സിദ്ധാർഥ് മൽഹോത്രയും തമന്ന ഭാട്ടിയയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ദി വാൻ- ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റ്' എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ ഗുരുതര ആരോപണവുമായി ഗായകനും സംഗീതസംവിധായകനുമായ സർഗം വൈശ്. തന്റെ അനുമതിയില്ലാതെയാണ് 'അയിഗിരി നന്ദിനി' എന്ന ഗാനം സിനിമയുടെ ട്രെയ്‌ലറിൽ ഉപയോഗിച്ചതെന്ന് സർഗം വൈശ് ഇൻസ്റ്റാഗ്രാമിലൂടെ ആരോപിച്ചു. പാട്ട് ട്രെയ്‌ലറിൽനിന്ന് പിൻവലിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും സർഗം വൈശ് മുന്നറിയിപ്പ് നൽകി.

To advertise here,

കഴിഞ്ഞ മൂന്ന് വർഷത്തെ തന്റെ അധ്വാനത്തിന്റെ ഫലമായ 'അയിഗിരി നന്ദിനി' എന്ന ഗാനം ട്രെയ്‌ലറിന്റെ 1.08 മുതൽ 1.30 സെക്കൻഡ് വരെയുള്ള ഭാഗത്താണ് അനുമതിയില്ലാതെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം റീലിലൂടെ ട്രെയ്‌ലറിലെ ഈ ഭാഗം പ്ലേ ചെയ്താണ് സർഗം വൈശ് തെളിവുസഹിതം പുറത്തുവിട്ടത്.

ഒരു പ്രമുഖ മ്യൂസിക് ലേബലുമായി ഗാനത്തിന്റെ കരാറിൽ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. അനുമതിയില്ലാതെ ഉപയോഗിക്കുന്നത് കരാറിനെ ബാധിച്ചേക്കുമെന്നും ഗായകൻ വ്യക്തമാക്കി. അനുമതിയില്ലാതെ ഒരു കലാകാരന്റെയും സൃഷ്ടികൾ ഉപയോഗിക്കരുത്. നിർമാതാക്കൾ എത്രയും വേഗം ഗാനം ട്രെയ്‌ലറിൽനിന്ന് നീക്കംചെയ്യണമെന്നും സർഗം വൈശ് ആവശ്യപ്പെട്ടു.

ബാലാജി മോഷൻ പിക്‌ചേഴ്‌സ്, ടിവിഎഫ്, 11.11 പ്രൊഡക്ഷൻ എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. അരുണാഭ് കുമാറിന്റെ രചനയിൽ ദീപക് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്വേത തിവാരി, മനീഷ് പോൾ, അനൂപ് സോണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സെപ്റ്റംബർ 25-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.