കൊച്ചി: എസ്.എൻ.ഡി.പി.യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിൽ അന്വേഷണം പൂർത്തിയായ എട്ടുകേസിലും കുറ്റപത്രം ഫയൽചെയ്യാത്തതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എട്ടുകേസിൽ കുറ്റപത്രം ഫയൽചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും ഒരു കേസിൽമാത്രമാണ് നൽകിയതെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്നായിരുന്നു വിമർശനം.
ഉത്തരവിട്ടിട്ടും അനുസരിക്കാത്തത് കോടതിയോടുള്ള അനാദരവാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ അഭിപ്രായപ്പെട്ടു. കുറ്റപത്രം നൽകാത്തതിന്റെ കാരണം വിശദീകരിക്കാൻ അന്വേഷണോദ്യോഗസ്ഥനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകാനും ഉത്തരവിട്ടു. സത്യവാങ്മൂലവും ഫയൽചെയ്യണം.
കുറ്റപത്രം നൽകാനായി എട്ടുകേസിൽ പ്രോസിക്യുഷൻ അനുമതിതേടി സർക്കാരിന് അപേക്ഷ നൽകിയിരുന്നു. വിജിലൻസ് കേസിൽ യോഗം ഭാരവാഹികൾക്കെതിരേ കുറ്റപത്രം നൽകാൻ പ്രോസിക്യൂഷൻ അനുമതി വേണ്ടെന്നും ഫയൽ തിരിച്ചുവാങ്ങി കൊല്ലം വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു.
ബാക്കി കുറ്റപത്രങ്ങൾ എന്താണ് പിടിച്ചുവെച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു. കോടതിയിൽനിന്ന് സർട്ടിഫൈഡ് പകർപ്പ് എടുക്കേണ്ടതിനാലാണ് വൈകുന്നതെന്ന് വിജിലൻസ് വിശദീകരിച്ചു. എല്ലാം കോടതിയിലാണെന്ന് പറയുമ്പോൾ ആഭ്യന്തരവകുപ്പും വിജിലൻസും എന്ത് ചെയ്യുകയായിരുന്നുവെന്നായി കോടതി.
‘ശക്തരായ ആളുകളാകുമ്പോൾ എല്ലാ നടപടിയും കോടതി പറഞ്ഞിട്ടാണല്ലോ നടക്കുന്നത്. പാവങ്ങളാണെങ്കിൽ അതൊന്നും ഇല്ലാതെ കസ്റ്റഡിയിലെടുത്ത് നടപടി സ്വീകരിക്കും’ - കോടതി ചോദിച്ചു.
മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിൽ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മാരാരിക്കുളം സ്വദേശി എം.എസ്. അനിൽ നൽകിയ ഹർജിയാണ് കോടതിയിലുള്ളത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയെത്തുടർന്നാണ് മൈക്രോ ഫിനാൻസ് കേസ് രജിസ്റ്റർചെയ്തത്.
എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് എൻ. സോമൻ, മൈക്രോഫിനാൻസ് കോഡിനേറ്റർ കെ.കെ. മഹേശൻ എന്നിവർ വ്യാജരേഖകൾ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.
Content Highlights: The Kerala High Court criticized the lack of charge sheets filed in eight microfinance fraud cases involving the S.N.D.P. Yogam, despite previous court orders to do so. Justice A. Badharudeen expressed that not complying with court orders shows disrespect, and directed the investigating officer to appear in court and provide an affidavit explaining the delay. The court questioned the delay in filing charge sheets, noting that prosecution permission is not needed for vigilance cases against the organization's officials, and emphasized the need for expedited investigation following a petition by M.S. Anil.
Published: 27 Nov 2026, 08:42 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented