മുംബൈ: എൻ.സി.പി.യുടെ ഇരുവിഭാഗങ്ങളും തമ്മിൽ ലയനസാധ്യത തള്ളാതെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. അധ്യക്ഷയുമായ സുനേത്ര പവാർ. സമയമാവുമ്പോൾ കാര്യങ്ങൾ വ്യക്തമാവുമെന്ന് സുനേത്ര പ്രതികരിച്ചു. സ്വാതന്ത്ര്യസമര സേനാനി ബിർസ മുണ്ടയുടെ 191-ാം ജന്മവാർഷിക പരിപാടികൾ പ്രഖ്യാപിക്കുന്നതിനായി നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.
'നിങ്ങൾക്ക് കൂടുതൽ താത്പര്യം മറ്റൊരു വിഷയത്തിലാണെന്ന് എനിക്കറിയാം (ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ). സമയമാവുമ്പോൾ കാര്യങ്ങൾ വ്യക്തമാകുമെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു,'സുനേത്ര പവാർ പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിൽ എൻ.സി.പി.യിലെ മുതിർന്ന നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, സുനേത്ര പവാറും മകനും ലോക്സഭാംഗവുമായ പാർഥ് പവാറും ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
അതേസമയം, പാർഥ് പവാർ ഉൾപ്പെടെയുള്ള എൻ.സി.പി. നേതാക്കൾ എൻ.സി.പി. (എസ്.പി.) അധ്യക്ഷൻ ശരദ് പവാറുമായും കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കുകമാത്രമായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും രാഷ്ട്രീയ വിഷയങ്ങളൊന്നും ചർച്ചചെയ്തില്ലെന്നുമാണ് നേതാക്കളുടെ വിശദീകരണം.
എൻ.സി.പി.യുടെ ഇരുവിഭാഗങ്ങളും വീണ്ടും ഒന്നിക്കുമെന്ന ചർച്ചകൾ കുറച്ചുനാളുകളായി മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സജീവമാണ്. അന്തരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറും ലയനത്തെ അനുകൂലിച്ചിരുന്നെന്ന് മുതിർന്ന എൻ.സി.പി. നേതാവ് സുനിൽ തത്കരെ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയതോടെയാണ് അഭ്യൂഹങ്ങൾ വീണ്ടും ശക്തിയാർജിച്ചത്.
Published: 11 Nov 2026, 08:34 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented