ശബരിമല: ആഗോള അയ്യപ്പസംഗമം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും വരവുചെലവ് കണക്ക് നൽകാതെ ദേവസ്വം ബോർഡ്. ആഗോള അയ്യപ്പസംഗമം വഴി തിരുവിതാംകൂർ ദേവസ്വംബോർഡിന് 3.4 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് ഓഡിറ്റ് റിപ്പോർട്ട്. സംഗമത്തിനുവേണ്ടി ഒരു രൂപ പോലും സർക്കാരിൽനിന്നോ ദേവസ്വം ബോർഡിൽനിന്നോ കൈപ്പറ്റാൻ പാടില്ലെന്ന് കോടതിയുടെ നിർദേശമുണ്ടായിരുന്നു. ഇതു ലംഘിച്ചതും കണക്കിലെ പൊരുത്തക്കേടുമാണ് വരവുചെലവ് കണക്കവതരിപ്പിക്കാൻ സാധിക്കാത്തതിന് കാരണമെന്നാണ് വിവരം.

To advertise here,

സംഗമത്തിന് എട്ടുകോടി രൂപ ചെലവ് വരുമെന്നാണ് അന്നത്തെ ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞിരുന്നത്. ഈ തുക മുഴുവൻ സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ കഴിഞ്ഞോ എന്നതിൽ വ്യക്തതയില്ല.

കോടതി അനുവദിച്ചത് 45 ദിവസം

‌സംഗമം നടന്ന് 45 ദിവസത്തിനുള്ളിൽ വരവുചെലവ് കണക്കിന്റെ ഓഡിറ്റ് റിപ്പോർട്ട് ശബരിമല സ്പെഷ്യൽ കമ്മിഷണർക്ക് കൈമാറണമെന്നാണ് ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദേശിച്ചിരുന്നത്. ‍ഇതിന്റെ കാലാവധി 2025 നവംബർ ഏഴിന് അവസാനിച്ചു. റിപ്പോർട്ട് കിട്ടിയില്ലെന്ന് കമ്മിഷണർ അന്നുതന്നെ ഹൈക്കോടതിയെ അറിയിച്ചു.

റിപ്പോർട്ട് നൽകാൻ 45 ദിവസം കൂടി അധികസമയം വേണമെന്ന ദേവസ്വത്തിന്റെ അഭ്യർഥന കോടതി അനുവദിക്കുകയും ഇനി സമയം കൂട്ടി നൽകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ, സംഗമം കഴിഞ്ഞ് ഒരു വർഷവും രണ്ടുമാസവും കഴിഞ്ഞിട്ടും ഓഡിറ്റ് റിപ്പോർട്ട് നൽകാനായില്ല.

രണ്ടുതവണ റിപ്പോർട്ട് നൽകി

ആഗോള അയ്യപ്പസംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ദേവസ്വംബോർഡ് ഇനിയും നൽകിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ രണ്ടു തവണ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇനി കോടതി തീരുമാനിക്കും.

-ആർ. ജയകൃഷ്ണൻ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ