മഹാകുംഭമേളയിലൂടെ ശ്രദ്ധേയയായ മധ്യപ്രദേശ് സ്വദേശിനിയായ പെൺകുട്ടി മരിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. വലിയൊരു ആൾക്കൂട്ടത്തിൻ്റെ ദൃശ്യങ്ങൾക്ക് മുകളിലായി പെൺകുട്ടിയുടെ പൂമാല ചാർത്തിയ പഴയ ചിത്രം എഡിറ്റ് ചെയ്ത് ചേർത്താണ് പ്രചരിപ്പിക്കുന്നത്. ഒട്ടേറെപ്പേർ ഇതിന്‍റെ യാഥാർഥ്യം അന്വേഷിച്ച് മാതൃഭൂമി ഫാക്ട് ചെക്ക് ടിപ് ലൈനുമായി ബന്ധപ്പെട്ടു.

To advertise here,

സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്നും പെൺകുട്ടി സുരക്ഷിതയാണെന്നും അവരുടെ അഭിഭാഷകൻ മാതൃഭൂമി ഫാക്ട് ചെക്കിനോട് വ്യക്തമാക്കി.

പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത് -

“അങ്ങിനെ "മോണാലിസ" പടമായി കേട്ടാ.... മരണകാരണം പീഡനമെന്നത് പറയേണ്ട കാര്യം ഇല്ലല്ലോ... കെട്ടിയ സുടാപ്പി അടുത്ത ഇരയെ തേടി പോയിട്ടുണ്ട്....കേരള മാമ മാധ്യമങ്ങൾ ഇതൊരു വാർത്തയാക്കില്ല.... പ്രയാഗ് രാജിൽ മാല വിറ്റു നടന്ന മോണലിസ കഴിഞ്ഞ കുംഭമേളയിലാണ് ലോകശ്രദ്ധ ആകർഷിച്ചത്.... സിനിമയിലും മോഡലിംഗിലും മറ്റും നിരവതി ഓഫിറുകൾ വന്നു അത് പോലെ പണവും... പക്ഷെ വിധി മറ്റൊന്നായിരുന്നു.. എവിടെ നിന്നോ വന്ന ഒരു മുസ്ലിം തീവ്രവാദിയുടെ വലയിൽ പെട്ട് സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ചു സ്വന്തം നാട് വിട്ട അവർ കേരളത്തിലേക്ക് വന്നു അന്ന് ഇവിടെ വിദ്യാ ആഭാസ മന്ത്രി ആയിരുന്ന ശിവൻകുട്ടി ഇവരെ സ്വീകരിച്ചു വിവാഹം രജിസ്റ്റർ ചെയ്തു കൊടുക്കുകയായിരുന്നു... ഹിന്ദു കുടുംബത്തിൽ പെട്ട പ്രായ പൂർത്തിയാക്കാത്ത മോണലിസയെ ഒരു മുസ്ലിം തീവ്രവാതിക്ക് വിവാഹം നടത്തികൊടുക്കമുമ്പോഴും ഇവിടുത്തെ കമ്മികൾ ഉന്നം വച്ചത് മുസ്ലിം വോട്ട് ബാങ്ക് മാത്രമാണ്....കേരള മാമാ മീഡിയകളും ഇതൊരു ആഘോഷമാക്കിയിരുന്നു.... ഇന്ന് പക്ഷെ പോയത് വീട്ടുകാർക്ക്... അവളുടെ അച്ഛനും അമ്മയ്ക്കും മാത്രം”

മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫർമാൻ ഖാനുമായുള്ള പ്രണയത്തെ തുടർന്ന് 2026 മാർച്ചിൽ കേരളത്തിലെത്തിയ പെൺകുട്ടി തിരുവനന്തപുരം അരുമാനൂർ നൈനാർ ദേവക്ഷേത്രത്തിൽവെച്ച് വിവാഹിതയായിരുന്നു. സിപിഎം നേതാക്കൾ മുൻകയ്യെടുത്തായിരുന്നു ഇത്. വിവാഹത്തിന് പിറകെ 'ലവ് ജിഹാദ്' ആരോപണങ്ങളുമായി തീവ്ര വലതുപക്ഷ സംഘടനകൾ രംഗത്തുവന്നിരുന്നു. പിന്നാലെ പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവും പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ മധ്യപ്രദേശ് പോലീസ് ഫർമാൻ ഖാനെതിരെ തട്ടിക്കൊണ്ടുപോകൽ, പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു.തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നുമാണ് പെൺകുട്ടി വ്യക്തമാക്കിയത്.

മധ്യപ്രദേശ് പോലീസ് കേസെടുത്തതിനെത്തുടർന്ന് അറസ്റ്റ് തടയണമെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയും മുഹമ്മദ് ഫർമാൻ ഖാനും കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരായതിനാൽ മധ്യപ്രദേശിലേക്ക് മടങ്ങിയാൽ തങ്ങൾ 'ദുരഭിമാനക്കൊലയ്ക്ക്' ഇരയാകാൻ സാധ്യതയുണ്ടെന്നും, മധ്യപ്രദേശ് പോലീസ് തങ്ങളെ വേട്ടയാടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ദമ്പതികൾ കേരള ഹൈക്കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യവും കേരളത്തിൽ പോലീസ് സംരക്ഷണം നൽകണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇക്കഴിഞ്ഞ ജൂലൈ 21-ന് പെൺകുട്ടിക്ക് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് എറണാകുളം പാലാരിവട്ടം പോലീസിന് കേരള ഹൈക്കോടതി നിർദേശം നൽകിയിരുന്നു. പെൺകുട്ടി നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഇത്.

വിവാഹശേഷം ഉണ്ടായ വിവാദങ്ങളെത്തുടർന്ന് ഫർമാനും പെൺകുട്ടിയും തങ്ങളുടെ താമസസ്ഥലം ഉൾപ്പടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇരുവരും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ തങ്ങളുടെ പുതിയ വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. മലയാളി സുഹൃത്തുക്കൾക്കൊപ്പമുള്ള വീഡിയോകളും ഈ മാസം പോസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ നവംബർ 27 മുതലാണ് പെൺകുട്ടി പീഡനത്തെ തുടർന്ന് മരിച്ചെന്ന ആരോപണത്തോടെ സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്.

 

https://www.instagram.com/reel/DgJsDGbJDEH/

സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണവുമായി ബന്ധപ്പെട്ട് ഫർമാനും പെൺകുട്ടിയുമായി നേരിട്ട് ബന്ധപ്പെടാനായില്ലെങ്കിലും ഇവരുടെ അഭിഭാഷകനിൽനിന്നു പ്രതികരണം തേടി. പെൺകുട്ടി മരണപ്പെട്ടെന്ന പ്രചാരണം പൂർണമായും വ്യാജമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇരുവരുടെയും അഭിഭാഷകനായ അഡ്വ. അനിഷാദ് വ്യക്തമാക്കി.

ഫർമാനും പെൺകുട്ടിക്കും ജീവന് ഭീഷണിയുണ്ടെന്നും ഇതിനെ തുടർന്നാണ് കോടതി പോലീസ് സംരക്ഷണം ഏർപ്പെടുത്തിയതെന്നും ഇത്തരം പ്രചാരണങ്ങൾ നേരത്തെയും നടന്നതായും അഭിഭാഷകൻ പറഞ്ഞു. ഇതിൽനിന്നു കുഭമേള വൈറൽ പെൺകുട്ടി മരിച്ചെന്ന വാദത്തോടെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന നിഗമനത്തിലെത്താം.