
ന്യൂഡൽഹി: ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച ദൂരപരിധി നിർദേശങ്ങളുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരാൻ ചാവക്കാട് സ്വദേശിനി സുപ്രീം കോടതിയിൽ.
കേസിൽ കക്ഷി ചേർന്ന് നിലപാട് വിശദീകരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ ചാവക്കാട് സ്വദേശി ഫൗസിയ മീത്തലെ എടക്കാടാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഭൂവുടമകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും കക്ഷി ചേരൽ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ചാവക്കാട് താലൂക്കിൽ കടിക്കാട് വില്ലേജിൽ ഉൾപ്പെട്ട വസ്തുവിന്റെ ഉടമയാണ് ഫൗസിയ. ഇവരുടെ ഭൂമി ദേശീയപാത 66 നോട് ചേർന്നാണ് കിടക്കുന്നത്. 2021 ജനുവരിയിൽ അമ്മ നൽകിയ ധനാധാരപ്രകാരമാണ് 4.04 ആർ (ഏകദേശം 10 സെന്റ്) വിസ്തീർണ്ണമുള്ള ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ഇവർക്ക് ലഭിച്ചത്. റവന്യൂ രേഖകളിലും ഭൂമിയേറ്റെടുക്കൽ നടപടികളിലും ഇവരുടെ ഉടമസ്ഥാവകാശം അംഗീകരിച്ചിട്ടുള്ളതുമാണ്.
NH-66 കാപ്പിരിക്കാട്-ഇടപ്പള്ളി റീച്ചിലെ നാലുവരിപ്പാത വികസനത്തിനായി ഇവരുടെ ഭൂമിയിൽ നിന്ന് 0.0124 ഹെക്ടർ (ഏകദേശം 3.064 സെന്റ്) സ്ഥലം പിന്നീട് ഏറ്റെടുക്കുകയുണ്ടായി. 1956-ലെ ദേശീയപാത നിയമപ്രകാരം നടന്ന ഈ ഏറ്റെടുക്കലിൽ 16,04,537.04 രൂപ നഷ്ടപരിഹാരമായി നിശ്ചയിക്കുകയും, കെട്ടിടങ്ങൾക്കും മരങ്ങൾക്കും കൃഷിനാശത്തിനും പരിഹാരമായി 1,15,800 രൂപ അധികമായി നൽകുകയും ചെയ്തിരുന്നു. ഏറ്റെടുത്ത ഭൂമിയുടെ കൈവശാവകാശവും ഇവർ ഒഴിഞ്ഞുകൊടുത്തിരുന്നു.
നിലവിൽ ഫൗസിയയുടെ ഉടമസ്ഥതിയിൽ ഉള്ളത് ഏകദേശം ഏഴ് സെന്റോളം ആണ്. 2026 ഏപ്രിലിൽ സുപ്രീം കോടതി പുറപ്പടുവിച്ച ദൂരപരിധി നിർദേശം നടപ്പാക്കുമ്പോൾ ഈ ഭൂമി മുഴുവനായി നിർമാണ നിയന്ത്രണത്തിന്റെ പരിധിയിൽവരും എന്നാണ് ഫൗസിയയുടെ വാദം. ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് 40 മീറ്റർ വരെ വീടുകൾക്കും 75 മീറ്റർ വരെ വാണിജ്യ ആവശ്യങ്ങൾക്കുമുള്ള ഭൂവിനിയോഗ മാറ്റം തടഞ്ഞു കൊണ്ട് ഉത്തരവുകൾ ഇറക്കാനായിരുന്നു സംസ്ഥാനങ്ങളോട് സുപ്രീംകോടതി നിർദേശിച്ചിരുന്നത്.
നോട്ടിഫൈ ചെയ്ത റോഡ് അതിർത്തിക്ക് പുറത്തുള്ള സ്വകാര്യ ഭൂമിയെ ഈ നിർദേശങ്ങൾ നേരിട്ട് ബാധിക്കുന്നുണ്ടെന്നാണ് ഫൗസിയയുടെ വാദം. അതിനാൽ തന്റെ വാദം കോടതി കേൾക്കണമെന്നും അഭിഭാഷകനായ ദീപക് പ്രകാശ് മുഖേന ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിൽ ഫൗസിയ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ മേഖലകൾ, ലൈസൻസിംഗ്, ഭൂവിനിയോഗ നിയന്ത്രണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കൃത്യമായ രേഖകളോടെ കൈവശം വെച്ചിരിക്കുന്ന സ്വകാര്യ ഭൂമികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ദേശീയപാത വികസനത്തിനായി ഭൂമി ഭാഗികമായി വിട്ടുനൽകി നഷ്ടപരിഹാരം വാങ്ങിയതും എന്നാൽ ബാക്കിവന്ന ഭൂമിയിൽ ഇപ്പോൾ നിയന്ത്രണങ്ങൾ നേരിടുന്നതുമായ രാജ്യത്തെ വലിയൊരു വിഭാഗം സ്വകാര്യ ഭൂവുടമകളുടെ പ്രതിനിധിയാണ് താനെന്നാണ് ഫൗസിയയുടെ വാദം. ഇത്തരം ഭൂവുടമകളുടെ ഭാഗം കേൾക്കാൻ നിലവിൽ സുപ്രീംകോടതിയിൽ പ്രാതിനിധ്യമില്ലെന്നും കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Content Highlights: Chavakkad resident Fauzia Meethale Edakkad approaches the Supreme Court to become a party in the national highway distance norms case., The 2026 Supreme Court distance restriction directives threaten private land ownership near NH-66., Fauzia's remaining 7 acres of land faces severe construction restrictions under the new directives., The plea highlights the plight of private landowners who partially surrendered land for NH expansion and now face strict land-use curbs.
Published: 17 Aug 2026, 09:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented