ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്കുള്ള അനുമതി സ്ഥിരമായി തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെങ്കില്‍, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെടാത്ത ഒരു ഗവര്‍ണറുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് സുപ്രീം കോടതി നിരീക്ഷണം. ബുധനാഴ്ച രാഷ്ട്രപതിയുടെ റഫറന്‍സ് കേസിന്റെ രണ്ടാം ദിവസത്തെ വാദത്തിനിടെയായിരുന്നു ഇത്തരമൊരു നിരീക്ഷണം സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.
ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം ഗവര്‍ണര്‍ക്ക് ഒരു ബില്ലിനുള്ള അനുമതി തടയാനും നിയമസഭയിലേക്ക് തിരിച്ചയക്കാന്‍ അവസരം നല്‍കാതെ ബില്‍ ഒഴിവാക്കാനും കഴിയുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഈ പരാമര്‍ശം. ''ഇത് ഗവര്‍ണര്‍ക്ക് അപ്പീലുകള്‍ക്ക് മുകളില്‍ ഇരിക്കാനുള്ള പൂര്‍ണ അധികാരം നല്കുകയല്ലേ ചെയ്യുന്നത്. ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഗവര്‍ണറുടെ താല്പര്യങ്ങള്ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വരും'',അഞ്ചംഗ ഭരണഘടനാബെഞ്ചിന് നേതൃത്വം നല്കുന്ന ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായ് നിരീക്ഷിച്ചു.
ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുള്ള വിവേചനാധികാരത്തെ അനുകൂലിച്ച് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ബില്ലുകള്‍ പരിഗണിക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് ആ പദവിയുടെ ഭരണഘടനാപരമായ അധികാരം കുറയ്ക്കാന്‍ ഇടയാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. "ഗവര്‍ണര്‍ ഒരു തപാല്ക്കാരനല്ല. അദ്ദേഹം യൂണിയന് ഓഫ് ഇന്ത്യയെ (കേന്ദ്രം) പ്രതിനിധീകരിക്കുന്നു. പരോക്ഷ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രം തിരഞ്ഞെടുക്കുന്ന രാഷ്ട്രപതിയാണ് അദ്ദേഹത്തെ നിയമിക്കുന്നത്. ബില്ലുകള്‍ തടഞ്ഞുവെക്കാന്‍ വിവേചനാധികാരം ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗവര്‍ണറുടെ അധികാരം ഒരു തപാല്ക്കാരന്റേതിന് തുല്യമായി ചുരുങ്ങും", സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
ഏപ്രില്‍ 8-ന് തമിഴ്നാട് സര്‍ക്കാരും ഗവര്‍ണര്‍ ആര്.എന്‍. രവിയും തമ്മിലുള്ള കേസ് പരിഗണിക്കവെ, ബില്ലിന് അനുമതി തടഞ്ഞുവെക്കുകയോ അല്ലെങ്കില്‍ മാറ്റിവെക്കുകയോ ചെയ്യുകയാണെങ്കില്‍ ഗവര്‍ണര്‍ മൂന്ന് മാസത്തിനകവും ബില്‍ വീണ്ടും പാസാക്കിയാല്‍ ഒരു മാസത്തിനകവും നടപടിയെടുക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
Content Highlights: Supreme Court raises concerns over Governor`s power to indefinitely withhold state bills
Published: 21 Aug 2025, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented