ന്യൂഡൽഹി: മധുര തിരുപ്പരൻകുണ്ഡ്രം കുന്നിന് മുകളിലെ ദീപത്തൂണിൽ കാർത്തികദീപം തെളിയിക്കാത്ത സംഭവത്തിൽ സുപ്രീം കോടതിയിൽ ക്ഷമാപണം നടത്തി തമിഴ്നാട് സർക്കാർ. ക്ഷേത്ര ഭരണകൂടം അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാത്തതെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

To advertise here,

സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കാൻ ജില്ലാ ഭരണകൂടം ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്ന് മധുര കളക്ടർ കൃഷ്ണ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ക്ഷേത്ര ഭരണസമിതി അംഗീകരിക്കുന്ന പരിമിതമായ സംഘത്തിന് ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ നവംബർ 24-ന് ചേർന്ന ട്രസ്റ്റി യോഗം പരമ്പരാഗത സ്ഥലത്ത് കാർത്തിക മഹാദീപം തെളിയിക്കാൻ തീരുമാനിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ അനുമതി ലഭിക്കാൻ ഭരണകൂടം ആത്മാർത്ഥമായി ശ്രമിച്ചെന്നും രേഖകൾ സഹിതം കൂടുതൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും കളക്ടർ അറിയിച്ചു.

‘കോടതിയുടെ നിർദ്ദേശങ്ങളോട് മനപ്പൂർവ്വമായ അനുസരണക്കേട് ഉണ്ടായിട്ടില്ല. കോടതി പുറപ്പെടുവിക്കുന്ന എല്ലാ നിർദ്ദേശങ്ങളും പാലിക്കാൻ പ്രതിജ്ഞാബദ്ധമാണ്. ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ സാധിക്കാത്തതിൽ ആത്മാർത്ഥമായി ക്ഷമചോദിക്കുന്നു. ദേവസ്ഥാനത്തിന്റെ അംഗീകാരം നേടുന്നതിനും ദീപത്തൂണിൽ വിളക്ക് തെളിയിക്കുന്നതിനും ജില്ലാ ഭരണകൂടം എല്ലാ ശ്രമങ്ങളും നടത്തി. എന്നാൽ, ക്ഷേത്ര ഭരണകൂടത്തിന്റെ പ്രമേയപ്രകാരം പഴയ സ്ഥലത്ത് വിളക്ക് തെളിയിക്കാൻ തീരുമാനിക്കുകയായിരുന്നു’, കളക്ടർ സത്യവാങ്മൂലത്തിൽ അറിയിച്ചു.

അതേസമയം, ദീപം തെളിയിക്കാത്ത സംഭവത്തിൽ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമെന്നും സംസ്ഥാന സർക്കാരിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ദർഗയ്ക്ക് സമീപമുള്ള വിവാദ കൽത്തൂണിൽ വിളക്ക് തെളിയിക്കാതെ, ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പതിവ് സ്ഥലത്താണ് ചൊവ്വാഴ്ച വൈകുന്നേരം കാർത്തിക ദീപം തെളിയിച്ചത്. ഇതേത്തുടർന്ന് പ്രദേശത്ത് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നവംബർ 20-നാണ് ഒറ്റത്തവണത്തേക്ക് മാത്രം ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നത്. സംഭവത്തിൽ രാഷ്ട്രീയ തലത്തിലും വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്.