ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാരിന്റെ 'മഹാലക്ഷ്മി' സൗജന്യ ബസ് പദ്ധതിയിലുള്ള ബസ് യാത്രയ്ക്കിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ കോൺഗ്രസ് എം.എൽ.എയ്ക്കെതിരെ പ്രതിഷേധം. ഇബ്രാഹിംപട്ടണം മണ്ഡലത്തിലെ എം.എൽ.എ മൽറെഡ്ഡി രംഗറെഡ്ഡി ബസിനുള്ളിൽ വെച്ച് രണ്ട് വിദ്യാർഥിനികളോട് സംസാരിക്കുകയും അതിലൊരാളുടെ കൈയിൽ പിടിച്ച് അടുത്തേക്ക് വലിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. എം.എൽ.എ കൈയിൽ പിടിച്ചപ്പോൾ പെൺകുട്ടി മാറിനിൽക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വീണ്ടും കൈയിൽ പിടിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതിപക്ഷ കക്ഷികളായ ബി.ജെ.പിയും ബി.ആർ.എസും ജനപ്രതിനിധിയുടെ പെരുമാറ്റത്തിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി.

To advertise here,

സംഭവത്തിൽ കോൺഗ്രസിനെതിരെ ബി.ജെ.പി നേതാവ് അരുൺ യാദവ് രൂക്ഷ വിമർശനമുന്നയിച്ചു. പെൺകുട്ടിയുടെ ഇടുപ്പിലൂടെ കൈയിടാൻ എം.എൽ.എ ശ്രമിച്ചുവെന്ന് ആരോപിച്ച ബി.ജെ.പി, കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വെളിവാകുന്നതെന്നും വിമർശിച്ചു. സ്വന്തം നേതാക്കളുടെ കാര്യത്തിൽ എന്നായിരിക്കും കോൺഗ്രസ് ഇത്തരം മുദ്രാവാക്യങ്ങൾ നടപ്പിലാക്കുകയെന്നും അദ്ദേഹം ചോദിച്ചു.

ബി.ആർ.എസ് നേതാവ് ആർ.എസ്. പ്രവീൺ കുമാറും എം.എൽ.എയുടെ നടപടിയെ ശക്തമായി ചോദ്യം ചെയ്യുകയും ഇത് സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റകൃത്യമല്ലേ എന്ന് ചോദിക്കുകയും ചെയ്തു. തെലങ്കാന സംസ്ഥാന വനിതാ കമ്മീഷൻ എം.എൽ.എയെ വിളിച്ചുവരുത്തണമെന്നും ബസിൽ വനിതാ സുരക്ഷാ ജീവനക്കാർ ഇല്ലാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ടക്ടറിൽ നിന്ന് പരാതി സ്വീകരിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ ഡി.ജി.പിയോട് ആവശ്യപ്പെട്ട അദ്ദേഹം, സ്ത്രീകളെ അപമാനിക്കുന്ന കാര്യത്തിൽ ബി.ജെ.പിയും കോൺഗ്രസും പരസ്പരം മത്സരിക്കുകയാണെന്നും കുറ്റപ്പെടുത്തി.

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ എം.എൽ.എ മൽറെഡ്ഡി രംഗറെഡ്ഡി, പെൺകുട്ടികളോട് 'പിതൃതുല്യമായ വാത്സല്യത്തോടെയാണ്' സംസാരിച്ചതെന്നും ബി.ആർ.എസ് വിഷയം വളച്ചൊടിക്കുകയാണെന്നും പറഞ്ഞു. ബസിൽ യാത്ര ചെയ്യവേ യാത്രക്കാരുടെ തിരക്ക് കാരണം കൂടുതൽ ബസുകൾ അനുവദിക്കണമെന്ന് വിദ്യാർഥിനികൾ ആവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബസ് വളവ് തിരിയുന്ന സമയത്ത് പകർത്തിയ ദൃശ്യം ദുർവ്യാഖ്യാനം ചെയ്തതാണെന്നും പെൺകുട്ടികളോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും എം.എൽ.എ വിശദീകരിച്ചു.