ഹർജി അടുത്ത ആഴ്ച വാദം കേൾക്കാമെന്ന് സുപ്രീം കോടതി സമ്മതിച്ചു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങളിൽ സംശയങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഹർജി അടുത്ത ആഴ്ച വാദം കേൾക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ വികാസ് സിങ് കേസ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങൾ ഭൂരിപക്ഷാഭിപ്രായത്തെ മാനിക്കുന്നതായിരിക്കണമെന്നാണ് ചട്ടം. എന്നാൽ നിലവിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനരീതിയിൽ തീരുമാനങ്ങൾ അത് പിന്തുടർന്നതാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് വികാസ് സിങ് കോടതിയിൽ പറഞ്ഞു.
വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കൽ, ഒഴിവാക്കൽ, വോട്ടർ രജിസ്‌ട്രേഷൻ രീതികളിലെ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ 10 മാസത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കുറഞ്ഞത് 14 തവണയെങ്കിലും ഔദ്യോഗികമായി എതിർപ്പറിയിച്ചിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയിൽ ഹർജി എത്തിയത്.
അതേസമയം അഭിപ്രായ ഐക്യമില്ലെന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. കമ്മീഷന്റെ എല്ലാ തീരുമാനങ്ങളും ഐകകണ്‌ഠ്യേനയാണ് കൈക്കൊണ്ടതെന്ന് കമ്മിഷൻ വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും കമ്മീഷണർമാരായ എസ്.എസ്. സന്ധു, വിവേക് ജോഷി എന്നിവരും പങ്കെടുത്ത യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്.
Content Highlights: Supreme Court agrees to hear a plea questioning the decisions of Chief Election Commissioner Gyanesh Kumar next week., Senior advocate Vikas Singh raised concerns regarding majority opinions not being followed in EC decisions., Reports surfaced of fellow commissioners objecting to voter registration processes 14 times in 10 months., Election Commission denied all allegations of dissent, maintaining that all decisions were unanimous.
Published: 29 Sept 2026, 12:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented