ന്യൂഡൽഹി: ഇന്ത്യ ആതിഥ്യമരുളുന്ന നാലാമത് ബ്രിക്സ് ഉച്ചകോടി ശനിയാഴ്ച തുടങ്ങുമ്പോൾ, അംഗരാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ സമവായം ദുഷ്കരം. പശ്ചിമേഷ്യൻ യുദ്ധം, അമേരിക്ക-ഇറാൻ അസ്വസ്ഥതകൾ എന്നിവയുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും സ്വീകാര്യമായ സംയുക്ത പ്രസ്താവന തയ്യാറാക്കൽ ഡൽഹി ഉച്ചകോടിയുടെ മുന്നിലെ കനത്ത വെല്ലുവിളിയാണ്.

To advertise here,

സമവായം രൂപപ്പെടുത്തി സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിന് ദിവസങ്ങളായി 11 അംഗരാജ്യങ്ങളുടെ ഷെർപ്പമാർ തല പുകയ്ക്കുകയാണ്. ഇറാനും യു.എ.ഇ.യും സൗദി അറേബ്യയും വിവാദ വിഷയങ്ങളിൽ വിരുദ്ധനിലപാടുകൾ സ്വീകരിക്കുമ്പോൾ അനുരഞ്ജനം എളുപ്പമല്ല. സമാപനദിവസമായ ഞായറാഴ്ച ഉച്ചയോടെയാണ് സംയുക്ത പ്രസ്താവന പുറത്തിറക്കേണ്ടത്.

സംയുക്ത പ്രസ്താവനയിൽ പശ്ചിമേഷ്യപ്രതിസന്ധിയുമായി ബന്ധപ്പെട്ട പരാമർശം എങ്ങനെ ഉൾപ്പെടുത്തണമെന്നതിനെച്ചൊല്ലി തർക്കം ഉടലെടുത്തതായാണ് സൂചന. 2024 മുതലാണ് ബ്രിക്സ് കൂട്ടായ്മയിൽ യു.എ.ഇ.യും ഇറാനും അംഗങ്ങളായത്. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇരുപക്ഷങ്ങൾക്കുമിടയിലെ ഭിന്നതകൾ പരിഹരിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥരും റഷ്യ, ബ്രസീൽ, ഈജിപ്ത് പ്രതിനിധികളും പരിശ്രമത്തിലാണ്.

സമവായമുണ്ടാക്കി സംയുക്ത പ്രസ്താവന പുറത്തിറക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയുടെ ബ്രിക്സ് ഷെർപ്പ സുധാകർ ദലേലയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമം പുരോഗമിക്കുന്നത്.

മേയിൽ ഡൽഹിയിൽ ചേർന്ന ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ സമവായം രൂപപ്പെടുത്താനോ സംയുക്ത പ്രസ്താവന പുറത്തിറക്കാനോ കഴിഞ്ഞിരുന്നില്ല. യു.എ.ഇ.,ഇറാൻ വിദേശമന്ത്രിമാരുമായി നേരിട്ട് ചർച്ച ചെയ്ത് സമവായം രൂപപ്പെടുത്തണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ് നിർദേശിച്ചിരുന്നു. എന്നാൽ, നയതന്ത്രപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ല. ഡൽഹി ഉച്ചകോടിയുടെ പിരിമുറുക്കമേറ്റുന്നത് ഈ സാഹചര്യമാണ്.

പുതിൻ-മോദി ഉഭയകക്ഷി ചർച്ച ഇന്ന്

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഉഭയകക്ഷി ചർച്ച നടത്തും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ശനിയാഴ്ചയാണ് മോദിയുടെ ഉഭയകക്ഷി കൂടിക്കാഴ്ച.