ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന വേഗത്തിൽത്തന്നെ ജഡ്ജിമാരെയും നിയമിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായി സുപ്രീംകോടതി.

To advertise here,

തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കാൻ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമം ചോദ്യംചെയ്യുന്ന ഹർജികളിലെ വാദത്തിനിടെയാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചിന്റെ വാക്കാലുള്ള പരാമർശം.

പുതിയ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്നതിനെതിരായ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിന് തൊട്ടുമുൻപ്‌ തിടുക്കത്തിൽ നിയമനം നടത്തിയെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ വാദിച്ചപ്പോഴാണ് കോടതിയുടെ പരാമർശം. ഹർജികളിൽ അടുത്തയാഴ്ചയും വാദം തുടരും.

2024 മാർച്ച് 13-ന് 200 പേരുടെ ചുരുക്കപ്പട്ടിക പ്രതിപക്ഷനേതാവിന് നൽകിയെങ്കിലും തൊട്ടടുത്തദിവസമാണ് കമ്മിഷണർമാരെ തിരഞ്ഞടുത്തതെന്നും എങ്ങനെയാണ് പ്രതിപക്ഷനേതാവിന് ഒറ്റദിവസം കൊണ്ട് അത്രയും പേരുകൾ പരിശോധിക്കാനാവുകയെന്നും ഹൻസാരിയ ചോദിച്ചു. എന്നാൽ, ഈ വാദം കോടതി അംഗീകരിച്ചില്ല.

ബിൽ പാസാക്കിയപ്പോൾ വലിയൊരുവിഭാഗം പ്രതിപക്ഷ എം.പി.മാർ സസ്പെൻഷനിലായിരുന്നുവെന്നും ഹർജിക്കാർ വാദിച്ചു.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഭരണഘടനയുടെ അടിസ്ഥാന ഘടകമാണെന്ന് 1975-ൽ ഇന്ദിരാഗാന്ധിയും രാജ് നാരായണനും തമ്മിലുള്ള കേസിൽ സുപ്രീംകോടതി വിധിച്ചതാണെന്ന് പൊതുപ്രവർത്തകനായ സി.ആർ. നീലകണ്ഠനുവേണ്ടി അഡ്വ. കാളീശ്വരം രാജ് ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുക്കപ്പെട്ടവരുടെ സ്വേച്ഛാധിപത്യമെന്ന് കോടതി 
ചീഫ് ജസ്റ്റിസിനെയും ഉൾപ്പെടുത്തിയുള്ള നിയമനസമിതിയെ വെച്ചുകൊണ്ട് 2023-ൽ സുപ്രീംകോടതി ഉത്തരവിടും വരെ എന്തുകൊണ്ടാണ് പാർലമെന്റ് നിയമമൊന്നുമുണ്ടാക്കാതിരുന്നതെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. കമ്മിഷന്റെ നിഷ്പക്ഷതയ്ക്കായുള്ള നിയമമില്ലാത്തതിനെ എല്ലാ സർക്കാരുകളും മുതലെടുക്കുകയായിരുന്നുവെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടവരുടെ സ്വേച്ഛാധിപത്യമെന്ന് ഇതിനെ വിശേഷിപ്പിക്കാമെന്ന് ജസ്റ്റിസ് ശർമ പറഞ്ഞു. ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യമെന്ന് ജസ്റ്റിസ് ശർമയും കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിരിക്കുമ്പോൾ വാതോരാതെ പറയുകയും അധികാരത്തിലെത്തുമ്പോൾ അതു മറക്കുകയും ചെയ്യുന്നുവെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞപ്പോൾ, ദൗർഭാഗ്യകരമെന്ന് അഭിപ്രായപ്പെട്ട് കോടതിയും യോജിച്ചു.