1999 മേയ് മാസത്തിലെ ആദ്യ ആഴ്ചയിലൊരു ദിവസമായിരുന്നു അത്. ഉച്ചകഴിഞ്ഞിരുന്നു. ജുബാര്‍ കുന്നിന്റെ ഉച്ചിയില്‍ കയറി താഴ്വാരത്തേക്ക് കണ്ണയച്ച് നില്‍ക്കുകയായിരുന്നു താഷി നംഗ്യാല്‍. കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന താഴ്വാരത്തിലും പര്‍വതഭാഗങ്ങളിലും കണ്ണുകൂര്‍പ്പിച്ച് പരതുകയായിരുന്നു അയാള്‍. എവിടെയെങ്കിലും അലഞ്ഞുതിരിയുന്നുണ്ടോ, ആ തെമ്മാടി കന്നുകാലികള്‍? പെട്ടെന്നാണ് അത് കണ്ണിലുടക്കിയത്. മനുഷ്യസാന്നിധ്യമില്ലാത്ത കുന്നിന്റെ പാര്‍ശ്വങ്ങളില്‍ ചില ചലനങ്ങള്‍...  കറുത്ത വസ്ത്രങ്ങൾ ധരിച്ച അഞ്ചെട്ടു പേരടങ്ങുന്ന ഒരു സംഘം. പാറക്കല്ലുകള്‍ പെറുക്കിയടുക്കി ചതുരത്തില്‍ ഭിത്തിപോലെ കെട്ടുകയാണ്... താഷി നംഗ്യാലിന്റെ നട്ടെല്ലില്‍കൂടി ഒരു കൊള്ളിയാന്‍ മിന്നി... പിന്നൊരു നിമിഷം നിന്നില്ല, പാറക്കല്ലുകള്‍ ചവിട്ടിത്താണ്ടി ചെങ്കുത്തായ കുന്നിന് താഴേയ്ക്ക് അയാൾ പാഞ്ഞു...

*****************************************
ഇപ്പോള്‍ കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ ഉള്‍പ്പെടുന്ന കാര്‍ഗില്‍ ജില്ലയിലെ ഗാര്‍കോണ്‍ ഗ്രാമക്കാരനായ ഒരു ഇടയനായിരുന്നു താഷി നംഗ്യാല്‍. ആര്യന്‍ വാലി എന്നറിയപ്പെടുന്ന ഈ മേഖലയിലെ നാടോടി ഗോത്രമായ ബ്രോക്പാസ് വിഭാഗത്തില്‍പ്പെടുന്ന ആള്‍. യാക്കുകളെയും (ഹിമാലയന്‍ മേഖലയില്‍ വളര്‍ത്തുന്ന കന്നുകാലി വിഭാഗത്തില്‍പ്പെടുന്ന മൃഗം) ആടുകളെയും വളര്‍ത്തലായിരുന്നു ആ കുഞ്ഞ് ഗ്രാമത്തിലെ നിവാസികളുടെ ഉപജീവനമാര്‍ഗം. ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ചയുള്ള പ്രദേശം വേനലാകുന്നതോടെ വരണ്ടുകിടക്കും. മലഞ്ചെരിവുകള്‍ മിക്കവാറും ചിതറിക്കിടക്കുന്ന പാറക്കല്ലുകള്‍ നിറഞ്ഞിരിക്കും. മിക്കവാറും പ്രദേശങ്ങളില്‍ പച്ചപ്പോ പുല്ലുകളോ ഉണ്ടാകില്ല. ചിലയിടങ്ങളില്‍ ഉണങ്ങിയ പുല്ലുകളുണ്ടാകും. അവിടം തേടിയാണ് യാക്കുകളുമായുള്ള യാത്ര. ഒരു മലഞ്ചെരിവിലൂടെ ഇറങ്ങി അടുത്ത മലകയറിയുള്ള സഞ്ചാരം.

To advertise here,

33 വയസ്സായിരുന്നു അന്ന് നംഗ്യാലിന്റെ പ്രായം. ഭാര്യയും രണ്ട് കുട്ടികളുമാണുള്ളത്. രണ്ടുനേരത്തെ ഭക്ഷണവുമായി പുലര്‍ച്ചെതന്നെ പുറപ്പെടും. അന്‍പതോളം യാക്കുകള്‍ അടങ്ങുന്ന ഒരു സംഘത്തെയും തെളിച്ചുകൊണ്ടാണ് യാത്ര. വേനല്‍ക്കാലത്തുപോലും വെയിലിന് കാര്യമായ ചൂടുണ്ടാകില്ല. മേയ് മാസത്തില്‍ നട്ടുച്ചയ്ക്കുതന്നെ 20 ഡിഗ്രിയില്‍ താഴെയാണ് താപനില. ചിരപരിചിതമായ പര്‍വതങ്ങളും താഴ്വാരങ്ങളുമാണ്. കിഴക്ക് ചൈനയും പടിഞ്ഞാറ് പാകിസ്താനും. ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമായ പ്രദേശം. അതുകൊണ്ടുതന്നെ എല്ലാ കാലത്തും പട്ടാളത്തിന്റെ സ്ഥിരസാന്നിധ്യമുള്ള മേഖലയാണത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ യാക്കുകളില്‍ ചിലതിനെ കാണാതായിരുന്നു. എല്ലാ ദിവസവും സന്ധ്യയോടെ തൊഴുത്തില്‍ എത്തിച്ചശേഷം എണ്ണിനോക്കുമ്പോള്‍ ഒരെണ്ണത്തിന്റെ കുറവുണ്ടാകും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതാണ് പതിവ്. പകല്‍ മേയാന്‍ കൊണ്ടുപോകുന്നതിനിടെ കൂട്ടം തെറ്റി പോകുന്നതാകാം.

placeholder
യാക്ക് | ഫോട്ടോ: മാതൃഭൂമി

കാണാതായ യാക്കുകൾക്കായി ദിവസങ്ങളായി തിരയുന്നു. രാവിലെ മുതല്‍ ഉണക്കപ്പുല്ല് വളര്‍ന്നുനില്‍ക്കുന്നതിനിടയിലെ ചെങ്കുത്തായ പാറക്കൂട്ടങ്ങള്‍ ചവിട്ടിക്കയറി കുന്നുകളായ കുന്നുകളൊക്കെ തിരയുകയായിരുന്നു. പതിനാറായിരം മുതല്‍ പതിനെണ്ണായിരം അടിവരെ ഉയരത്തിലൂള്ള മലനിരകളാണ് ഇവ. തൊട്ടുമുൻപത്തെ വർഷം കൊടും ശൈത്യം മൂലം ഇന്ത്യൻ സൈനികരെ ഈ മേഖലയിൽനിന്ന് പിന്‍വലിച്ചിരുന്നു. -25 മുതല്‍ -10 വരെയാണ് ഇക്കാലത്ത് പല മലനിരകളിലെയും താപനില. മേയ് മാസമായിട്ടും സൈന്യത്തെ പുനഃസ്ഥാപിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മാസങ്ങളായി ഗാര്‍കോണ്‍ ഗ്രാമം അടങ്ങുന്ന ഈ മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം കാര്യമായി ഉണ്ടായിരുന്നില്ല. അതാണ് സൈനിക യൂണിഫോമിലല്ലാത്ത, സിവിലിയന്‍ വസ്ത്രം ധരിച്ച ചിലരുടെ സാന്നിധ്യം താഷി നംഗ്യാലിന്റെ മനസ്സില്‍ സംശയമുണ്ടാക്കിയത്.

താഷി നേരെ ഓടിയത് വീട്ടിലേയ്ക്കായിരുന്നു. ജ്യേഷ്ഠന്‍ മോറപ് തെസ്രിങ്ങിനോട് കിതച്ചുകൊണ്ട് വിവരം പറഞ്ഞു. ഒരു ബൈനോക്കുലറുമായി രണ്ടുപേരുംകൂടി ആദ്യത്തെ സ്ഥലത്തേയ്ക്ക് തിരിച്ചോടി. ജുബാര്‍ കുന്നിലൂടെ ഒഴുകുന്ന ഗാര്‍ഖൂം എന്ന അരുവിയുടെ സമീപത്തുകൂടി മലകയറി. ബൈനോക്കുലര്‍ ഉപയോഗിച്ച് നോക്കി. പഠാണികൾ ധരിക്കുന്ന സല്‍വാര്‍ കമ്മീസ് ധരിച്ച എട്ടോളം പേരായിരുന്നു അവർ. സൈന്യം നിര്‍മിക്കുന്നതുപോലുള്ള, ബങ്കറെന്നോ ഔട്ട്പോസ്റ്റെന്നോ തോന്നിപ്പിക്കുന്ന ഒന്ന് നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. ഇന്ത്യന്‍ സൈനികർ അല്ലെന്ന് വ്യക്തം. നുഴഞ്ഞുകയറ്റക്കാരായ പാകിസ്താനികള്‍ ആകാനാണ് എല്ലാ സാധ്യതയും. കൂടുതല്‍ ആലോചിച്ച് നിന്നില്ല, ഇരുവരും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള സൈനിക ക്യാമ്പ് ലക്ഷ്യമാക്കി പാഞ്ഞു.

പഞ്ചാബ് റെജിമെന്റിലെ ഹവില്‍ദാരായ ബല്‍വീന്ദര്‍ സിങ്ങും മിലിറ്ററി ഇന്റലിജന്‍സിലെ ഹവില്‍ദാര്‍ നന്ദുറാമും ആയിരുന്നു സൈനിക ക്യാമ്പില്‍ ഉണ്ടായിരുന്നത്. മലഞ്ചെരിവില്‍ കണ്ട കാര്യം കിതപ്പോടുകൂടി താഷി നംഗ്യാല്‍ അവരോട് പറഞ്ഞു. എന്നാല്‍, ആദ്യം അത് ഗൗരവത്തിലെടുക്കാന്‍ സൈനികര്‍ തയ്യാറായില്ല. എന്നാല്‍, പിന്നീടവര്‍ വിവരം മേലുദ്യോഗസ്ഥര്‍ക്ക് കൈമാറി. തുടര്‍ന്ന് സൈന്യം പ്രാഥമികമായ ഒരന്വേഷണം നടത്തി. താഷി നംഗ്യാല്‍ പറഞ്ഞത് സത്യമായിരുന്നു. പാക് തീവ്രവാദികള്‍ ഇന്ത്യയുടെ വലിയൊരു ഭാഗത്ത് കടന്നുകയറിയിരിക്കുന്നു. സൈന്യത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന അറിവായിരുന്നു അത്. നിയന്ത്രണരേഖ മറികടന്ന് കാര്‍ഗിലിലെ തന്ത്രപ്രധാനമായ നിരവധി മലനിരകളില്‍ പാക് തീവ്രവാദികള്‍ ഔട്‌പോസ്റ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു!

placeholder
താഷി നംഗ്യാൽ | ഫോട്ടോ: x.com/firefurycorps

നിര്‍ണായക വിവരം, അതിന്റെ എല്ലാ ഗൗരവത്തോടും രഹസ്യാത്മകതയോടും കൂടി സൈന്യത്തെ അറിയിച്ച താഷി നംഗ്യാലിനെ സൈനികോദ്യോഗസ്ഥര്‍ അഭിനന്ദനങ്ങള്‍ക്കൊണ്ട് മൂടി. വിവരം കൈമാറിയ മേയ് മൂന്ന് മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ അയാള്‍ സൈന്യത്തിന് വഴികാട്ടിയായി ഒപ്പംകൂടി. ചെങ്കുത്തായ മലമടക്കുകള്‍ കൈരേഖപോലെ പരിചിതമായിരുന്ന താഷി നംഗ്യാല്‍, പാക് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന ദുഷ്‌കരമായ പര്‍വതശൃംഗങ്ങളിലേയ്ക്ക് സൈനികരുടെ സംഘത്തെ നയിച്ചു. അയാളുടെ സമയോചിതമായ ഇടപെടലുകള്‍ ഇന്ത്യയെ സംബന്ധിച്ച് എത്രമാത്രം സുപ്രധാനമായിരുന്നു എന്ന് വരുംദിവസങ്ങളിലാണ് രാജ്യത്തിന് ബോധ്യമായത്.

അപ്പോഴേയ്ക്കും നിയന്ത്രണരേഖയിൽനിന്ന് നാല് മുതൽ പത്തുവരെ കിലോമീറ്റർ അകത്തേയ്ക്ക് പാക് തീവ്രവാദികൾ എത്തിയിരുന്നു. ഇന്ത്യൻ  സൈന്യം ശൈത്യകാലത്ത് ഉപേക്ഷിച്ചുപോയ 130 സൈനിക പോസ്റ്റുകൾ അവർ കൈയ്യടക്കിയിരുന്നു. എന്നാൽ, കൂടുതൽ പ്രദേശങ്ങളിലേയ്ക്കുള്ള കടന്നുകയറ്റം തടയാനും വളരെപ്പെട്ടെന്നുതന്നെ സൈനിക നടപടിയിലേയ്ക്ക് കടക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. മേയ് 25-ന് ആരംഭിച്ച വ്യോമാക്രമണത്തോടെ മൂന്നുമാസത്തോളം നീണ്ടുനിന്ന കാർഗിൽ യുദ്ധം ആരംഭിച്ചു.

പാകിസ്താന്‍റെ വഞ്ചന, ഇന്ത്യയുടെ തിരിച്ചടി

1998 മേയ് 28-ന് ഇന്ത്യ പൊഖ്റാൻ-2 (ഓപ്പറേഷൻ ശക്തി) ആണവ പരീക്ഷണവും മൂന്നാഴ്ചയ്ക്കുള്ളിൽ പാകിസ്താൻ അവരുടെ ആദ്യ ആണപരീക്ഷണവും നടത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പിരിമുറുക്കങ്ങള്‍ വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് സംഘർഷ സാധ്യതകൾ ഒഴിവാക്കുന്നതിനായി 1999 ഫെബ്രുവരി 21-ന് അന്നത്തെ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയും പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫും ചേർന്ന് ലാഹോർ ഉടമ്പടിയിൽ ഒപ്പുവെച്ചത്. എന്നാൽ, ഇതിനു പിന്നാലെയാണ് മേയ് ആദ്യത്തോടെ പാകിസ്താന്‍ സൈനികരും അര്‍ധസൈനികരും നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറ്റം ആരംഭിച്ചത്. 

പാക് സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ നിർദേശപ്രകാരം ഭീകരവാദികളുടെ വേഷത്തിൽ പാക് സൈന്യമാണ് കാര്‍ഗിലിലെ തന്ത്രപ്രധാനമേഖലകളില്‍ നുഴഞ്ഞുകയറിയത്. 'ഓപ്പറേഷന്‍ ബദര്‍' എന്നാണ് ഇതിനവർ നൽകിയ രഹസ്യനാമം. പ്രധാനമന്ത്രി നവാസ് ഷരീഫ് അറിയാതെയാണ് പര്‍വേസ് മുഷറഫ് ഈ നീക്കം നടത്തിയതെന്നാണ് പിന്നീട് വെളിപ്പെട്ടത്. കശ്മീരിനും ലഡാക്കിനും ഇടയിലുള്ള ബന്ധം വിച്ഛേദിക്കുകയും സിയാച്ചിന്‍ ഹിമാനിയില്‍ ഇന്ത്യന്‍ സൈന്യത്തെ ഒറ്റപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. അങ്ങനെ കശ്മീര്‍ വിഷയത്തിലുള്ള ചർച്ചയ്ക്ക് ഇന്ത്യയെ നിര്‍ബന്ധിതരാക്കാനായിരുന്നു ഗൂഢപദ്ധതി.

ആക്രമണമുണ്ടായാൽ ഇന്ത്യൻ സൈന്യത്തിനുമേൽ മുൻതൂക്കം നേടാനാണ് സമുദ്രനിരപ്പില്‍നിന്ന് 18000 വരെ അടി ഉയരത്തിലുള്ള കാര്‍ഗില്‍ മലനിരകളിൽ നിലയുറപ്പിച്ചത്. ശ്രീനഗറിനെയും ലേയെയും ബന്ധിപ്പിക്കുന്ന ദേശീയപാത വണ്‍-എയ്ക്ക് അഭിമുഖമായുള്ള പ്രദേശത്താണ് വലിയ നുഴഞ്ഞുകയറ്റമുണ്ടായത്. കരമാർഗമുള്ള ആക്രമണത്തിലൂടെ പാക് സൈന്യത്തെ തുരത്തുക എളുപ്പമായിരുന്നില്ല. ഉയര്‍ന്ന പ്രദേശത്ത് അവര്‍ നിലയുറപ്പിച്ചിരുന്നതിനാല്‍ ഒന്നിലധികം ദിശകളില്‍ നിന്നുള്ള കനത്ത വെടിവയ്പിനെ പ്രതിരോധിക്കുക അസാധ്യമായിരുന്നു. പര്‍വതപ്രദേശം അവര്‍ക്ക് അനുകൂല സാഹചര്യമൊരുക്കിയിരുന്നതിനാല്‍ മുകളിലേക്ക് ആക്രമണം നടത്തി മുന്നേറുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതോടെ മേയ് 25-ന് ഇന്ത്യന്‍ വ്യോമസേന നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ വ്യോമാക്രമണം ആരംഭിച്ചു. ഓപ്പറേഷന്‍ 'സഫേദ് സാഗര്‍' എന്നതായിരുന്നു ഇതിന് നല്‍കിയ പേര്. 

placeholder
കാർഗിൽ യുദ്ധത്തിൽനിന്ന് | Photo: Mathrubhumi Archives

ജൂണ്‍ ഒന്നിന് ദേശീയ പാത ഒന്നില്‍ പാക് സൈന്യം ഷെല്ലാക്രമണം ആരംഭിച്ചു. പിന്നാലെ സംഘര്‍ഷത്തില്‍ പാകിസ്താന്റെ പങ്കാളിത്തം ഔദ്യോഗികമായി സ്ഥിരീകരുന്ന രേഖകള്‍ ഇന്ത്യ പുറത്തുവിട്ടു. മൂന്ന് പാക് സൈനികരില്‍നിന്ന് കണ്ടെടുത്തതായിരുന്നു ഈ രേഖകള്‍. വൈകാതെ കാര്‍ഗിലിലും ദ്രാസിലും ഇന്ത്യന്‍ കരസേനയും വ്യോമസേനയും ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. ജൂണ്‍ ഒന്‍പതിന് ബതാലിക് സെക്‌റിലെ രണ്ട് നിര്‍ണായക സൈനിക പോസ്റ്റുകള്‍ പാക് സൈന്യത്തില്‍നിന്ന് ഇന്ത്യ തിരിച്ചുപിടിച്ചു. പിറ്റേന്ന് ആറു പട്ടാളക്കാരുടെ വികൃതമാക്കിയ മൃതദേഹം പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറി. നുഴഞ്ഞുകയറ്റത്തില്‍ പാകിസ്താന്‍ സൈന്യത്തിന്റെ ഇടപെടലിന്റെ തെളിവായി സൈനിക മേധാവി പര്‍വേസ് മുഷറഫും ലെഫ്റ്റനന്റ് ജനറല്‍ അസീസ് ഖാനും തമ്മില്‍ നടത്തിയ സംഭാഷണങ്ങള്‍ ഇന്ത്യ പുറത്തുവിട്ടു. 

ഇതിനിടെ പ്രശ്‌നപരിഹാരത്തിനായി വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങും പാകിസ്താന്‍ വിദേശകാര്യമന്ത്രി സര്‍താജ് അസീസും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. നുഴഞ്ഞുകയറ്റക്കാര്‍ ഒഴിഞ്ഞുപോകുമെന്ന് അസീസ് പ്രഖ്യാപിച്ചു. തോലോലിങ് കൊടുമുടി ഇന്ത്യന്‍ സേന പിടിച്ചെടുത്തതോടെ യുദ്ധം വഴിത്തിരിവില്‍ എത്തി. ജൂണ്‍ 20-ന് പോയന്റ് 5140 സൈന്യം പിടിച്ചതോടെ തോലോലിങ്ങില്‍ ഇന്ത്യ പൂര്‍ണവിജയം നേടി. ജൂലായ് നാലിന് 12 മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യന്‍ സേന ടൈഗര്‍ ഹില്‍ തിരിച്ചുപിടിച്ചു. ഇത് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നു. ജൂലായ് 11-ന് പാക് നുഴഞ്ഞുകയറ്റക്കാര്‍ കാര്‍ഗിലില്‍നിന്ന് പിന്‍മാറ്റം തുടങ്ങി. ജൂലായ് 14 'ഓപ്പറേഷന്‍ വിജയ്' വിജയിച്ചെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയി പ്രഖ്യാപിച്ചു. ജൂലായ് 26-ന് കാര്‍ഗില്‍ യുദ്ധം ഔദ്യോഗികമായി അവസാനിച്ചതായും ഇന്ത്യ പ്രഖ്യാപിച്ചു.

ഇന്ത്യയുടെ ഔദ്യോഗിക കണക്കുകള്‍പ്രകാരം രാജ്യത്തിന്റെ 527 ധീരജവാന്മാര്‍ക്കാണ് കാര്‍ഗിലില്‍ ജീവന്‍ നഷ്ടപ്പെട്ടത്. 1363 പേര്‍ക്ക് പരിക്കേറ്റു. മറുവശത്ത് പാക് സൈന്യത്തിന്റെ നഷ്ടം നിര്‍ണയിക്കാന്‍ പ്രയാസമായിരുന്നു. 737 മുതല്‍ 1200 പേര്‍ പാകിസ്താന്റെ ഭാഗത്ത് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യ അവകാശപ്പെട്ടത്. പാക് സൈനികരുടെ 249 മൃതദേഹങ്ങള്‍ ഇന്ത്യന്‍ പ്രദേശത്തുനിന്ന് കണ്ടെത്തിയിരുന്നു.

താഷി നംഗ്യാലും കാർഗിൽ വിജയവും

കാർഗിൽ പോലെ അതിദുർഘടമായ പ്രദേശത്ത് സൈന്യത്തിന്‍റെ പ്രവർത്തനത്തിന് നിരവധി പരിമിതികളുണ്ടായിരുന്നു. നിയന്ത്രണ രേഖയിലുള്ള പാക് സൈന്യത്തിന്റെ ഇടപെടലുകളേക്കുറിച്ച് സര്‍ക്കാരിന് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. സൈന്യത്തെ പിന്‍വലിച്ചതോടെ കാര്യമായ നിരീക്ഷണങ്ങളില്ലാതിരുന്നതിനാല്‍ നുഴഞ്ഞുകയറ്റത്തേക്കുറിച്ച് സൈന്യം ഒന്നുമറിഞ്ഞില്ല. നംഗ്യാൽ തക്ക സമയത്ത് സൈന്യത്തിന് വിവരം നൽകിയിരുന്നില്ലെങ്കിൽ തന്ത്രപ്രധാനമായ കൂടുതൽ മേഖലകളിലേയ്ക്ക് നുഴഞ്ഞുകയറ്റക്കാർ കടന്നുകയറാൻ ഇടയാകുമായിരുന്നു. റോഡുകളും പാലങ്ങളുമടക്കം സൈനിക നീക്കത്തേത്തന്നെ ബാധിക്കുന്ന വിധത്തിൽ പല പ്രദേശങ്ങളും നിയന്ത്രണത്തിലാക്കുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന് വലിയ തിരിച്ചടിയുണ്ടാകാനും കൂടുതൽ സൈനികരെ നഷ്ടമാകാനും ഇടയാകുമായിരുന്നു.

കാർഗിൽ യുദ്ധത്തിൽ ഇന്ത്യനേടിയ വിജയം സൈന്യത്തോടൊപ്പംതന്നെ നംഗ്യാൽ അടക്കമുള്ള വ്യക്തികളുടെകൂടി ദേശസ്നേഹത്തിന്‍റെയും അവർ പ്രകടിപ്പിച്ച ധൈര്യത്തിന്‍റെയും വിജയമായിരുന്നു. നംഗ്യാലിന്‍റെ പ്രവർത്തനം മുൻനിർത്തി 2001-ൽ സൈന്യം ഒരു സാക്ഷ്യപത്രവും 2002-ൽ ഒരു ബഹുമതിപത്രവും നൽകിയിരുന്നു. 'നിരക്ഷര കർഷകനായ താഷി നംഗ്യാല്‍, ജാഗ്രതയുള്ള, ദേശസ്നേഹിയായ ഈ രാജ്യത്തിന്‍റെ പുത്രനാണെ'ന്ന് ഇതിൽ പറയുന്നു. എന്നാൽ, ദേശീയ തലത്തിലുള്ള ഒരു അംഗീകാരം അദ്ദേഹത്തിന് ലഭിച്ചില്ല. 

നംഗ്യാലിന്റെ സേവനത്തെ മാനിച്ച് ഒരു ദേശീയ ബഹുമതി അദ്ദേഹത്തിന് നല്‍കുന്ന കാര്യം ഏറെത്തവണ സര്‍ക്കാരിന്റെ മുന്നില്‍ എത്തിയിരുന്നു. 2006-ല്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അംഗം തെസ്രിങ് സംഫല്‍ അന്നത്തെ പ്രതിരോധ മന്ത്രി എം.കെ ആന്‍റണിക്ക് കത്തെഴുതി.  'നംഗ്യൽ ആണ് പാകിസ്താൻ തീവ്രവാദികളുടെ കടന്നുകയറ്റം സംബന്ധിച്ച് ആദ്യമായി സൈന്യത്തിന് വിവരം നൽകിയത്. ഇക്കാര്യം സൈന്യംതന്നെ നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്. അദ്ദേഹത്തിന്‍റെ സംഭവനയെ മുൻനിർത്തി ദേശീയതലത്തിലുള്ള ബഹുമതി നൽകേണ്ടതാണ്', കത്തിൽ പറയുന്നു. 2003-ൽ അന്നത്തെ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിനും ഇക്കാര്യം ചൂണ്ടിക്കാട്ടി  കത്തഴുതിയിരുന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. നംഗ്യാലിന്‍റെ പ്രവൃത്തി വേണ്ടവിധത്തിൽ അംഗീകരിക്കപ്പെടാതിരിക്കുന്നത് ലഡാക്ക് പോലുള്ള തന്ത്രപ്രധാന മേഖലകളിൽ സൈന്യത്തിന് ശ്രദ്ധേയമായ സഹായങ്ങൾ നൽകുന്ന പ്രദേശവാസികൾക്ക് തെറ്റായ സന്ദേശമാണ് നൽകുകയെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ആ പേര് സ്വർണലിപികളിൽ എഴുതപ്പെട്ടോ?

അന്ന് സൈനിക ക്യാമ്പിലേയ്ക്ക് ഒടിക്കിതച്ച് ചെന്നപ്പോല്‍ ഹവില്‍ദാര്‍ നന്ദു റാം തന്നെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞ കാര്യം താഷി നംഗ്യാല്‍ പില്‍ക്കാലത്ത് ഓര്‍ത്തെടുത്ത് പറയുമായിരുന്നു: 'നിങ്ങള്‍ പറയുന്നത് സത്യമാണെങ്കില്‍, നിങ്ങള്‍ ഇന്ത്യയുടെ ഹീറോ ആയി മാറും. നിങ്ങളുടെ പേര് സ്വര്‍ണലിപികളില്‍ എഴുതപ്പെടും. നിങ്ങളുടെ എല്ലാ പ്രയാസങ്ങളും അതോടെ ഇല്ലാതാവും എന്ന് നന്ദുറാം എന്നോടുപറഞ്ഞു'. എന്നാല്‍, രാജ്യത്തിനായി താന്‍ നടത്തിയ ത്യാഗം വേണ്ടവിധത്തില്‍ അംഗീകരിക്കപ്പെട്ടില്ലെന്ന ദുഃഖം എല്ലാക്കാലവും അദ്ദേഹത്തിനുണ്ടായിരുന്നു.

placeholder
താഷി നംഗ്യാലിന്‍റെ മൃതദേഹത്തിൽ സൈന്യം അന്ത്യാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: എ.എൻ.ഐ

തന്റെ സേവനത്തിന്റെ പേരില്‍ ഒരു സിവിലിയന്‍ ബഹുമതിക്ക് താന്‍ അര്‍ഹനാണെന്നും അത് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മരിക്കുവോളം അത് ലഭിച്ചില്ല. അന്ന് നുഴഞ്ഞുകയറ്റക്കാരായ പാക് പട്ടാളം തട്ടിക്കൊണ്ടുപോയി കൊന്ന് ഭക്ഷിച്ച തന്റെ 18 യാക്കുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യം. അതും ലഭിച്ചില്ല. തന്റെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവ്യം പരിഗണിക്കപ്പെട്ടില്ലെന്ന ദുഃഖവും അദ്ദേഹം പങ്കുവെച്ചിരുന്നു.

എല്ലാവര്‍ഷവും 'കാര്‍ഗില്‍ വിജയ് ദിവസ്' ആഘോഷങ്ങളില്‍ സൈന്യം തന്നെ ആദരിക്കാറുണ്ടെന്നത് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞിരുന്നു. 25-ാമത് കാര്‍ഗില്‍ വിജയ ദിവസ് ആഘോഷങ്ങളില്‍ മകള്‍ തെസ്രിങ് ഡോള്‍കറിനൊപ്പം അദ്ദേഹം പങ്കെടുത്തിരുന്നു. അന്ന് തന്നെ കണ്ട മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു, 'സര്‍ക്കാര്‍ 18,000 രൂപവീതം പ്രതിമാസം അലവന്‍സായി തരുന്നുണ്ട്. ആവശ്യമുള്ളപ്പോഴൊക്കെ സൈന്യം സഹായത്തിനെത്തുന്നുണ്ട്. 25 വര്‍ഷം കഴിഞ്ഞെങ്കിലും ഒരു ദേശീയ ബഹുമതി എനിക്ക് ലഭിക്കും എന്ന പ്രതീക്ഷ ഇപ്പോഴും ഞാന്‍ കൈവിട്ടിട്ടില്ല.' എന്നാൽ, ആ പ്രതീക്ഷ ഒരിക്കലും യാഥാർഥ്യമാകാതെ ഡിസംബർ 17-ന് ഗാർഖോൺ ഗ്രാമത്തിലെ വീട്ടിൽവെച്ച് അദ്ദേഹം വിടപറഞ്ഞു.