ന്യൂഡൽഹി: നിലവിലെ മാർഗരേഖ അനുവദിക്കുന്നിടത്തോളം അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നത് വിലക്കാനാവില്ലെന്ന് സുപ്രീംകോടതി. പെല്ലറ്റ് തോക്ക് ദുരുപയോഗംചെയ്തെന്ന പരാതികളുണ്ടെങ്കിൽ അവയോരോന്നും വെവ്വേറെ കേസുകളായി പരിശോധിക്കേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

To advertise here,

ജന്തർമന്തറിലെ സമരക്കാർക്കെതിരേ പെല്ലറ്റ് ഉപയോഗിച്ചെന്ന പരാതിയിൽ കേന്ദ്രത്തിനും ദ്രുതകർമസേനയുടെ ഐ.ജി.ക്കും നോട്ടീസയച്ചുകൊണ്ടാണ് നിരീക്ഷണം. അവിടെ നിയോഗിക്കപ്പെട്ട ദ്രുതകർമസേനയുടെ ആയുധ ഉപയോഗ രജിസ്റ്റർ (അമ്യുണിഷൻ ലോഗ്) സംരക്ഷിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിരീക്ഷണത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) അതൃപ്തി രേഖപ്പെടുത്തി.

ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡിവലപ്‌മെന്റ് (ബി.പി.ആർ.ഡി.) ഇറക്കിയ മാർഗരേഖപ്രകാരം അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് തോക്ക് ഉപയോഗിക്കാമെന്ന് പറയുന്നുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഘട്ടംഘട്ടമായി പെല്ലറ്റ് ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നതെങ്കിൽ, ഉപയോഗത്തിന് അനുമതി നൽകുന്ന വകുപ്പുകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്യണമെന്നും ജസ്റ്റിസ് ജോയ്‌മല്യാ ബാഗ്ചി വ്യക്തമാക്കി.

പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റ പ്രശാന്ത് കുമാർ സിങ്, ഷെയ്ഖ് ഇർഷാദ് മൻസൂരി എന്നിവരും മുൻ കേന്ദ്ര വിവരാവകാശ കമ്മിഷണറും ഐ.പി.എസ്. ഉദ്യോഗസ്ഥനുമായിരുന്ന യശോവർധൻ ആസാദും നൽകിയ ഹർജികളാണ് പരിഗണിച്ചത്.

പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷക വൃന്ദാ ഗ്രോവർ ആവശ്യപ്പെട്ടു. പെല്ലറ്റ് തോക്കുകൾ ദ്രുതകർമസേനയുടെ ആയുധ ശേഖരത്തിൽ പാടില്ലെന്നല്ല ആവശ്യപ്പെടുന്നത്. എന്നാൽ, പരിക്കേറ്റവരുടെ ദേഹത്തുനിന്ന് കണ്ടെത്തിയത് ലോഹ പെല്ലറ്റുകളാണ്. ഡൽഹി പോലീസിന് ഇതുവരെ പെല്ലറ്റ് ഉപയോഗിക്കാൻ സ്ഥിരം നിർദേശമില്ല. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ അത് ഹാജരാക്കാൻ സർക്കാരിനോട് നിർദേശിക്കണം -വൃന്ദാ ഗ്രോവർ ആവശ്യപ്പെട്ടു.

ചികിത്സയുടെ കാര്യത്തിൽ വേണ്ടതുചെയ്യണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി പറഞ്ഞു.