
ഡോ. ഉമര്‍ മുഹമ്മദ് | Photo: ANI | ഡോ. ഷഹീന് സയീദ് | Photo: @bstvlive X
ലഖ്‌നൗ: വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യൂളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ വിദേശത്തുനിന്നടക്കം ആയുധങ്ങള്‍ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍. രാജ്യത്താകെ സ്‌ഫോടനം നടത്തുക എന്ന ഉദ്ദേശത്തോടെ ഇവര്‍ വലിയതോതില്‍ സ്‌ഫോടകവസ്തുക്കള്‍ സംഭരിച്ചിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യുളില്‍ അറസ്റ്റിലായവര്‍. ഇതില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത മുസമ്മില്‍ ഗനായി, ഷഹീന്‍ സായിദ്, അദീല്‍ റാഥര്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായ ഡോക്ടര്‍മാര്‍.
ഇതില്‍ മുസമ്മില്‍ അഞ്ചുലക്ഷം രൂപ വിലവരുന്ന റഷ്യന്‍ നിര്‍മിത എ.കെ-56 റൈഫിൾ വാങ്ങിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായ ഷഹീന്‍ സയീദ് വഴിയാണ് മുസമ്മില്‍ റൈഫിള്‍ വാങ്ങിയത്. ഇത് പിന്നീട് അന്വേഷണ സംഘം അദീലിന്റെ ലോക്കറില്‍ നിന്ന് കണ്ടെത്തിയിരുന്നു.
മറ്റൊരു റഷ്യന്‍ നിര്‍മിത അസോള്‍ട്ട് റൈഫിളായ എ.കെ ക്രിന്‍കോവ്, ഒരു ചൈനീസ് സ്റ്റാര്‍ പിസ്റ്റള്‍, ബെരേറ്റ പിസ്റ്റള്‍, 2900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ എന്നിവയാണ് ഇവരില്‍ നിന്ന് പിന്നീട് കണ്ടെടുത്തത്. അദീലിന്റെ ലോക്കറില്‍ നിന്ന് എ.കെ-56 കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഭീകരവാദികളുടെ ലക്ഷ്യങ്ങള്‍ എത്രത്തോളം അപകടകരമാണെന്ന് അന്വേഷണ സംഘം അപ്പോഴാണ് തിരിച്ചറിഞ്ഞത്.
റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ സംഘടിപ്പിക്കാന്‍ നീക്കം നടത്തിയത് അറസ്റ്റിലായ ഷഹീന്‍ സയീദാണെന്നാണ് എന്‍ഐഎ പറയുന്നത്. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനായി ഡീപ് ഫ്രീസറും ഇത്തരത്തില്‍ സംഘടിപ്പിച്ചു. ചൂടുകൂടിയാല്‍ അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഐഇഡി തയ്യാറാക്കാനുള്ള സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനാണ് ഡീപ് ഫ്രീസര്‍ വാങ്ങിയത്. അതീവ രഹസ്യമായി നടത്തിയ ചര്‍ച്ചയിലൂടെയാണ് ഇവ സംഭരിച്ചത്. ഡല്‍ഹിയില്‍ ചാവേര്‍ ആക്രമണം നടത്തിയ ഉമര്‍ നബിയുടെ നിര്‍ദേശപ്രകാരം ഇടപാടുകള്‍ നടന്നത് മുസമ്മില്‍ വഴിയായിരുന്നു.
ആയുധങ്ങള്‍ക്കും സ്‌ഫോടകവസ്തുക്കള്‍ക്കുമായി 26 ലക്ഷം രൂപയാണ് ഇവര്‍ സംഘടിപ്പിച്ചത്. പണം കണ്ടെത്താനുള്ള ചുമതല ഷഹീന്‍ ആണ് ഏറ്റെടുത്തത്. ഫണ്ട് കണ്ടെത്തുന്നതില്‍ മാത്രമല്ല ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സംഭരിക്കാനും ഷഹീന് നിരവധി വഴികള്‍ അറിയാമായിരുന്നുവെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം.
പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഉമര്‍ ഫറൂഖിന്റെ ഭാര്യയും ജയ്‌ഷെയുടെ വനിതാ ഭീകര വിഭാഗത്തിന്റെ നേതാക്കളിലൊരാളുമായ അഫിറാ ബിബിയുമായി ഷഹീന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഉമര്‍ ഫറൂഖിനെ സുരക്ഷാ സേന പിന്നീട് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.
ഡല്‍ഹിയില്‍ ചാവേര്‍ ആക്രമണം നടത്തിയ ഉമര്‍ നബി ഐഇഡി തയ്യാറാക്കാനായി പരിശീലനം നേടിയത് ഓണ്‍ലൈന്‍ വഴി തുര്‍ക്കിയില്‍ നിന്നുള്ള ഹാന്‍ഡ്‌ലറിന്റെ സഹായത്തോടെയാണ് എന്നാണ് കണ്ടെത്തിയത്. എല്ലാ പദ്ധതികളും പൂര്‍ത്തിയായി ആക്രമണത്തിന് സജ്ജമായിക്കൊണ്ടിരിക്കെയാണ് ജമ്മുകശ്മീര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭീകരവാദികള്‍ ഒന്നൊന്നായി അറസ്റ്റിലാകാന്‍ തുടങ്ങിയത്. ഇവര്‍ക്കെല്ലാം അല്‍ ഫലാ സര്‍വകലാശാലയുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു.
ഇതിനിടയില്‍ ഇവര്‍ക്കിടയില്‍ തന്നെ ചില വാക്കുതര്‍ക്കങ്ങളുണ്ടായി. ഇതിന് ദൃക്‌സാക്ഷികളുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള ചുവന്ന എക്കോ സ്‌പോര്‍ട്ട് കാറിനുള്ളിലും ഉമര്‍ ഐഇഡി ഘടിപ്പിച്ചിരുന്നു. ഇത് മുസമ്മിലിന് ഉപയോഗിക്കാനായി ഉമര്‍ കൈമാറിയെന്നാണ് അന്വേഷണ സംഘം പറയുന്നത്.
Content Highlights: White-collar terror module members arrested with foreign-made weapons and huge explosives cache. Links to Jaish-e-Mohammed revealed. Get details on the plot.
Published: 23 Nov 2025, 10:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented