ന്യൂ ഡല്‍ഹി: നവംബര്‍ 10-ന് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുസമ്മില്‍ ഗനായിയും ഷഹീന്‍ സയീദും ഉള്‍പ്പെടെ നാലുപേരെ കൂടുതല്‍ ചോദ്യംചെയ്യലിനായി കോടതി ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച, പട്യാല ഹൗസ് കോടതിയാണ് ഇവരെ 10 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്.

To advertise here,

സ്‌ഫോടനത്തിന് മുമ്പ്, 'വൈറ്റ് കോളര്‍ ഭീകരസംഘ'വുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തവരാണ് മുസമ്മില്‍ ഗനായി, അദീല്‍ റാഥര്‍, ഷഹീന്‍ സയീദ്, മതപ്രഭാഷകനായ മൗലവി ഇര്‍ഫാന്‍ അഹമ്മദ് വാഗെ എന്നിവര്‍. പട്യാല ഹൗസ് കോടതിയിലെ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ പ്രൊഡക്ഷന്‍ ഉത്തരവിനെ തുടര്‍ന്നാണ് ഭീകരവിരുദ്ധ അന്വേഷണ ഏജന്‍സി ഇവരെ ശ്രീനഗറില്‍ വെച്ച് കസ്റ്റഡിയിലെടുത്തത് എന്ന് എന്‍ഐഎ വക്താവ് വ്യക്തമാക്കി.

'നിരവധി നിരപരാധികളെ കൊല്ലുകയും മറ്റനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തില്‍ ഇവര്‍ക്കെല്ലാം പ്രധാന പങ്കുണ്ടെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തി.' എന്‍ഐഎ വക്താവ് പറഞ്ഞു.

മുസമ്മില്‍, അദീല്‍, ഷഹീന്‍ എന്നിവര്‍ ഫരീദാബാദിലെ അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ജീവനക്കാരായിരുന്നു. കശ്മീര്‍, ഹരിയാണ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ജെയ്ഷെ മുഹമ്മദ്, അന്‍സാര്‍ ഗസ്വത് ഉല്‍ ഹിന്ദ് എന്നിവയുള്‍പ്പെട്ട ഒരു വൈറ്റ് കോളര്‍ ഭീകരസംഘത്തിന്റെ ഭാഗമാണ് ഇവരെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'വൈറ്റ് കോളര്‍ ഭീകരസംഘ'മെന്ന് പോലീസ് വിശേഷിപ്പിക്കുന്ന സംഘത്തിലെ മൂന്നുപേരാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് എട്ടുപേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് കണ്ടെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം രാജ്യത്തെ നടുക്കിയ സ്‌ഫോടനം നടന്നത്.

പതുക്കെ സഞ്ചരിച്ചിരുന്ന വെള്ള നിറത്തിലുള്ള ഒരു ഹ്യൂണ്ടായ് i20 കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹരിയാനയിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ 28 കാരനായ അസിസ്റ്റന്റ് പ്രൊഫസര്‍ ഉമര്‍ മുഹമ്മദാണ് ഡല്‍ഹിയിലെ ചാവേറാക്രമണം നടത്തിയതെന്നാണ് പോലീസിന്റെ നിഗനം. ഉമര്‍, അദീല്‍, മുസമ്മില്‍ എന്നിവര്‍ ജമ്മു കശ്മീര്‍ സ്വദേശികളാണ്. ഇര്‍ഫാന്‍ ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ സ്വദേശിയാണ്.

ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഡോ. മുസമ്മില്‍ അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരനായിരുന്നു. ഇയാളുടെ ഫരീദാബാദിലെ വസതിയില്‍ നിന്ന് 360 കിലോ അമോണിയം നൈട്രേറ്റും സ്‌ഫോടക വസ്തു നിര്‍മ്മാണത്തിനുള്ള 2,500 കിലോ രാസവസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു. പരിശോധനയില്‍, ഒരു കരോം കോക്ക് റൈഫിള്‍, രണ്ട് ഓട്ടോമാറ്റിക് പിസ്റ്റളുകള്‍, 84 കാട്രിഡ്ജുകള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.

മൗലവി ഇര്‍ഫാനാണ് മുസമ്മിലിനെ ഐഎസ് ബന്ധമുള്ള ഗ്രൂപ്പിന് പരിചയപ്പെടുത്തിയതെന്നും പോലീസ് സംശയിക്കുന്നു. ഒരു സ്വതന്ത്ര ഭീകര യൂണിറ്റ് രൂപീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി 2023-ലും 2024-ലും ഇയാള്‍ ആയുധങ്ങള്‍ സംഭരിച്ചതായും വിവരമുണ്ട്. ഈ ഭീകര സംഘത്തിലെ മറ്റ് അംഗങ്ങളോടൊപ്പം ഇരുവരും കൂടുതല്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.

ലഖ്നൗ സ്വദേശിനിയായ ഡോ. ഷഹീന്‍ സയീദും അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുകയായിരുന്നു. ഡോ. മുസമ്മില്‍ ഉപയോഗിച്ചിരുന്ന ഇവരുടെ കാറില്‍ നിന്ന് ഒരു ക്രിന്‍കോവ് അസോള്‍ട്ട് റൈഫിള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ചെങ്കോട്ട സ്‌ഫോടനക്കേസിലെ ചാവേറായ ഡോ. ഉമര്‍ മുഹമ്മദുമായി ഷഹീന് ബന്ധമുണ്ടായിരുന്നു.

ഇന്ത്യയില്‍ ഒരു വനിതാ ബ്രിഗേഡ് സ്ഥാപിക്കാനുള്ള ജെയ്ഷെ മുഹമ്മദിന്റെ നീക്കത്തിനിടെയാണ് ഷഹീന്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്ന് വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യയില്‍ ജെയ്ഷെ മുഹമ്മദിനായി സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിന് ഷഹീന്‍ മേല്‍നോട്ടം വഹിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍-ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്തു.

ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ല സ്വദേശിയായ അദീല്‍ അഹമ്മദ് റാഥര്‍ ഫരീദാബാദിലെ അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ശ്രീനഗറില്‍ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണച്ച് പോസ്റ്ററുകള്‍ പതിച്ചെന്നാരോപിച്ചാണ് ഇയാളെ പോലീസ് ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ സ്വദേശിയായ മൗലവി ഇര്‍ഫാന്‍ അഹമ്മദ് വാഗെ, ശ്രീനഗറിലെ ജിഎംസിയില്‍ പാരാമെഡിക്കല്‍ സ്റ്റാഫായും നൗഗാമിലെ പ്രാദേശിക പള്ളികളില്‍ മതപ്രഭാഷകനായും പ്രവര്‍ത്തിച്ചിരുന്നു. അവിടെവെച്ച് ഇയാള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചതായി ആരോപണമുണ്ട്. മുസമ്മിലിനെ ഈ തീവ്രവാദ ശൃംഖലയിലേക്ക് പരിചയപ്പെടുത്തിയത് വാഗെയാണെന്നും പറയപ്പെടുന്നു.

ഒക്ടോബര്‍ 18,19 തീയതികളില്‍ ശ്രീനഗര്‍ നഗരത്തിന് പുറത്തുള്ള മതിലുകളില്‍, പോലീസിനും സുരക്ഷാ സേനയ്ക്കും നേരെ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. നിരോധിത സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പേരിലുള്ള പോസ്റ്ററുകളായിരുന്നു ഇവ. പോസ്റ്ററുകള്‍ പതിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ആരിഫ് നിസാര്‍ ദാര്‍ എന്ന സാഹില്‍, യാസിര്‍ ഉല്‍ അഷ്‌റഫ്, മഖ്‌സൂദ് അഹമ്മദ് ദാര്‍ എന്ന ഷാഹിദ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തത്.

ചോദ്യം ചെയ്യലില്‍, പോസ്റ്ററുകള്‍ നല്‍കിയത് വാഗെയാണെന്ന് ഇവര്‍ വെളിപ്പെടുത്തി. ഇതേത്തുടര്‍ന്ന് വാഗെയെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥരെ അല്‍ ഫലാഹ് സര്‍വകലാശാലയിലേക്കും കശ്മീരി ഡോക്ടര്‍മാരുടെ സംഘത്തിലേക്കും എത്തിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്ന അമീര്‍ റാഷിദ് അലിയെയും, ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരന് സാങ്കേതിക സഹായം നല്‍കിയ ജാസിര്‍ ബിലാല്‍ വാനി എന്ന ഡാനിഷിനെയും എന്‍ഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

'ആക്രമണത്തിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം കൈമാറിയ ഭീകരവിരുദ്ധ ഏജന്‍സി, ഈ കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ട ഭീകരസംഘത്തിലെ ഓരോ അംഗത്തെയും കണ്ടെത്താനും അറസ്റ്റ് ചെയ്യാനും വിവിധ സംസ്ഥാന പോലീസ് സേനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്.' എന്ന് എന്‍ഐഎ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.