കായിക മേഖലയിൽ വനിതാ അത്‌ലറ്റുകൾ തങ്ങളുടെ മികവിനും കഠിനാധ്വാനത്തിനും അർഹമായ പ്രാധാന്യവും തുല്യതയും നേടാനായി വർഷങ്ങളായി പോരാടുകയാണ്. എന്നാൽ, 2026-ലും കായികരംഗത്തെ സ്ത്രീ സാന്നിധ്യത്തെ വെറും ഉപഭോഗവസ്തുവായോ ലൈംഗികാകർഷണപരമായ ഒന്നായോ മാത്രം കാണുന്ന രീതി അവസാനിപ്പിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് പ്രശസ്ത അമേരിക്കൻ നടി സിഡ്‌നി സ്വീനിയുടെ പരസ്യചിത്രം. നോവിഗ് എന്ന സ്‌പോർട്‌സ് പ്രെഡിക്ഷൻ ആപ്പിനുവേണ്ടി നിർമ്മിച്ച ഈ പരസ്യത്തിനെതിരെ കായികലോകത്തുനിന്നും അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്നും കടുത്ത വിമർശനങ്ങളാണ് ഉയർന്നുവരുന്നത്.

To advertise here,

പ്രമുഖ ആഗോള മാധ്യമങ്ങൾ ഈ വിഷയത്തെ ആസ്പദമാക്കി വലിയ രീതിയിലുള്ള സംവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. പരസ്യത്തിലെ അമിത ലൈംഗികവത്കരണവും വനിതാ കായികരംഗത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ ഈ റിപ്പോർട്ടുകൾ തുറന്നുകാട്ടുന്നു. കായിക വിപണിയിലെ ലൈംഗികവത്കരണം ന്യായീകരിക്കാൻ കഴിയാത്തതാണെന്നാണ് പൊതുഅഭിപ്രായം. വനിതാ അത്‌ലറ്റുകൾ നേരിടുന്ന യഥാർത്ഥ വെല്ലുവിളികളെ ലഘൂകരിക്കുന്നതാണ് സിഡ്‌നി സ്വീനിയുടെ ഈ പുതിയ പരസ്യമെന്ന് വിലയിരുത്തുന്നു. നൂറ്റാണ്ടുകളായി പുരുഷാധിപത്യ കായിക മേഖലയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ പൊരുതുന്ന വനിതാ താരങ്ങളുടെ അധ്വാനത്തെ ഇത്തരം പരസ്യങ്ങൾ പാടെ തള്ളിക്കളയുന്നു. ഒരു കായിക ഉൽപ്പന്നത്തെയോ പ്ലാറ്റ്ഫോമിനെയോ പരിചയപ്പെടുത്താൻ യഥാർത്ഥ അത്‌ലറ്റുകളുടെ കായികക്ഷമതയും കഴിവും പ്രദർശിപ്പിക്കുന്നതിന് പകരം, ഒരു ഗ്ലാമർ നടിയുടെ നഗ്‌നതയെ വിപണന തന്ത്രമാക്കുന്നത് അങ്ങേയറ്റം നിർഭാഗ്യകരവും ന്യായീകരിക്കാൻ കഴിയാത്തതുമാണ്. കായികലോകത്ത് സ്ത്രീകൾ ഗൗരവമായി പരിഗണിക്കപ്പെടാൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് ഇത്തരം സംഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

ഈ വിവാദം കേവലം ഒരു പരസ്യത്തിൽ നടി നഗ്‌നയായി അഭിനയിച്ചതിനെക്കുറിച്ച് മാത്രമുള്ളതല്ല. ആധുനിക കായിക വിപണന രംഗത്ത് സ്‌പോർട്‌സ്, എന്റർടെയിൻമെന്റ്, സെക്ഷ്വാലിറ്റി എന്നിവ തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്നതിനെക്കുറിച്ചുള്ള വലിയൊരു സംവാദമാണിത്. കായികമേഖലയിൽ നഗ്‌നതയോ അല്ലെങ്കിൽ ശരീരസൗന്ദര്യമോ പ്രദർശിപ്പിക്കുന്നത് കേവലം കാഴ്ചക്കാരുടെ ശ്രദ്ധ നേടാനുള്ള ഒരു ഉപകരണം മാത്രമായി മാറ്റുമ്പോൾ, അത് വനിതാ കായികതാരങ്ങൾ കെട്ടിപ്പടുത്ത സമാന്തരമായ മുന്നേറ്റങ്ങളാണ് പിന്നോട്ടടിക്കപ്പെടുന്നത്. പണം ഉണ്ടാക്കാൻ ഏതറ്റം വരെ പോകുന്ന ബ്രാൻഡുകളുടെ ആർത്തിയും, സാമൂഹിക മാധ്യമങ്ങളിൽ ഇത് സൃഷ്ടിക്കുന്ന അനാവശ്യ തരംഗങ്ങളും ഇതിന്റെ ആക്കം കൂട്ടുന്നു.

അതേസമയം, ഈ വിവാദത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും സിഡ്‌നി സ്വീനി എന്ന ഒരു വ്യക്തിയുടെ മേൽ മാത്രം കെട്ടിവെക്കുന്നതിനെ പലരും ചോദ്യം ചെയ്യുന്നുണ്ട്. ഈ പരസ്യം തികച്ചും നിരാശാജനകവും അമർഷം ഉണ്ടാക്കുന്നതാണെങ്കിലും ഇതിന്റെ പേരിൽ ഒരു സ്ത്രീയെ മാത്രം വേട്ടയാടുന്നത് ശരിയല്ലെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ച കോർപ്പറേറ്റ് ഏജൻസികൾ, ക്രിയേറ്റീവ് ഡയറക്ടർമാർ, നിർമ്മാതാക്കൾ എന്നിവർക്കെല്ലാം ഇതിൽ തുല്യ പങ്കുണ്ട്. സ്ത്രീശരീരം വിറ്റ് കാശാക്കാൻ ശ്രമിക്കുന്ന വിപണി സംസ്‌കാരമാണ് ഇവിടെ യഥാർത്ഥ പ്രതിസ്ഥാനത്ത് നിൽക്കുന്നത്. ഒരു നടി എന്ന നിലയിൽ തനിക്ക് ലഭിച്ച റോൾ ചെയ്തു എന്നതിനപ്പുറം, വ്യവസ്ഥാപിതമായ ഇത്തരം വിപണന തന്ത്രങ്ങളെയല്ലേ വിമർശിക്കേണ്ടത്? ഗ്ലാമർ വ്യവസായത്തിന്റെ ഭാഗമായി നിൽക്കുന്ന ഒരു നടി ഇത്തരം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിൽ ഇത്രയധികം ആകുലപ്പെടേണ്ടതില്ലെന്ന് വാദിക്കുന്നവരുമുണ്ട്. സിഡ്‌നി സ്വീനി ഒരു പോപ്പ് കൾച്ചർ ഐക്കണാണ്. തന്റെ സൗന്ദര്യവും ജനപ്രീതിയും ഉപയോഗിച്ച് ഒരു ബ്രാൻഡിനെ പ്രൊമോട്ട് ചെയ്യുക എന്നത് വിനോദ വ്യവസായത്തിന്റെ സ്വാഭാവികമായ രീതി മാത്രമാണ്. ഇതിനെ കായികലോകത്തിന്റെ മുഴുവൻ പതനമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും, വിനോദത്തെ വിനോദമായി മാത്രം കണ്ടാൽ മതിയെന്നും 'ദ സ്പെക്ടേറ്റർ' ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

യൂഫോറിയ, ദി വൈറ്റ് ലോട്ടസ് എന്നീ പ്രശസ്ത വെബ് സീരീസുകളിലൂടെ ഹോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് സിഡ്‌നി സ്വീനി. ഇതാദ്യമായല്ല സിഡ്‌നി അഭിനയിക്കുന്ന പരസ്യം വിവാദമാകുന്നത്. പ്രമുഖ ബ്രാൻഡുകളുമായി താരം ഒപ്പുവെച്ച വാണിജ്യ കരാറുകളും അതിലെ അവതരണ ശൈലികളും പലപ്പോഴും കടുത്ത വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. പ്രമുഖ വസ്ത്ര ബ്രാൻഡായ അമേരിക്കൻ ഈഗിളിന്റെ ഡെനിം പരസ്യം അമേരിക്കൻ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. സിഡ്‌നി സ്വീനിക്ക് നല്ല ജീൻസുകളുണ്ട് എന്ന അർത്ഥം വരുന്ന 'Sydney Sweeney has good jeans' എന്ന ടാഗ്ലൈനോടെയാണ് പരസ്യം പുറത്തിറങ്ങിയത്. എന്നാൽ ജീൻസ് എന്ന വാക്കിന്റെ ശബ്ദസാമ്യത ജീനുകളുമായി കൂട്ടിവായിച്ചുകൊണ്ട് ഒരുവിഭാഗം വിമർശകർ രംഗത്തെത്തുകയായിരുന്നു. വെളുത്ത വർഗ്ഗക്കാരിയായ, നീലക്കണ്ണുകളും സ്വർണ്ണമുടിയുമുള്ള സിഡ്‌നി സ്വീനിയെ മുൻനിർത്തിയുള്ള ഈ പരസ്യവാചകം വംശീയമായ മേൽക്കോയ്മയെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതെന്നാണ് പ്രധാന വിമർശനം ഉയർന്നത്. അതോടൊപ്പം പരസ്യത്തിലെ അതിരുകടന്ന ലൈംഗികവൽക്കരണവും വിമർശിക്കപ്പെട്ടു. പരസ്യത്തിലെ വാചകങ്ങളും അവതരണ രീതിയും വംശീയവും സൗന്ദര്യസങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ടതുമായ തർക്കങ്ങളിലേക്ക് വഴിമാറി. പരസ്യവിവാദം പിന്നീട് വലതുപക്ഷ-ഇടതുപക്ഷ രാഷ്ട്രീയ തർക്കത്തിലേക്കെത്തി. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ പരസ്യത്തെ പിന്തുണയ്ക്കുകയും 'ഏറ്റവും മികച്ച പരസ്യം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തതോടെ വിവാദം രാഷ്ട്രീയ തലത്തിലേക്ക് കൂടി വ്യാപിച്ചു.കടുത്ത വിമർശനങ്ങൾ ഉയർന്നുവെങ്കിലും സാമ്പത്തികമായി പരസ്യം വൻ വിജയമായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരസ്യം വൈറലായതിന് പിന്നാലെ കമ്പനിയുടെ ഓഹരി മൂല്യത്തിൽ വർദ്ധനവുണ്ടാവുകയും ഉൽപ്പന്നങ്ങൾ വിറ്റഴിയപ്പെടുകയും ചെയ്തു.

പേഴ്‌സണൽ കെയർ ബ്രാൻഡായ ഡോ. സ്‌ക്വാച്ചുമായി ചേർന്നുള്ള സിഡ്‌നിയുടെ പങ്കാളിത്തമാണ് ഒരിക്കൽ വിമർശിക്കപ്പെട്ടത്. താരം കുളിച്ച വെള്ളം അടങ്ങിയിരിക്കുന്നു എന്ന അവകാശവാദത്തോടെ ഇറക്കിയ സിഡ്‌നിയുടെ ബാത്ത്‌വാട്ടർ ബ്ലിസ് എന്ന സോപ്പായിരുന്നു ചർച്ചാവിഷയം. താരത്തിന്റെ പുരുഷ ആരാധകരെ മാത്രം ലക്ഷ്യം വെച്ച് ശരീരത്തെ അതിരുകടന്ന് വാണിജ്യവൽക്കരിക്കുകയാണ് ഈ പരസ്യത്തിലൂടെ ചെയ്തതെന്നായിരുന്നു പ്രധാന വിമർശനം. ബ്രാൻഡ് വിവാദങ്ങൾ താരത്തിന്റെ നടിയെന്ന പ്രതിച്ഛായയെ ബാധിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. 2025-ന്റെ അവസാന പകുതിയിൽ പുറത്തിറങ്ങിയ താരത്തിന്റെ ബോക്‌സിംഗ് ജീവചരിത്ര ചിത്രം ക്രിസ്റ്റി ഉൾപ്പെടെയുള്ള സിനിമകൾ ബോക്‌സ് ഓഫീസിൽ വലിയ പരാജയങ്ങൾ ഏറ്റുവാങ്ങി. പിന്നീട് ദി ഹൗസ്‌മെയ്ഡ് എന്ന ചിത്രത്തിലൂടെ താരം തിരികെ വന്നു. വിവാദങ്ങളുടെ പുകമറകൾക്ക് അപ്പുറത്തേക്ക് നടിയെന്ന നിലയിലുള്ള സിഡ്‌നി സ്വീനിയുടെ കയ്യൊപ്പിനായാണ് ലോകം ഇന്നും കാത്തിരിക്കുന്നത്.