ന്യൂഡൽഹി: എസ്.ഐ.ആർ. വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരേ ലൈംഗികാതിക്രമം നടന്നെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ വിരമിച്ച വനിതാ ജഡ്ജിമാരും ഐ.പി.എസ്. ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതി രൂപവത്കരിക്കുമെന്ന സൂചനനൽകി സുപ്രീംകോടതി. വനിതാ മാധ്യമപ്രവർത്തകരുടെ പരാതികൾ പരിശോധിക്കാൻ വനിതാ ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി രൂപവത്കരിക്കണമെന്ന മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങിന്റെ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

To advertise here,

തൊഴിൽ ചെയ്യുന്നതിനിടെ വനിതാ മാധ്യമപ്രവർത്തകർ നേരിടുന്ന പ്രശ്‌നങ്ങളാണ് ഹർജിയിൽ പരാമർശിക്കുന്നതെന്ന് ഇന്ദിര ജയ്‌സിങ് കോടതിയെ അറിയിച്ചു. സംസാരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശംപോലെ തൊഴിലെടുക്കാനുള്ള അവകാശവും അവർക്കുണ്ട്. തൊഴിലവകാശത്തിന്റെ ഭാഗമായാണ് അവർ പ്രതിഷേധ സ്ഥലങ്ങളിലെത്തുന്നത്. എന്നാൽ, സ്ത്രീകളെന്ന നിലയിൽ അവർ പുരുഷ പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് ലൈംഗികാതിക്രമങ്ങൾക്കും ഉപദ്രവങ്ങൾക്കും ഇരയാവാൻ സാധ്യതയുണ്ടെന്നും ജയ്‌സിങ് പറഞ്ഞു.

അതേസമയം, വനിതാ പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരെ തള്ളിയ സംഭവങ്ങളുണ്ടെന്നും അവർ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികളും പീഡനമായി കണക്കാക്കാമെന്നും ജയ്‌സിങ് പറഞ്ഞു. ഈ വാദത്തോട് യോജിച്ചുകൊണ്ടാണ് ബെഞ്ച് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു സമിതി രൂപവത്കരിക്കുമെന്ന സൂചന നൽകിയത്.