ന്യൂഡൽഹി: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ നടപടികളിൽ രണ്ട് പ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. എല്ലാ സംസ്ഥാനങ്ങളിലെയും ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുകയും ഈ പ്രക്രിയ സെൻസസിൽ നിന്ന് വേർപെടുത്തുകയും ചെയ്യുന്ന നിർദ്ദേശങ്ങളാണ് പരിഗണനയിലുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

To advertise here,

ഈ നിർദേശങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയേക്കും. ഇതുസംബന്ധിച്ച് ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചനകൾ. നവംബർ 30-ന് ലോക്‌സഭയും ഡിസംബർ 2-ന് രാജ്യസഭയും വീണ്ടും ചേരുന്നതിന് മുന്നോടിയായാണ് മന്ത്രിസഭാ യോഗം ചേരുന്നത്. ഓഗസ്റ്റ് 13-ന് ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരുന്നുവെങ്കിലും ഔദ്യോഗികമായി സമ്മേളനം അവസാനിപ്പിച്ചിരുന്നില്ല.

വനിതാ സംവരണ ബിൽ പാസാക്കുന്നതിനായി സർക്കാർ നടത്തുന്ന പുതിയ നീക്കത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ ആലോചിക്കുന്നത്. ഏപ്രിലിൽ പാർലമെന്റിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ ബിൽ പരാജയപ്പെട്ടിരുന്നു. 543 അംഗങ്ങളുണ്ടായിരുന്ന ലോക്‌സഭയിൽ ഭേദഗതി പാസാകാൻ കുറഞ്ഞത് 361 വോട്ടുകളുടെ പിന്തുണ ആവശ്യമായിരുന്നു. നിലവിൽ മൂന്ന് ഒഴിവുകളുള്ള ലോക്‌സഭയിൽ 540 അംഗങ്ങളാണുള്ളത്. ഏകദേശം 320 എംപിമാരുള്ള ഭരണകക്ഷിയായ എൻഡിഎയ്ക്ക് അന്ന് ആവശ്യമായ പിന്തുണ തികയ്ക്കാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ നിലവിൽ രാഷ്ട്രീയ സാഹചര്യങ്ങൾ മാറി. 20 വിമത തൃണമൂൽ കോൺഗ്രസ് എംപിമാർ എൻസിപിഐയിൽ ലയിച്ച് എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ശിവസേന എംപിമാർ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരുകയും ചെയ്തു. ഇതോടെ പ്രതിപക്ഷ എംപിമാരുടെ എണ്ണം കുറഞ്ഞു.

എങ്കിലും ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ ഭൂരിപക്ഷം തികയ്ക്കാൻ സർക്കാരിന് കൂടുതൽ പിന്തുണ ആവശ്യമായി വന്നേക്കാം. 22 എംപിമാരുള്ള ഡിഎംകെയും എട്ട് എംപിമാരുള്ള എൻസിപി (പവാർ പക്ഷം) വിഭാഗവും പിന്തുണയിൽ നിർണയകമായേക്കാം.