ന്യൂഡൽഹി: ഓരോ മതസ്ഥാപനത്തിന്റെയും പ്രവർത്തനത്തിന് ചിട്ടവട്ടങ്ങളുണ്ടായിരിക്കണമെന്നും ക്ഷേത്രമായാലും ദർഗയായാലും അരാജകത്വം അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി. എല്ലാ മതസ്ഥാപനങ്ങൾക്കും ചട്ടങ്ങൾ ആവശ്യമാണെന്നും അത് ഓരോരുത്തരും വ്യക്തിപരമായി തീരുമാനിക്കേണ്ടതല്ലെന്നും കോടതി നിരീക്ഷിച്ചു. ശബരിമലവിഷയം പരിഗണിക്കുന്ന ഒമ്പതംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.
മതസ്ഥാപനങ്ങളിൽ ആഗ്രഹിക്കുന്നതെന്തും ചെയ്യുമെന്ന് ആർക്കും പറയാനാവില്ല. ഒരു നിയന്ത്രണവുമില്ലാതെ കവാടം തുറന്നിടണമെന്ന് പറയാനാവില്ല. അതിനാൽ നിയന്ത്രണം ആവശ്യമാണ്. അതേസമയം, ഭരണഘടനയുടെ പരിമിതികളിലേക്ക് നിയന്ത്രണം കടന്നുകയറാനും പാടില്ല. വിശാലമായ ഭരണഘടനാ മാനദണ്ഡങ്ങളിൽ വിവേചനം പാടില്ലെന്നും ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ള പറഞ്ഞു. ഡൽഹിയിലെ ഹസ്രത് നിസാമുദ്ദീൻ ദർഗയുമായി ബന്ധപ്പെട്ട വിഷയം അഡ്വ. നിസാം പാഷ ഉന്നയിച്ചപ്പോഴായിരുന്നു ജസ്റ്റിസ് അമാനുള്ളയുടെ നിരീക്ഷണം.
ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച 2018-ലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്നവരുടെയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദങ്ങൾ ചൊവ്വാഴ്ചയോടെ പൂർത്തിയായി. ഒമ്പതംഗബെഞ്ചിലെ പത്താം ദിവസമായ ബുധനാഴ്ച, യുവതീപ്രവേശനത്തെ അനുവദിക്കുന്നവരുടെ വാദങ്ങളാരംഭിക്കും. വിവിധ കക്ഷികൾക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ രാജു രാമചന്ദ്രൻ, ഇന്ദിരാ ജെയ്‌സിങ് തുടങ്ങിയവരാണ് മുഖ്യമായും വാദിക്കുക. തുടർന്ന് സംസ്ഥാന സർക്കാരും അതിനുശേഷം രണ്ട് അമിക്കസ് ക്യൂറിമാരുടെയും വാദം നടക്കും.
യുവതീപ്രവേശം: മധ്യനിലപാട് സ്വീകരിക്കാൻ സർക്കാർ
യുവതീപ്രവേശത്തെ നേരിട്ട് എതിർക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാതെ മധ്യനിലപാടായിരിക്കും സംസ്ഥാനസർക്കാർ സ്വീകരിക്കുക. യുവതീപ്രവേശനവിധിയെ എതിർക്കുന്നവർക്കൊപ്പം വാദമുന്നയിക്കാൻ സംസ്ഥാനസർക്കാർ അഭിഭാഷകർ അനുമതി തേടിയിരുന്നെങ്കിലും അതുണ്ടായില്ല. ഇനി യുവതീപ്രവേശത്തെ പിന്തുണയ്ക്കുന്നവരുടെ വാദങ്ങൾ പൂർത്തിയായശേഷമാണ് സർക്കാർ വാദമുന്നയിക്കുക.
മതാചാരങ്ങൾ കോടതി പരിശോധിക്കുമ്പോൾ മതപണ്ഡിതരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായംതേടണമെന്ന 2007-ലെ വി.എസ്. സർക്കാരിന്റെ നിലപാട് ആവർത്തിക്കും. അതേസമയം, മതാചാരത്തിന്റെപേരിൽ ഗുരുതര മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെങ്കിൽ വിശ്വാസിസമൂഹത്തിന് പുറത്തുള്ളവർക്കും ചോദ്യംചെയ്യാം. ഇത്തരം വിഷയങ്ങളിൽ ഭരണകൂടത്തിന് നിയമനിർമാണാധികാരമുണ്ടെന്നും സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കോൺസെൽ നിഷെ രാജൻ ശങ്കറും വാദമുന്നയിക്കും.
Content Highlights: Supreme Court mandates regulatory frameworks for all religious institutions., Court emphasizes that anarchy is unacceptable in any religious place., Constitutional limitations must be respected while imposing regulations., Sabarimala nine-judge bench proceedings continue with arguments on women's entry., State government to adopt a middle-ground approach regarding the Sabarimala verdict.
Published: 29 Apr 2026, 06:36 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented