മലിനീകരിക്കപ്പെട്ട വായുവുമായി നിരന്തരം സമ്പർക്കത്തിലാകുന്നത് ടൈപ്പ് 2 ഡയബറ്റിസ് സാധ്യത കൂട്ടുമെന്ന് പഠനം. ജേർണൽ ഓഫ് വാസ്കുലാർ ഡിസീസസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്. വായുമലിനീകരണം ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നതെന്നും ടൈപ്പ് 2 ഡയബറ്റിസ് സാധ്യത 10 മുതൽ 16ശതമാനം വരെ വർധിപ്പിക്കുമെന്നും പഠനം പറയുന്നു.
ഏഷ്യ, ലാറ്റിൻ അമേരിക്ക, ഓസ്ട്രേലിയ, നോർത്ത് അമേരിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള 200 ദശലക്ഷം പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഏഷ്യയിലെ ഉയർന്നതോതിൽ മലിനീകരിക്കപ്പെട്ട ഭാഗങ്ങളെ പാശ്ചാത്യരാജ്യങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്തു. തുടർന്നാണ് പുതുതായി സ്ഥിരീകരിക്കുന്ന പ്രമേഹങ്ങളും വായുമലിനീകരണവും തമ്മിൽ ബന്ധമുണ്ടെന്നു കണ്ടെത്തിയത്. അന്തരീക്ഷത്തിലെ സൂക്ഷ്മ മാലിന്യ കണങ്ങളുടെ അളവ് ക്യൂബിക് മീറ്ററിന് 10 മൈക്രോഗ്രാം വീതം വർധിക്കുന്നതിന് അനുസരിച്ച് പ്രമേഹ സാധ്യത 10% മുതൽ 16% വരെ വർധിക്കുന്നുവെന്ന് പഠനം പറയുന്നു.
അന്തരീക്ഷമലിനീകരണത്തെ പാരിസ്ഥിതിക പ്രശ്നമോ, ശ്വാസകോശ സംബന്ധമായ പ്രശ്നമോ മാത്രമായി കണക്കാക്കരുതെന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന് പഠനത്തിന്റെ രചയിതാവായ ഡോ. അനൂപ് മിശ്ര പറഞ്ഞു. ഹൃദയം, വൃക്ക, മെറ്റബോളിക് ആരോഗ്യം തുടങ്ങിയവയെയും വായുമലിനീകരണം ബാധിക്കുന്നുണ്ട്. പ്രമേഹ പ്രതിരോധത്തിൽ വായുമലിനീകരണത്തെ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രമേഹത്തിന്റെ കാര്യമെടുക്കുമ്പോൾ ഡയറ്റിങ്, വ്യായാമം, സ്ക്രീനിങ് മുതലായവ മാത്രമാണ് മിക്കപ്പോഴും കണക്കിലെടുക്കാറുള്ളത്. എന്നാൽ പ്രമേഹ അപകടസാധ്യത കുറയ്ക്കാൻ വായുമലിനീകരണത്തെ കൂടി കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഹാരരീതിയും വ്യായാമവുമൊക്കെ വ്യക്തികൾക്ക് മാറ്റം വരുത്താൻ കഴിയുന്ന കാര്യങ്ങളാണ്. എന്നാൽ അന്തരീക്ഷമലിനീകരണം അത്തരത്തിൽ അല്ലാത്തതിനാൽ കൂടുതൽ കരുതലോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വായുമലിനീകരണം കൂടുമ്പോൾ സൂക്ഷ്മ മാലിന്യ കണങ്ങൾ ശ്വാസകോശത്തിലേക്കും രക്തത്തിലേക്കും പ്രതിരോധസംവിധാനത്തിലേക്കും പ്രവേശിക്കും. ഇത് ശരീരത്തിൽ വീക്കത്തിനുള്ള സാധ്യത കൂട്ടുകയും അതുവഴി പ്രമേഹസാധ്യത കൂടുകയും ചെയ്യും. കൂടാതെ ഇവ ഓക്സിഡേറ്റീവ് സ്ട്രെസ്സിനും രക്തക്കുഴലുകൾ തകരാറിലാകാനും കാരണമാകും. ഇവയെല്ലാം ഇൻസുലിൻ പ്രതിരോധത്തിനുള്ള സാധ്യതയും പ്രമേഹസാധ്യതയും കൂട്ടും. ഓക്സിഡേറ്റീവ് സ്ട്രെസ്സും വീക്കവും പാൻക്രിയാസിനെ ബാധിക്കുകയും ഇതുവഴി ഇൻസുലിൻ ഉത്പാദനം തടസ്സപ്പെടുകയും ചെയ്യുന്നതും പ്രമേഹസാധ്യത കൂട്ടുമെന്നാണ് വിലയിരുത്തൽ.
ടൈപ്പ് 2 ഡയബറ്റിസ്
ഏറ്റവും സാധാരണമായി കാണുന്ന പ്രമേഹ വിഭാഗമാണിത്. ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയുന്നില്ല എന്നതാണ് ഇവിടെ സംഭവിക്കുന്നത്. ഇത് ഇൻസുലിൻ പ്രതിരോധം എന്നറിയപ്പെടുന്നു. കാലക്രമേണ, പാൻക്രിയാസിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വന്നേക്കാം. ജീവിതശൈലി പ്രശ്‌നങ്ങൾ, ജനിതക ഘടന, അമിതവണ്ണം എന്നിവ ഇതിന് കാരണമായേക്കാവുന്ന ഘടകങ്ങളാണ്.
Content Highlights: Study reveals air pollution may raise type 2 diabetes risk by 10-16%, affecting respiratory and metabolic health across various global regions.
Published: 12 Nov 2026, 01:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented