ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വെള്ളിയാഴ്ച നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഭരണപക്ഷമായ ടിവികെ നേതാക്കളും പ്രതിപക്ഷമായ ഡിഎംകെ നേതാക്കളും തമ്മിൽ രൂക്ഷമായ വാഗ്വാദമാണ് സഭയിൽ നടന്നത്. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ടിവികെ നേതാവ് സി.ടി.ആർ. നിർമൽ കുമാറിനെ 'സംഘി മന്ത്രി' എന്ന് വിളിച്ചു. ഇതിന് സ്റ്റാലിനെ 'ബാത്ത്‌റൂം ലീഡർ' എന്ന് വിളിച്ചാണ് നിർമൽ തിരിച്ചടിച്ചത്.

To advertise here,

മുഖ്യമന്ത്രി വിജയ്‌യെയും നടി തൃഷയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തെയും ലക്ഷ്യമിട്ടുള്ള വിവാദ പരാമർശങ്ങളെ തുടർന്ന് ഈ മാസം ആദ്യം ഉദയനിധിയെ അറസ്റ്റ് ചെയ്യാൻ പോലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ ഉണ്ടായ സംഭവങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു നിർമൽ കുമാറിന്റെ ഈ മറുപടി. സഭയിലുണ്ടായ ബഹളത്തിനിടയിൽ, നിർമൽ കുമാറിനെതിരെയുള്ള തന്റെ പരാമർശങ്ങളിൽ ഉദയനിധി സ്റ്റാലിൻ പിന്നീട് മാപ്പ് പറഞ്ഞതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കാവേരി ജലത്തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടയിൽ നടി തൃഷയെ ലക്ഷ്യമിട്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിലാണ് ഉദയനിധിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഉദയനിധി സ്റ്റാലിനെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യാനായി പോലീസ് എത്തിയപ്പോൾ 'അദ്ദേഹം ബാത്ത്‌റൂമിലാണെന്നും കാത്തിരിക്കണമെന്നും' അദ്ദേഹത്തിന്റെ ഭാര്യ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു.

ഉദയനിധി ബാത്ത്‌റൂമിലാണെന്നും പോകാൻ തയ്യാറെടുക്കുകയാണെന്നും കാത്തിരിക്കണമെന്നും അദ്ദേഹത്തിന്റെ ഭാര്യ കൃതിക ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. എന്നാൽ തങ്ങളുടെ നിയമപരമായ കടമകൾ ചൂണ്ടിക്കാട്ടി ഉദയനിധിയെ കസ്റ്റഡിയിലെടുക്കാൻ പോലീസ് സമ്മർദ്ദം ചെലുത്തുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചതിനും അശ്ലീലമായ വിവരങ്ങൾ പ്രചരിപ്പിച്ചതിനുമുള്ള കുറ്റങ്ങൾ ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തിയാണ് പോലീസ് അന്ന് ഉദയനിധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് സഭയിൽ എത്തിയശേഷവും മുഖ്യമന്ത്രി വിജയ്ക്കും മറ്റ് മന്ത്രിമാർക്കുമെതിരെ കടുത്ത ഭാഷയിലാണ് ഉദയനിധി വിമർശനങ്ങൾ ഉന്നയിക്കുന്നത്.

വെള്ളിയാഴ്ച, നിയമസഭ ഒരു 'സൂപ്പർ സിംഗർ പരിപാടി' ആയി മാറിയോ എന്ന് ചോദ്യം ചെയ്ത ഉദയനിധി, മുൻ സർക്കാരുമായി ബന്ധപ്പെട്ട ഫയലുകളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങളെ വിമർശിക്കുകയും ചെയ്തു. 'നമ്മൾ വന്നത് നിയമസഭയിലേക്കാണോ അതോ സൂപ്പർ സിംഗർ പരിപാടിയിലേക്കാണോ എന്ന് അറിയില്ല.' എന്നായിരുന്നു ഉദയനിധിയുടെ പരിഹാസം.

എല്ലാ ജനപ്രതിനിധികൾക്കും പുതിയ വാഹനങ്ങളും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചതിന് മുഖ്യമന്ത്രി വിജയ്ക്ക് നന്ദി പറഞ്ഞുകൊണ്ട്, മുതിർന്ന നടനും രാഷ്ട്രീയക്കാരനുമായ എം.ജി.ആറിന്റെ പ്രശസ്തമായ 'കൊടുത്തതെല്ലാം കൊടുത്താൻ' എന്ന ഗാനം ടി.വി.കെ എംഎൽഎ കെ. സിന്ധു നിയമസഭയിൽ ആലപിച്ചിരുന്നു.

'തന്റെ കൈയിലുള്ളതെല്ലാം അദ്ദേഹം നൽകി, അദ്ദേഹം അതെല്ലാം നൽകി; ആർക്കുവേണ്ടിയാണ് അദ്ദേഹം അത് നൽകിയത്? അദ്ദേഹം അത് ഒരാൾക്ക് മാത്രമാണോ നൽകിയത്? അല്ല, അദ്ദേഹം അത് നാടിന് മുഴുവൻ വേണ്ടിയാണ് നൽകിയത്.' എന്നായിരുന്നു സിന്ധു പാടിയ പാട്ടിന്റെ അർത്ഥം. ഇതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ടായിരുന്നു ഉദയനിധിയുടെ പരിഹാസം.

മുൻപ് നിയമസഭയിലെ ചർച്ചയ്ക്കിടെ, ഡി.എം.കെ.യുടെ ഭരണകാലത്തെ അഴിമതികളുമായി ബന്ധപ്പെട്ട ആരോപണ ഫയലുകൾ പരസ്യപ്പെടുത്താൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ ഉദയനിധി വെല്ലുവിളിച്ചു. നിരവധി ഫയലുകൾ തന്റെ മേശപ്പുറത്തുണ്ടെന്നും അവ തുറക്കാൻ സർക്കാരിനെ നിർബന്ധിക്കരുതെന്നുമുള്ള വിജയ്‌യുടെ മുൻ പ്രസ്താവനയെ പരാമർശിച്ചുകൊണ്ടായിരുന്നു ഈ വെല്ലുവിളി.

ഫയലുകൾ പുറത്തുവിടാൻ ഉദയനിധി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും, അനുയോജ്യമായ സമയം കണ്ടെത്താൻ അദ്ദേഹം വല്ല ജ്യോത്സ്യനെയും കാത്തിരിക്കുകയാണോ എന്ന് ചോദ്യം ചെയ്യുകയും ചെയ്തു. 'സിനിമയിലെ പഞ്ച് ഡയലോഗുകൾ പറഞ്ഞുകൊണ്ടിരിക്കാതെ ആ ഫയലുകൾ തുറക്കൂ.' ഉദയനിധി വെല്ലുവിളിച്ചു.

ഇത്തരം ഭീഷണികളിൽ ഡി.എം.കെ. ഭയപ്പെടില്ലെന്ന് പറഞ്ഞ അദ്ദേഹം, ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകൾ ഉണ്ടെങ്കിൽ ഫയലുകൾ പുറത്തുവിടാൻ വിജയ്‌യോട് ആവശ്യപ്പെട്ടു. 'നിങ്ങളുടെ കൈയിൽ തെളിവുണ്ടെങ്കിൽ അത് പുറത്തുവിടൂ.' ഉദയനിധി പറഞ്ഞു. നിയമസഭാ നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യാൻ സർക്കാർ എന്തുകൊണ്ട് അനുമതി നൽകുന്നില്ല എന്ന വിഷയവും ഉദയനിധി ഉന്നയിച്ചു.

ആളുകൾ ഇപ്പോൾ സീരിയലുകൾ കാണുന്നത് നിർത്തി പകരം നിയമസഭാ നടപടികളാണ് കാണുന്നത് എന്ന മന്ത്രി ബുസി ആനന്ദിന്റെ പരാമർശവും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭയിലെ നടപടിക്രമങ്ങളുടെ ചില ഭാഗങ്ങൾ മാത്രം തിരഞ്ഞെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയും ഉദയനിധി പങ്കുവെച്ചു.

റോഡ് നിർമ്മാണത്തിലെ ക്രമക്കേടുകളെ ചൊല്ലി ടി.വി.കെ., ഡി.എം.കെ. നിയമസഭാംഗങ്ങൾ തമ്മിൽ നടന്ന രൂക്ഷമായ വാഗ്വാദത്തിനിടെ, മുൻ ഡി.എം.കെ സർക്കാരിന്റെ അഴിമതി ഫയലുകൾ 'അനുയോജ്യമായ സമയത്ത്' വെളിപ്പെടുത്തുമെന്ന് ബുധനാഴ്ച വിജയ് പറഞ്ഞതിന്റെ ബാക്കിയായിരുന്നു വെള്ളിയാഴ്ചത്തെ വാക്‌പോര്.

'അവർ തെളിവ്, തെളിവ് എന്ന് ചോദിക്കുകയാണ്. ഏകദേശം ഒരാഴ്ച മുമ്പ് ധനമന്ത്രി സംസാരിച്ചപ്പോൾ, ഫയലുകൾ മൂന്ന് വകുപ്പുകൾ അവലോകനം ചെയ്തതായും ആ ഫയലുകളെല്ലാം എന്റെ മേശപ്പുറത്തുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം അത് വെറുതെ പറഞ്ഞതല്ല. അവ യഥാർത്ഥത്തിൽ എന്റെ മേശപ്പുറത്തുണ്ട്. എല്ലാം തെളിവുകൾ സഹിതമുണ്ട്. അവ തുറക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്. എപ്പോഴാണോ അവ തുറക്കുന്നത്, അപ്പോൾ എല്ലാം കൃത്യമായി പുറത്തുവരും.' എന്നായിരുന്നു വിജയ്‌യുടെ പ്രസ്താവന.

അതേസമയം, നിയമസഭയിൽ ഉയർന്നുവന്ന വിഷയത്തെക്കുറിച്ചാണ് താൻ സംസാരിച്ചതെന്ന് വ്യക്തമാക്കിയ ഉദയനിധി, മാധ്യമങ്ങളിൽ വന്ന കാര്യങ്ങൾ സഭ ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിച്ചു. 'ഞാൻ പറഞ്ഞത് ഉന്നയിക്കപ്പെട്ട വിഷയത്തെക്കുറിച്ചാണ്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന കാര്യങ്ങൾ ദയവായി ശ്രദ്ധിക്കുക. സഭയ്ക്കുവേണ്ടി ഞാൻ പറയുന്നു, അദ്ദേഹത്തിനെതിരെ തീർച്ചയായും നടപടിയുണ്ടാകും.' അദ്ദേഹം പറഞ്ഞു

തുടർന്ന് മൂന്ന് വകുപ്പുകളുടെ അവലോകനത്തെക്കുറിച്ചുള്ള വിജയ്‌യുടെ പ്രസ്താവന പരാമർശിച്ചുകൊണ്ട് ഉദയനിധി തന്റെ വെല്ലുവിളി ആവർത്തിച്ചു. 'മുഖ്യമന്ത്രി തന്നെ പറഞ്ഞതുപോലെ, ആ മൂന്ന് അവലോകനങ്ങളും ബാക്കിയുണ്ട്. ഇതൊരു പരസ്യമായ വെല്ലുവിളിയായി എടുത്തോളൂ.. മുഖ്യമന്ത്രി അവലോകനവും പരിശോധനയും തുടരട്ടെ, ആർക്കെതിരെ നടപടിയെടുക്കാൻ കഴിയുമെന്ന് നോക്കട്ടെ. ആരോപണങ്ങൾ യഥാർത്ഥവും തെളിവുകളുടെ പിന്തുണയുള്ളതുമാണെങ്കിൽ അദ്ദേഹം നടപടിയെടുക്കണം.' ഉദയനിധി പറഞ്ഞു.