ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ സുരക്ഷ ശക്തമാക്കി. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്തും തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തും വിന്യസിച്ചു. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി അടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ ഇസഡ് പ്ലസ് സുരക്ഷയാണ് ഗ്യാനേഷിനുള്ളത്.

To advertise here,

എസ്‌ഐആർ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിക്ക് സമീപത്തും ആഗ്രയിലെ കുടുംബവീടിന് സമീപത്തും പ്രതിഷേധങ്ങൾ നടന്നിരുന്നു. പിന്നാലെയാണ് ഗ്യാനേഷിനുള്ള സുരക്ഷയെക്കുറിച്ച് പുനരവലോകനം നടത്തിയതും വർധിപ്പിക്കാൻ തീരുമാനിച്ചതും.

‘ഗ്യാനേഷിന്റെ വീട് എവിടെയെന്ന് കണ്ടെത്താൻ പ്രതിഷേധക്കാർക്ക് കഴിഞ്ഞു. ആഗ്രയിലെ അദ്ദേഹത്തിന്റെ കുടുംബവീടിന് പുറത്തും പ്രതിഷേധം നടന്നു. എല്ലാത്തരത്തിലുള്ള ഭീഷണികളും വിലയിരുത്തുകയും സുരക്ഷ വർധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.