ഗുവാഹത്തി: ദേശീയ സുരക്ഷാ നിയമം ചുമത്തി അസം പരിസ്ഥിതി-ഭൂമി അവകാശ പ്രവർത്തകൻ പ്രണബ് ദോലെയെ തടങ്കലിൽവെച്ച നടപടി ഗുവാഹത്തി ഹൈക്കോടതി വെള്ളിയാഴ്ച റദ്ദാക്കി. കാസിരംഗ ദേശീയോദ്യാനത്തിനു സമീപം ആഡംബര ഹോട്ടൽ നിർമിക്കുന്നതിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു അസം സർക്കാർ ദോലെയ്ക്കെതിരെ എൻഎസ്എ ചുമത്തിയത്.
ജൂലൈ 29-ന് ദോലെയ്ക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അതിന് തൊട്ടുമുമ്പ്, ജൂലൈ 28-ന് സർക്കാർ ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചതോടെ ജയിലിൽനിന്ന് പുറത്തിറങ്ങാനായില്ല.
സംസ്ഥാനത്തിനെതിരെ വിദ്വേഷം വളർത്തുക, വിവിധ സമുദായങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കാൻ പ്രേരിപ്പിക്കുക, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ദോലെയ്ക്കെതിരെ 13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ അറിയിച്ചത്. സംസ്ഥാന സുരക്ഷയ്ക്കും പൊതുസമാധാനത്തിനും ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ തടയുന്നതിനായി എൻഎസ്എ പ്രകാരം തടങ്കലിൽ വെക്കേണ്ടത് അനിവാര്യമാണെന്നും ആഭ്യന്തര വകുപ്പ് നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു.
ജൂൺ 28-ന് കാസിരംഗയ്ക്ക് സമീപമുള്ള ഇംഗിൾ പഥാർ ഗ്രാമത്തിൽ ഹോട്ടൽ പദ്ധതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് ജൂലൈയിൽ ദോലെയെ അറസ്റ്റ് ചെയ്തത്. പ്രദേശവാസികളും പ്രവർത്തകരും ചേർന്നായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധത്തിനിടെ ദോലെയും ഒപ്പമുള്ളവരും ആസൂത്രിതമായ നീക്കത്തിലൂടെ, മാരകായുധങ്ങളുമായി നിർമാണസ്ഥലത്ത് അതിക്രമിച്ചുകയറിയെന്നാണ് എഫ്ഐആറിൽ പറയുന്നത് . അവിടെയുണ്ടായിരുന്ന സിമന്റ് മിക്സറിന് തീയിടാൻ ശ്രമിച്ചെന്നും 12 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽപ്പിച്ചെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്നും ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചെന്നും പൊലീസ് ആരോപിച്ചിരുന്നു.
എന്നാൽ, ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ അഡീഷണൽ സെഷൻസ് ജഡ്ജി നൂർ മുഹമ്മദ് അബ്ദുല്ല അഹമ്മദ് വ്യത്യസ്തമായ നിരീക്ഷണങ്ങളാണ് നടത്തിയത്. പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള ആശങ്കകളിൽനിന്നാണ് തർക്കം ഉടലെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിസ്ഥിതി സംരക്ഷണവും തദ്ദേശീയ ജനതയുടെ അതിജീവനവും പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്ന വിഷയങ്ങളിൽ, പ്രദേശവാസികളുടെ ആശങ്കകളെ അടിച്ചമർത്താൻ ക്രിമിനൽ നിയമസംവിധാനത്തെ ഉപയോഗിക്കരുതെന്നും അദ്ദേഹം നിരീക്ഷിച്ചു. പ്രതിഷേധിക്കുന്നവരെ നിശ്ശബ്ദരാക്കുന്നതിലൂടെയല്ല, അവരുടെ ആശങ്കകൾ പരിഗണിച്ചാണ് യഥാർഥ പൊതുസമാധാനം ഉറപ്പാക്കേണ്ടതെന്നും ജാമ്യ ഉത്തരവിൽ അദ്ദേഹം വ്യക്തമാക്കി.
Published: 06 Nov 2026, 03:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented