ന്യൂഡൽഹി: സിറ്റിങ് ജഡ്ജിമാർക്കെതിരെ രാഷ്ട്രീയ പ്രവർത്തകർ നടത്തുന്ന അപമാനകരമായ പരാമർശങ്ങൾ തടയാൻ മാർഗനിർദ്ദേശങ്ങൾ വേണമെന്ന് പൊതുതാൽപ്പര്യ ഹർജി. എന്നാൽ, രാഷ്ട്രീയ പാർട്ടികളെ അവരുടെ അജൻഡയിലുള്ള വിഷയങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് എങ്ങനെ തടയാനാകുമെന്ന് ജസ്റ്റിസ് വിക്രം നാഥ് ചോദിച്ചു. ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾ പാർലമെന്റിൽ ഉന്നയിച്ചുകൂടേയെന്നും കോടതി ആരാഞ്ഞു.

To advertise here,

സുപ്രീംകോടതിയിലേക്ക് രാഷ്ട്രീയക്കാർ മാർച്ച് നടത്തിയതുമായി ബന്ധപ്പെട്ട ഹർജിയും കോടതിയുടെ പരിഗണനയിലുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കോടതി വളപ്പിനുള്ളിൽ ഇത്തരം പ്രതിഷേധങ്ങളും മാർച്ചുകളും നടത്തുന്നത് നിയന്ത്രിക്കണമെന്നാണ് ആ ഹർജിയിലെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ വിഷയം പരിഗണിക്കുന്ന ബെഞ്ചിനു മുന്നിൽ നിലവിലെ ഹർജിയും എത്തിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെടെയുള്ള ജഡ്ജിമാർക്കെതിരെ രാഷ്ട്രീയ നേതാക്കൾ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ സമൂഹമാധ്യമ ഉള്ളടക്കങ്ങൾ സംബന്ധിച്ച് പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. കോടതിവിധികളെ വിമർശിക്കാൻ രാഷ്ട്രീയക്കാർക്ക് സ്വാതന്ത്രയമുണ്ട്. എന്നാൽ, വിധി പുറപ്പെടുവിച്ച ജഡ്ജിനെ ആക്ഷേപിക്കാനോ വ്യക്തിഹത്യ ചെയ്യാനോ ശ്രമിക്കരുതെന്നും അത് തടയാൻ മാർഗ നിർദ്ദേശങ്ങൾ വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.

‍പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി എന്നിവരെയാണ് ഹർജിയിൽ എതിർകക്ഷികളാക്കിയിരിക്കുന്നത്.