യാഴാഴ്ച ഹാജരാക്കണമെന്ന് കഴിഞ്ഞദിവസം ഉത്തരവിട്ടത്.