ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എടുത്ത ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് എതിരായ ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. തീരുമാനങ്ങൾ എടുത്തത് നിയമപരം ആയിരുന്നില്ലെങ്കിൽ അവ റദ്ദാക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പടുവിപ്പിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.

To advertise here,

എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്വീകരിച്ചിട്ടുള്ള നടപടികളിൽ കേന്ദ്ര സർക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഉന്നയിക്കപ്പെട്ട ആരോപണം സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

സുപ്രീം കോടതി ഹർജികളിൽ അന്തിമ തീർപ്പ് പ്രസ്താവിക്കുന്നത് വരെ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് കമ്മീഷനെ വിലക്കണമെന്ന ആവശ്യത്തിലും കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്തില്ലെങ്കിൽ രാജ്യം കത്തുമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വികാസ് സിംഗ് സുപ്രീം കോടതിയിൽ പറഞ്ഞു.

കമ്മീഷൻ നിയമപ്രകാരം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി പറഞ്ഞു. ഏകകണ്ഠമോ, ഭൂരിപക്ഷ അഭിപ്രയത്തിലോ ആയിരിക്കണം തീരുമാനങ്ങൾ. ഫോം 6-ന്റെ പരിഷ്കരണം അംഗീകരിച്ചിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ അംഗീകാരത്തോടെയാണ് ഫോം 6 പരിഷ്കരിച്ചത് എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആരാണ് പരിഷ്കരണത്തിന് അനുമതി നൽകിയത് എന്ന് രേഖകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും അക്കാര്യം അറിയാൻ തങ്ങൾക്കും താത്പര്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനങ്ങളെടുക്കുന്നത് ഏകപക്ഷീയമായാണോ അതോ ഭൂരിപക്ഷ അഭിപ്രായപ്രകാരമാണോ എന്ന കാര്യം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമപ്രകാരമല്ലെങ്കിൽ അങ്ങനെ എടുത്തിട്ടുള്ള തീരുമാനങ്ങൾ റദ്ദാക്കപ്പെടുമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. പത്രവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ തീരുമാനം എടുക്കാനാവില്ല. എന്താണ് നടന്നത് എന്നത് സംബന്ധിച്ച് കൃത്യമായ വിശദീകരണം കമ്മീഷനിൽനിന്ന് ലഭ്യമാകണം. അതിനു ശേഷം കോടതിയുടെ ഇടപെടലുകൾ ഉണ്ടാകുമെന്നും കോടതി പറഞ്ഞു.

'അഞ്ചു മുതൽ എട്ടുവരെയുള്ള എതിർകക്ഷികളുടെ മറുപടിയും ഞങ്ങൾ തേടും. അവർ ഞങ്ങൾക്ക് മറുപടി നൽകും. ഇവിടെ ഒരു നിയമമുണ്ട്, അത് അവർ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിയമം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയാൽ പിന്നെ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ', കോടതി പറഞ്ഞു.

നിയമനടപടികളിൽനിന്നുള്ള സംരക്ഷണത്തെ ഹർജിക്കാരുടെ അഭിഭാഷകൻ വികാസ് സിങ് ചോദ്യംചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ ഐക്യകണ്ഠേനയുള്ളതായിരിക്കണമെന്നും സിഇസിക്ക് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നും സിങ് വാദിച്ചു. ഇത്തരം പരിരക്ഷ പ്രധാനമന്ത്രിക്കോ സുപ്രീം കോടതി ജഡ്ജിമാർക്കോ പോലും ലഭ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കിടയിൽ ഏകകണ്ഠമായല്ലാതെ തീരുമാനങ്ങളെടുക്കുന്നത്‌ തടഞ്ഞുകൊണ്ട് ഉത്തരവുണ്ടാകണമെന്ന ആവശ്യം അംഗീകരിക്കാൻ കോടതി തയ്യാറായില്ല.