ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരന്‍ വധകേസിലെ പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ മൗനം പാലിച്ച് സംസ്ഥാന സര്‍ക്കാര്‍. കേസില്‍ നിലപാട് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് കെ.കെ. രമ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

To advertise here,

ജാമ്യത്തെ എതിര്‍ത്ത് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കെ.കെ. രമയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കി. ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ജ്യോതി ബാബു സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. വിചാരണ കോടതി ജ്യോതി ബാബുവിനെ വെറുതെ വിട്ടതാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ എസ് നാഗമുത്തു, അഭിഭാഷകന്‍ ജി. പ്രകാശ് എന്നിവര്‍ ചൂണ്ടിക്കാട്ടി.

ജാമ്യഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിയേണ്ടതാണെന്നും അതിനാല്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും കെ.കെ. രമയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത്, അഭിഭാഷകന്‍ എ. കാര്‍ത്തിക് എന്നിവര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകര്‍ ആരും കോടതിയില്‍ ഹാജരായിരുന്നില്ല. താനാണ് കേസില്‍ ഹാജരാകുന്നത് എന്ന് സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ജാമ്യത്തെ സംബന്ധിച്ച നിലപാടില്‍ അദ്ദേഹം മൗനം പാലിച്ചു. തുടര്‍ന്നാണ് കേസ് തിങ്കളാഴ്ചത്തേക്ക് സുപ്രീംകോടതി മാറ്റിയത്.