ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് കമ്മിഷണർമാരെയും നിയമിക്കുന്ന പ്രക്രിയയിൽ സർക്കാർ അമിതമായി സ്വാധീനം ചെലുത്തുന്നുവെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ‘മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരും (നിയമനം, സേവന വ്യവസ്ഥകൾ, കാലാവധി) നിയമം, 2023’-ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ നിരീക്ഷണം നടത്തിയത്.

To advertise here,

നിലവിലെ നിയമപ്രകാരം പ്രധാനമന്ത്രി, പ്രധാനമന്ത്രി ശുപാർശ ചെയ്യുന്ന ഒരു കേന്ദ്രമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിശ്ചയിക്കുന്നത്. ഈ സമിതിയിൽ തീരുമാനങ്ങൾ 2:1 എന്ന ഭൂരിപക്ഷത്തിലായിരിക്കും എടുക്കുക. 

ഇത്തരം സമിതികളുടെ ഘടന പരിശോധിക്കുമ്പോൾ തീരുമാനങ്ങൾ എടുക്കുന്നത് ഫലത്തിൽ എക്സിക്യൂട്ടീവ് (ഭരണകൂടം) തന്നെയാണെന്ന് ജസ്റ്റിസ് ദത്ത ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി പ്രധാനമന്ത്രിയുടെ നിലപാടിൽനിന്ന് വിഭിന്നമായ ഒരു അഭിപ്രായം രേഖപ്പെടുത്താൻ സാധ്യതയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. 

നിയമനങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായാൽപോലും പ്രതിപക്ഷ നേതാവിന് സർക്കാരിനെ പിന്തുണയ്ക്കുന്ന സാഹചര്യം ഉണ്ടാകില്ലേ എന്ന് കോടതി ആരാഞ്ഞു. ഇത്തരം നിയമനങ്ങളിൽ എക്സിക്യൂട്ടീവിന് ഒരു 'വീറ്റോ' അധികാരം ലഭിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

പാർലമെന്റിന് നിയമനിർമാണത്തിന് അധികാരമുണ്ടെങ്കിലും അവ വ്യാഖ്യാനിക്കാനുള്ള അന്തിമ അധികാരം സുപ്രീം കോടതിക്കാണെന്നും ബെഞ്ച് ഓർമിപ്പിച്ചു. നേരത്തെ, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതി കമ്മിഷണർമാരെ നിയമിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും പുതിയ നിയമത്തിലൂടെ സർക്കാർ ചീഫ് ജസ്റ്റിസിനെ സമിതിയിൽനിന്ന് ഒഴിവാക്കുകയായിരുന്നു. ഇതേ വിഷയത്തിലുള്ള ഹർജികൾ പരിഗണിക്കുന്നതിൽനിന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേരത്തെ പിന്മാറിയിരുന്നു.