ന്യൂഡൽഹി: പ്രതിഷേധ സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് പ്രത്യേക നിയമപരമായ സംരക്ഷണം ആവശ്യമുണ്ടോ എന്ന കാര്യം പരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി. അക്രിഡിറ്റേഷൻ (ഔദ്യോഗിക അംഗീകാരം) ലഭിച്ച മാധ്യമപ്രവർത്തകരും സ്വയം മാധ്യമപ്രവർത്തകരെന്ന് അവകാശപ്പെടുന്നവരും ഒരേതരത്തിലുള്ള സംരക്ഷണത്തിന് അർഹരാണോ എന്നതും കോടതി പരിശോധിക്കും.

To advertise here,

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഡൽഹി പോലീസ് മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ കേരള പത്രപ്രവർത്തക യൂണിയൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് മാധ്യമപ്രവർത്തകരുടെ പ്രത്യേക സംരക്ഷണം സംബന്ധിച്ച വിഷയങ്ങൾ പരിശോധിക്കുമെന്ന് വ്യക്തമാക്കിയത്. ആരെയാണ് മാധ്യമപ്രവർത്തകനായി കണക്കാക്കേണ്ടത്, ഔദ്യോഗിക അംഗീകാരമോ മാധ്യമസ്ഥാപനങ്ങളുമായുള്ള ബന്ധമോ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡമാകണോ തുടങ്ങിയ കാര്യങ്ങളും കോടതി പരിഗണിക്കും.

പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ പോലീസുമായി ഇടപെടുന്നതിൽ മാധ്യമപ്രവർത്തകർക്ക് പ്രത്യേക അവകാശങ്ങളുണ്ടോ, പ്രതിഷേധസ്ഥലത്തുനിന്ന് ഒരു മാധ്യമപ്രവർത്തകനെ ബലമായി നീക്കം ചെയ്യുന്നത് കസ്റ്റഡിയായി കണക്കാക്കാമോ, ഇത്തരം നടപടികൾക്ക് ഭരണഘടനാപരമായ എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാകും തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.

സ്വയം മാധ്യമപ്രവർത്തകരെന്ന് അവകാശപ്പെടുന്നവർക്ക് ഔദ്യോഗിക അംഗീകാരമുള്ള മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന അതേ സംരക്ഷണം ലഭിക്കണമെന്നില്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജോയ് മാല ബാഗ്ചി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേരള പത്രപ്രവർത്തക യൂണിയനുവേണ്ടി മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശും അഭിഭാഷക ആൻ മാത്യുവും ഹാജരായി.

ഏഴ് മലയാളി മാധ്യമപ്രവർത്തകരുടെ പരാതി സമിതിക്ക് കൈമാറി

ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ഏഴ് മലയാളി മാധ്യമപ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായെന്ന പരാതിയും സുപ്രീംകോടതി പരിഗണിച്ചു. പരാതി അന്വേഷിക്കാൻ ജസ്റ്റിസ് സുഭാഷ് റെഡ്ഢിയുടെ അധ്യക്ഷതയിൽ രൂപീകരിച്ച ഉന്നതാധികാര സമിതിക്ക് കോടതി ഇത് കൈമാറി. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം മുൻ പ്രസിഡന്റ് ഡി. ധനസുമോദാണ് ഇതുസംബന്ധിച്ച് ഹർജി നൽകിയത്.

പരാതിയുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും സമിതിക്ക് മുന്നിൽ സമർപ്പിക്കാൻ കേരള പത്രപ്രവർത്തക യൂണിയനോട് കോടതി നിർദേശിച്ചു. സംഭവത്തിന്റെ വസ്തുതകൾ പരിശോധിച്ച് കണ്ടെത്തലുകൾ രേഖപ്പെടുത്താനും സമിതിയോട് ആവശ്യപ്പെട്ടു. പ്രതിഷേധസ്ഥലത്ത് മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നോ, അവർക്കെതിരെ പോലീസ് ബലം പ്രയോഗിച്ചോ, അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് പൊതുസമാധാനം നിലനിർത്താൻ ആവശ്യമായ പരിധി കടന്നുള്ള നടപടിയായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിക്കുക.

മാതൃഭൂമിയിലെ ഫോട്ടോഗ്രാഫർ വിഷ്ണു പ്രസാദ്, 24 ന്യൂസിലെ സുഹൈൽ മുഹമ്മദ്, വി.എസ്. രാഹുൽ, ഏഷ്യാനെറ്റ് ന്യൂസിലെ സജിൻ, റിപ്പോർട്ടർ ടിവിയിലെ റോഷ്നി രാജൻ, ഫർസാന, മനോരമ ന്യൂസിലെ മിജി പി. ജോസ് എന്നിവർക്കാണ് പോലീസ് കൈയേറ്റം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നത്.