ഡൽഹി: രാജ്യതലസ്ഥാനത്ത് ബിഎസ്-6 വാഹനങ്ങൾ മാത്രം മതിയെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്. വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

To advertise here,

വായുമലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. അതേസമയം, ബിഎസ്-6 നിലവാരത്തിൽ താഴെയുള്ള വാഹനങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.

മലിനീകരണ നിയന്ത്രണ നടപടികളിൽ അയൽസംസ്ഥാനങ്ങൾ സജീവ ഇടപെടൽ നടത്താത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇനി വാദംകേൾക്കുന്ന സമയത്ത് അയൽസംസ്ഥാനങ്ങളിലെ അഡ്വക്കറ്റ് ജനറൽമാർ നേരിട്ട് ഹാജരാകണമെന്നും മലിനീകരണം കുറയ്ക്കാൻ ചെയ്ത കാര്യങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.

2025 ഡിസംബർ 17-ലെ കോടതി ഉത്തരവിൽ, ഡീസൽ വാഹനങ്ങൾക്ക് 10 വർഷവും പെട്രോൾ വാഹനങ്ങൾക്ക് 15 വർഷവും കഴിഞ്ഞെന്ന കാരണത്താൽ മാത്രം ഇത്തരം വാഹനങ്ങൾക്കെതിരെ നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്നുണ്ടായിരുന്നു. ബിഎസ്-4 നിലവാരത്തിൽ താഴെയുള്ള വാഹനങ്ങൾക്കെതിരെ നടപടിയുണ്ടാകും.

മുൻപും വാഹനങ്ങൾ കാരണം വായുമലിനീകരണം വർധിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നവംബർ ആറിന് സുപ്രീംകോടതി ഇത് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ സർക്കാരുകളോടും ഡൽഹി പൊലീസിനോടും മുനിസിപ്പൽ കോർപ്പറേഷനോടും വാഹനങ്ങളുടെ മലിനീകരണ പരിശോധന, പിയുസി സർട്ടിഫിക്കറ്റ് പരിശോധന എന്നിവ നടത്താനും പഴക്കമേറിയ വാഹനങ്ങൾ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കാനും ഇവയുടെ റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിരുന്നു. കൂടാതെ, ഡൽഹിയിലേക്കുള്ള വാഹന ഗതാഗത നിയന്ത്രണം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.